ഇന്ത്യൻ ഓഹരി ഇൻഡക്‌സുകളിലെ തളർച്ച പ്രദേശിക നിക്ഷേപകരെ മുൾ മുനയിലാക്കി. സിംഗപ്പുർ നിഫ്റ്റി ഫ്യൂച്ചറിൽ ഉടലെടുത്ത വിൽപന തരംഗമാണ് ബോംബെ സെൻസെക്‌സിനെയും നിഫ്റ്റി 50 യെയും സമ്മർദത്തിലാക്കിയത്. സെൻസെക്‌സ് 933 പോയന്റും നിഫ്റ്റി 287 പോയന്റും കഴിഞ്ഞ വാരം ഇടിഞ്ഞു.
ഏഷ്യൻ, യൂറോപ്യൻ ഓഹരി ഇൻഡക്‌സുകൾ തുടക്കത്തിൽ മികവ് കാണിച്ച വിവരം പുറത്തു വന്നിട്ടും ഇന്ത്യൻ മാർക്കറ്റിന് തകർച്ച പിടിച്ചു നിർത്താനായില്ല. അഞ്ച് ദിവസത്തെ തുടർച്ചയായ തളർച്ചക്ക് ഒടുവിൽ വെള്ളിയാഴ്ച ഊഹക്കച്ചവടക്കാരും ഫണ്ടുകളും ഷോട്ട് കവറിങിന് രംഗത്ത് ഇറങ്ങിയത് സൂചികയിൽ മുന്നേറ്റമുണ്ടാക്കിയെങ്കിലും ഇത് തിരിച്ചുവരവിന്റെ സൂചനയായി വിലയിരുത്താനാവില്ല.
വിദേശ ഫണ്ടുകൾ നിക്ഷേപകരായി രംഗത്തുള്ളത് പ്രതീക്ഷ പകരുന്നു. അതേസമയം സാങ്കേതികമായി വിപണി ദുർബലമാക്കുമെന്ന സൂചനകൾ അവരെ ബാധ്യതകൾ കുറക്കാൻ പ്രേരിപ്പിക്കാം. പ്രത്യേകിച്ച് മാർച്ച് സീരീസ് സെറ്റിൽമെന്റ് അടുത്ത പശ്ചാത്തലത്തിൽ. വിദേശ ഫണ്ടുകൾ 6994 കോടി രൂപയുടെ നിക്ഷേപം പിന്നിട്ട വാരം നടത്തി. തിങ്കളാഴ്ച മാത്രമാണ് അവർ വിൽപനക്കാരായത്. എന്നിട്ടും സൂചികയിലുണ്ടായ തകർച്ച വിലയിരുത്തിയാൽ വിപണിയുടെ വെയിറ്റേജ് ഊഹക്കച്ചവടക്കാരിലേക്ക് തിരിഞ്ഞതായി കാണാം. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 3597 കോടിയുടെ വിൽപന നടത്തി.
ബോംബെ സെൻസെക്‌സ് വാരാരംഭത്തിൽ 50,858 പോയന്റ് വരെ ഉയർന്ന ഘട്ടത്തിലാണ് വിപണിയെ വിൽപന സമ്മർദം പിടികൂടിയത്, ഇതോടെ സൂചിക 48,586 വരെ താഴ്ന്നു. ഈ അവസരത്തിൽ പുതിയ നിക്ഷേപകർ രംഗത്ത് എത്തിയത് തളർച്ചയിൽ നിന്ന് സെൻസെക്‌സിനെ ക്ലോസിങിൽ 49,858 ലേക്ക് കയറ്റി. ഈ വാരം സെൻസെക്‌സിന് 48,67-647,495 പോയന്റിൽ താങ്ങും 50,984 പോയന്റിൽ പ്രതിരോധവുമുണ്ട്.
മുൻവാരം വ്യക്തമാക്കിയത് ശരിവെച്ചുകൊണ്ട് നിഫ്റ്റി 14,600-15,400 റേഞ്ചിൽ നീങ്ങി. ഒരുവേള സൂചികയിൽ 14,350 ലേക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം നിഫ്റ്റി 14,744 പോയന്റിലാണ്. ഈ വാരം 14,379 ലെ സപ്പോർട്ട് നിലനിർത്തിയാൽ മാർച്ച് സീരീസ് സെറ്റിൽമെന്റ് വേളയിൽ 15,080 ൽ ഇടം കണ്ടത്താൻ ഇടയുണ്ട്. എന്നാൽ ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ നിഫ്റ്റി 14,014 ലേക്ക് പരീക്ഷണങ്ങൾ നടത്താം.
ബിഎസ്ഇയിൽ വാരാന്ത്യ ദിനം ആർ ഐ എൽ, ടാറ്റാ മോട്ടേഴ്‌സ്, എസ് ബി ഐ, എയർടെൽ, ഐറ്റിസി തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. എൻ എസ് ഇ യിൽ എൻറ്റിപിസി, എച്ച് യു എൽ, ജെഎസ് ഡബ്ബിയു സ്റ്റീൽ തുടങ്ങിയവ നാല് ശതമാനം മുന്നേറി. വാരാന്ത്യ ദിനത്തിലെ ഷോട്ട് കവറിങ് തിരിച്ചുവരവിന് അവസരം ഒരുക്കി.
ഡോളറിന് മുന്നിൽ രൂപ കരുത്തു കാണിച്ചു. ഈ മാസം ഏഷ്യൻ കറൻസികളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഇന്ത്യൻ രൂപയാണ്. ഓഹരി സൂചികയിലെ തകർച്ചക്ക് ഇടയിലും രൂപയുടെ മൂല്യം 72.71 ൽ നിന്ന് 72.46 ലേയ്ക്ക് ശക്തി പ്രാപിച്ചു.
ക്രൂഡ് ഓയിൽ വിലയിൽ സാങ്കേതിക തിരുത്തൽ. ഫണ്ടുകൾ ലാഭമെടുപ്പിന് രംഗത്ത് ഇറങ്ങിയതോടെ ബാരലിന് 69 ഡോളറിൽ നിന്ന് എണ്ണ വില 64 ഡോളറായി. കഴിഞ്ഞ മാസം 55 ഡോളറിൽ ഉടലെടുത്ത ബുൾ തരംഗം എണ്ണ വിപണിയെ 71 ഡോളർ വരെ ഉയർത്തിയിരുന്നു.
കോവിഡ് ഭീതിയിൽ ഇന്ത്യൻ മാർക്കറ്റ് തകർന്ന് അടിഞ്ഞതിന്റെ ഒന്നാം വാർഷികമാണ്. കഴിഞ്ഞ മാർച്ചിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് സെൻസെക്‌സ് ഏതാണ്ട് 90 ശതമാനം മുന്നേറി. വൻ പ്രതിസന്ധിക്കിടയിലും ശക്തമായ തിരിച്ചുവരവിന് അവസരം ഒരുക്കിയത് വിദേശ ഫണ്ടുകളാണ്. ഈ മാസം മാത്രം ഇതിനകം 2.9 ബില്യൺ ഡോളർ വിദേശ നിക്ഷേപമെത്തി. ഈ വർഷത്തെ മൊത്തം വിദേശ നിക്ഷേപം എട്ട് ബില്യൺ ഡോളറാണ്. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ശക്തമായത് ആശങ്കയോടെയാണ് വിപണി വീക്ഷിക്കുന്നത്. അതേസമയം ആഗോള സാമ്പത്തിക രംഗം അതിവേഗം പ്രതിസന്ധികളെ മറികടക്കുമെന്നത് യുഎസ് യൂറോപ്യൻ വിപണികൾ നേട്ടമാക്കാം.