അഞ്ചു വർഷം കൂടുമ്പോഴുള്ള ഭരണ മാറ്റമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്തെ പതിവു കാഴ്ച. ഒരു മുന്നണിക്കും തുടർഭരണം നൽകാൻ കേരളത്തിലെ വോട്ടർമാർ സമ്മതിക്കാറില്ല. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലായി കേവലം അഞ്ച് ശതമാനത്തിൽ താഴെയാണെങ്കിലും അഞ്ചു വർഷത്തിൽ കൃത്യമായി മുന്നണി ഭരണം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന ഭരണത്തിൽ കുത്തക അവകാശപ്പെടാൻ ഒരു പാർട്ടിക്കും മുന്നണിക്കും കഴിയാറില്ല. ഇത് രാഷ്ട്രീയ പാർട്ടികൾക്ക് ആത്മവിമർശനത്തിനുള്ള സൗകര്യമൊരുക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഇത്തവണ കേരളത്തിൽ തുടർഭരണം ഉറപ്പാക്കുമെന്ന പ്രഖ്യാപനവുമായാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി രംഗത്തിറങ്ങിയിട്ടുള്ളത്. വാർധക്യ പെൻഷൻ അടക്കമുള്ള ക്ഷേമ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയതും പ്രളയത്തെയും നിപയെയും കോവിഡിനെയും മികച്ച രീതിയിൽ പ്രതിരോധിക്കാനായതും കോവിഡ് കാലത്ത് പട്ടിണി മാറ്റാനായി സൗജന്യ ഭക്ഷ്യ കിറ്റുകൾ മാസങ്ങളായി വിതരണം ചെയ്യുന്നതുമെല്ലാം വോട്ടായി മാറുമെന്ന പ്രതീക്ഷ എൽ.ഡി.എഫ് വെച്ചു പുലർത്തുന്നുണ്ട്.
അഴിമതി ആരോപണങ്ങളും ശബരിമല വിശ്വാസ പ്രശ്‌നവുമൊക്കെയായി തുടർഭരണ സാധ്യതക്ക് തടയിടാനുള്ള എല്ലാ ശ്രമങ്ങളും യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നുണ്ട്. വലിയ തോതിൽ വോട്ട് വാങ്ങി നിർണായക ശക്തിയായി മാറുകയെന്നതാണ് ബി.ജെ.പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തന്ത്രം.
എന്നാൽ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഭരണം നിലനിർത്തേണ്ടത് അവരുടെ രാഷ്ട്രീയമായ നിലനിൽപിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. മുൻ തെരഞ്ഞെടുപ്പുകളിലൊന്നും തന്നെ ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയെ അവർക്ക് നേരിടേണ്ടതായി വന്നിട്ടില്ല. ഭരണം നഷ്ടപ്പെട്ടാൽ ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുകയും അടുത്ത തെരഞ്ഞെടുപ്പ് ലാക്കാക്കി സംഘടനയെ ശക്തിപ്പെടുത്തുകയുമാണ് ചെയ്യാറുള്ളത്. ബംഗാളിലെ കനത്ത പരാജയമൊഴിച്ചാൽ രാഷ്ട്രീയമായ നിലനിൽപ് ഭീഷണി അവർക്ക് ഇക്കാലമത്രയും വലിയ തോതിൽ നേരിടേണ്ടി വന്നിട്ടില്ല.
ഇടതുമുന്നണിയിലെ ഘടക കക്ഷികൾക്ക് വലിയ ആശങ്കയുടെ കാര്യമില്ലെങ്കിലും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഇതല്ല സ്ഥിതി. പ്രധാനമായും രണ്ടു വെല്ലുവിളികളാണ് കേരളത്തിലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് നേരിടേണ്ടി വരുന്നത്. ഭരണം കൈവിട്ടാൽ രാജ്യത്ത് അവശേഷിക്കുന്ന സി.പി.എം നേതൃത്വത്തിലുള്ള ഇടത് സർക്കാർ കുറ്റിയറ്റു പോകുമെന്നതാണ് ആദ്യത്തെ കാര്യം. മൂന്ന് പതിറ്റാണ്ടിലേറെക്കാലം തുടർച്ചയായി അധികാരത്തിലിരുന്ന ബംഗാൾ സർക്കാർ വീണപ്പോഴും പാർട്ടി കുത്തക തകരില്ലെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ത്രിപുരയിൽ സർക്കാർ നിലംപതിച്ചപ്പോഴുമെല്ലാം സി.പി.എമ്മിന്റെ ഏക പ്രതീക്ഷ കേരളമായിരുന്നു. കേരളത്തിൽ പാർട്ടിക്കുണ്ടായിരുന്ന ശക്തമായ സ്വാധീനമാണ് ദേശീയ തലത്തിൽ രാഷ്ട്രീയമായി പിടിച്ചുനിൽക്കുന്നതിനും മോഡി സർക്കാരിനെതിരായി ശക്തമായ നിലപാടുകൾ കൈക്കൊള്ളുന്നതിനും സി.പി.എമ്മിന് സഹായകമായത്.
കേരളത്തിൽ മാത്രമാണ് ഇപ്പോൾ ഭരണമുള്ളതെങ്കിലും സി.പി.എമ്മിന്റെ നിലപാടുകൾക്ക് ഇപ്പോഴും ദേശീയ രാഷ്ട്രീയത്തിൽ പിന്തുണ ലഭിക്കുന്നുണ്ട്. രാജ്യത്ത് കോൺഗ്രസ് ദുർബലമായിക്കൊണ്ടിരിക്കുകയും ബി.ജെ.പി കൂടുതൽ സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചു മുന്നേറുകയും ചെയ്യുമ്പോൾ ഒരു ദേശീയ പ്രതിപക്ഷ ബദലിന് സി.പി.എമ്മിന്റെ പങ്കാളിത്തം അനിവാര്യമാണെന്ന കണക്കുകൂട്ടലുമുണ്ട്. കേരളത്തിൽ തുടർഭരണം ഇല്ലാതായാൽ ഇത്തരത്തിലുള്ള രാഷ്ട്രീയ സാധ്യതകൾക്കെല്ലാം വലിയ കോട്ടമുണ്ടാകുമെന്നതാണ് രണ്ടാമത്തെ വലിയ വെല്ലുവിളി.
ഇപ്പോൾ തെരഞ്ഞടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ ഇത്തവണയും സി.പി.എമ്മിന്റെ സ്ഥിതി പരിതാപകരമാണ്. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പിൽ കാഴ്ചക്കാരന്റെ റോളാണ് സി.പി.എം അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾക്ക് ഇവിടെയുള്ളത്. എന്നാൽ സ്ഥിതി അൽപം മെച്ചപ്പെടാനുള്ള അനുകൂല സാഹചര്യം ബംഗാളിലുണ്ടെന്നാണ് സി.പി.എം നേതാക്കളുടെ വിലയിരുത്തൽ. കേരളത്തിൽ തുടർഭരണത്തിലൂടെ ചരിത്രം സൃഷ്ടിക്കാനായാൽ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പ്രസക്തി വളരെയധികം വർധിക്കും. മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് വലിയ രീതിയിൽ പിന്നോക്കം പോകുന്ന സാഹചര്യത്തിൽ ബി.ജെ.പിയെ ഫലപ്രദമായി തടയാൻ സി.പി.എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മാത്രമേ കഴിയൂവെന്ന സന്ദേശം രാജ്യത്തിന് നൽകാനും ഇതിലൂടെ സാധിക്കും.
ഇപ്പോഴത്തെ സാഹചര്യത്തിൽ ചില പ്രാദേശിക പാർട്ടികൾ മാത്രമാണ് ബി.ജെ.പിക്കെതിരെ കൃത്യമായ അജണ്ടയുമായി രംഗത്തുള്ളത്. ദേശീയ തലത്തിൽ കോൺഗ്രസിന്റെ വെല്ലുവിളി അവസാനിച്ചതോടെ പ്രാദേശിക പാർട്ടികളെയും അവർ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകളെയും തങ്ങളുടെ വരുതിയിലെത്തിക്കുകയെന്നതാണ് ബി.ജെ.പി തന്ത്രം. അത് അവർ മികച്ച രീതിയിൽ നടപ്പാക്കുന്നുമുണ്ട്. എന്നാൽ ഇടതുപക്ഷ ശക്തികൾക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപപ്പ് നടക്കുന്നത്.
ബി.ജെ.പിക്കെതിരെ സ്വീകരിക്കുന്ന നിലപാടിലൂടെ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേരോട്ടമില്ലാത്ത പല സംസ്ഥാനങ്ങളിലും അടുത്ത കാലത്തായി സി.പി.എമ്മിനും സി.പി.ഐക്കുമെല്ലാം സംഘടന കെട്ടിപ്പടുക്കാൻ കഴിയുന്നുണ്ടെന്നത് അവരുടെ രാഷ്ട്രീയ നേട്ടമായി തന്നെ കാണേണ്ടതുണ്ട്. രാജസ്ഥാൻ, ബിഹാർ, ഹിമാചൽ പ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിൽ പുതുതായി ഇപ്പോൾ സി.പി.എമ്മിന് പ്രതിനിധികളുണ്ടെന്നത് വലിയ നേട്ടമായി തന്നെയാണ് സി.പി.എം കാണുന്നത്. ഈ സംസ്ഥാനങ്ങളിൽ സംഘടന കൂടുതൽ ശക്തിപ്പെടുത്താനും പാർട്ടിക്ക് യാതൊരു സ്വാധീനവുമില്ലാത്ത മറ്റു സംസ്ഥാനങ്ങളിൽ സംഘടന കെട്ടിപ്പടുക്കാൻ തീവ്രശ്രമങ്ങൾ നടത്താനുമാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേരളത്തിൽ തുടർഭരണം ലഭിക്കുന്നത് പാർട്ടിക്ക് ഇത്തരം പ്രവർത്തനങ്ങളിൽ വലിയ ആത്മവിശ്വാസം പകരുമെന്ന കാര്യത്തിൽ സംശയമില്ല.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് സി.പി.എം ദേശീയ നേതൃത്വത്തിന്റെ ദൗത്യം. ഇതിനായി ബി.ജെ.പി ഇതര വിശാല മുന്നണിക്ക് രൂപം നൽകുകയും അതിന് നേതൃത്വം വഹിക്കുകയും ചെയ്യുകയെന്ന ലക്ഷ്യവും സി.പി.എമ്മിനുണ്ട്.
നേരത്തെ യു.പി.എ സർക്കാരിന് പുറത്ത് നിന്ന് പിന്തുണ നൽകിക്കൊണ്ട് ദേശീയ തലത്തിൽ പാർട്ടി വഹിച്ച നിർണായകമായ ഇടപെടൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ബംഗാളിലെ കനത്ത പരാജയത്തോടെ രാഷ്ട്രീയമായി വലിയ തിരിച്ചടി നേരിട്ടു. കേരളത്തിൽ ഇത്തവണ അധികാരത്തിൽ നിന്ന് പുറത്തായാൽ പാർട്ടിയുടെ ദേശീയ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടാകും. കേരളത്തിലെ അധികാരത്തിൽ ചവിട്ടി നിന്ന് വേണം സി.പി.എമ്മിന് മുന്നോട്ട് പോകാൻ. പൗരത്വ നിയമം നടപ്പാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കേന്ദ്ര സർക്കാർ ഉടൻ കടക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിനെതിരെ രാജ്യത്ത് ശക്തമായ ചെറുത്ത് നിൽപിന് സി.പി.എമ്മിന് രാഷ്ട്രീയമായ ബാധ്യതയുണ്ട്. ഇടതുപക്ഷത്തിന് മാത്രമേ ബി.ജെ.പിയെ രാഷ് ട്രീയമായി ചെറുക്കാൻ കഴിയൂവെന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും അതിലൂടെ വലിയ രാഷ്ട്രീയ നേട്ടം കൈവരിക്കുന്നതിനും സി.പി.എമ്മിന് സാധിക്കും. കേരളത്തിൽ അധികാരം കൈയിലില്ലെങ്കിൽ ഇതൊന്നും എളുപ്പമല്ലെന്ന് സി.പി.എം നേതൃത്വത്തിനറിയാം.
കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ബി.ജെ.പിക്ക് തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ വോട്ട് ഷെയറിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വർധനയാണ്. ബി.ജെ.പി കേരളത്തിൽ ഒരു നിർണായക ശക്തിയാകുന്നത് ചെറുക്കേണ്ട ബാധ്യത സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിനാണ്. അധികാരം നഷ്ടപ്പെടുന്നത് ഈ ചെറുത്തുനിൽപിനെ ദുർബലമാക്കും. രാജ്യത്ത് കേരളത്തിൽ മാത്രം ഇപ്പോൾ അധികാരത്തിലുള്ള കമ്യൂണിസത്തിന്റെ പ്രസക്തി നഷ്ടപ്പെടാതിരിക്കാൻ തുടർഭരണം മാത്രമേ സി.പി.എമ്മിന് മുന്നിൽ പോംവഴിയുള്ളൂ.






