റിയാദ് - കൊറോണ വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും സൗദി അറേബ്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ആലി പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ച ശേഷം ഗര്‍ഭധാരണം നീട്ടിവെക്കേണ്ട ആവശ്യമില്ല. കൊറോണ വാക്‌സിനും രക്തം കട്ടപിടിക്കുന്നതും തമ്മില്‍ ബന്ധമില്ല. ബന്ധപ്പെട്ട ശാസ്ത്ര ഏജന്‍സികളും വകുപ്പുകളുമെല്ലാം ഈ വിവരങ്ങള്‍ ശരിയല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മുലയൂട്ടുന്ന വനിതക്കും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്‌സിന്‍ സ്വീകരിക്കുന്നത് മുലയൂട്ടുന്ന സ്ത്രീകളെയോ അവരുടെ കുഞ്ഞുങ്ങളെയോ ബാധിക്കില്ല. വാക്‌സിന്‍ സ്വീകരിക്കുന്നതിനു മുമ്പ് കൊറോണ പരിശോധന നടത്തേണ്ടതില്ല. വാക്‌സിന്‍ സ്വീകരിച്ച ശേഷം രക്തദാനം നീട്ടിവെക്കേണ്ട ആവശ്യവുമില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം സത്യവുമായി ബന്ധമില്ലാത്ത കിംവദന്തികള്‍ മാത്രമാണ്.