തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിനം ഇന്ന്. തിങ്കളാഴ്ച വൈകുന്നേരത്തോടെ അന്തിമ പോരാട്ടചിത്രം വ്യക്തമാകും. പിൻവലിക്കൽ സമയം അവസാനിച്ചാലുടൻ മുന്നണികളുടെ സ്വതന്ത്രർക്കും മറ്റ് സ്വതന്ത്രർക്കും ചിഹ്നം ലഭിക്കും.
140 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത് 1061 സ്ഥാനാർഥികളാണുള്ളത്. 140 മണ്ഡലങ്ങളിലായി 2180 നാമനിർദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. സൂക്ഷ്മ പരിശോധനയിൽ 1119 പത്രികകൾ തള്ളി.
തലശേരി, ഗുരുവായൂർ, ദേവികുളം എന്നീ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ പത്രികയും തള്ളിയതിനെതിരെ നൽകിയ ഹരജയിലും തിങ്കളാഴ്ച കോടതിവിധി പറയും.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 129 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഏറ്റവും കുറച്ചു സ്ഥാനാർഥികൾ മത്സരിക്കുന്നത് വയനാട് ജില്ലയിലാണ്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 20 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. കാസർകോട്-41, കണ്ണൂർ-82, കോഴിക്കോട്-117, പാലക്കാട്-80, തൃശൂർ-80, എറണാകുളം-110, ഇടുക്കി-29, കോട്ടയം-70, ആലപ്പുഴ-58, പത്തനംതിട്ട-44, കൊല്ലം-84, തിരുവനന്തപുരം-107 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ മത്സരരംഗത്തുള്ള സ്ഥാനാർഥികളുടെ എണ്ണം.






