പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് ഭരണത്തുടർച്ച ഉറപ്പാക്കണം -എൽ.ഡി.എഫ് കിഴക്കൻ പ്രവിശ്യ

ദമാമിൽ എൽ.ഡി.എഫ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽനിന്ന്. 

ദമാം - അഞ്ച് വർഷം കൊണ്ട് നിരവധി ക്ഷേമ പ്രവർത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിന് ഏറെ ഗുണപ്രദമായ നടപടികൾ കൈക്കൊണ്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് എൽ.ഡി.എഫ് കിഴക്കൻ പ്രവിശ്യ കമ്മിറ്റി ദമാമിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാട്ടിലെപ്പോലെതന്നെ പ്രവാസ ലോകവും ഈ തെരഞ്ഞെടുപ്പിൽ ആവേശപൂർവമാണ് പങ്കാളിത്തം വഹിക്കുന്നത്. നിരവധി ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തിയെങ്കിലും പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യമായ പ്രവാസി പെൻഷൻ 5000 രൂപയാക്കി ഉയർത്തുമെന്നും, പ്രായപരിധി കാരണം പ്രവാസി ക്ഷേമനിധിയിൽ ഉൾപ്പെടുത്താനാകാതെ പോയവരെ സാമൂഹ്യക്ഷേമ പെൻഷനിൽ ഉൾപ്പെടുത്തുമെന്നും പുതിയ പ്രകടനപത്രിക ഉറപ്പ് നൽകുന്നു. കൂടാതെ, വിവിധ രാജ്യങ്ങളിലെ പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന സർക്കാർ സംവിധാനമായി ലോകകേരളസഭയെ ശക്തിപ്പെടുത്തുമെന്ന വാഗ്ദാനത്തിലും പ്രവാസ ലോകം വലിയ പ്രതീക്ഷയിലാണ്. 


ജാതിമത ശക്തികളുടെ പാദസേവ ചെയ്തും, അഴിമതിയുടെ പാലാരിവട്ടം പാലങ്ങൾ പണിതും, മോശം ഭരണത്തിലൂടെ ജനജീവിതം ദുരിതത്തിലാക്കിയും കേരളത്തെ പിറകോട്ടടിച്ച ഉമ്മൻചാണ്ടി സർക്കാരിനോടുള്ള ജനങ്ങളുടെ വെറുപ്പാണ് ഇടതുപക്ഷ സർക്കാരിനെ 2016 ൽ അധികാരത്തിൽ എത്തിച്ചത്. ജനങ്ങളുടെ ആ പ്രതീക്ഷയോട് നീതി പുലർത്താൻ, പിണറായി വിജയൻ നയിച്ച മുന്നണി സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫ് പ്രകടന പത്രികയിലൂടെ നൽകിയ വാഗ്ദാനങ്ങളൊക്കെ, പാലിച്ചു എന്ന ഉറപ്പോടെയാണ്, ഇടതുപക്ഷം തുടർ ഭരണത്തിനായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സർക്കാരിന്റെ വികസന സ്പർശം ചെന്നെത്താത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തിൽ ഉണ്ടാവില്ലെന്നും ഇവർ അവകാശപ്പെട്ടു. 


രാഷ്ട്രീയ കാരണങ്ങളാൽ കേരളത്തോടുണ്ടായ കേന്ദ്രസർക്കാരിന്റെ അവഗണന, നിപ്പ, പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികളെല്ലാം വന്നിട്ടും, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഭവനം, പൊതുമരാമത്ത്, വ്യവസായം, സാമൂഹ്യക്ഷേമം, പ്രവാസി ക്ഷേമം എന്നിങ്ങനെ കേരളത്തിന്റെ സമസ്ത മേഖലകളിലും ഇന്നുവരെ കാണാത്ത വികസനത്തിന്റെ ഒരു പുതിയ സംസ്‌കാരമാണ് ഇടതു സർക്കാർ സൃഷ്ട്ടിച്ചത്. മുൻ സർക്കാരിനെ അപേക്ഷിച്ച് പ്രവാസി ക്ഷേമത്തിന് കൂടുതൽ ഫണ്ട് അനുവദിച്ചതും ഒട്ടേറെ പുതിയ നടപടികൾ എടുത്തതും ഇടതുപക്ഷ സർക്കാരിന്റെ പ്രവാസികളോടുള്ള കരുതലിനു തെളിവാണ്. പ്രവാസി ക്ഷേമ പെൻഷൻ വർധന, ഇൻഷുറൻസ് പരിരക്ഷ, കോവിഡ് കാലത്ത് മടങ്ങിപ്പോകാനാകാത്ത പ്രവാസികൾക്ക് 5000 രൂപ സഹായധനം, സൗജന്യമായ കോവിഡ് ടെസ്റ്റും ചികിത്സയും തുടങ്ങി ഒട്ടേറെ നല്ല കാര്യങ്ങൾ ഈ സർക്കാർ നടപ്പിലാക്കിയതായും ഇവർ പറഞ്ഞു.
കിഫ്ബിയിലൂടെ വികസനത്തിന് പണം കണ്ടെത്തിയതും, നൂറുകണക്കിന് വികസന പദ്ധതികൾ നടപ്പിലാക്കിയതും സർക്കാരിന്റെ നേട്ടങ്ങളാണ്. ഇതിന്റെയെല്ലാം അംഗീകാരമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം നൽകിയതെന്നും നേതാക്കൾ വ്യക്തമാക്കി. 


സമൂഹത്തിന്റെ നാനാമേഖലകളിൽ നിന്നുമുള്ള ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചാണ് ഇടതുമുന്നണി പുതിയ പ്രകടന പത്രിക പുറത്തിറക്കിയത്. ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. 20 ലക്ഷം അഭ്യസ്ഥവിദ്യർക്കു തൊഴിൽ നൽകുമെന്നും 15 ലക്ഷം ഉപജീവന തൊഴിലുകൾ സൃഷ്ടിക്കുമെന്നും, അഞ്ചു വർഷം കൊണ്ട് 15,000 സ്റ്റാർട്ട് ആപ്പുകൾകൂടി ആരംഭിക്കുമെന്നും, പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ലാഭത്തിലാക്കുമെന്നും, കേരളത്തെ ഇന്ത്യയിലെ ഇലക്രോണിക്, ഫാർമസ്യൂട്ടിക്കൽ ഹബ്ബാക്കുമെന്നും തുടങ്ങിയ മികച്ച നയപരിപാടികൾ പ്രകടനപത്രിക മുന്നോട്ടുവെക്കുന്നുണ്ട്. നടപ്പിലാക്കുന്ന കാര്യങ്ങൾ മാത്രമെ എൽ.ഡി.എഫ് ജനങ്ങളോട് പറയൂവെന്നും നേതാക്കൾ പറഞ്ഞു.  
ജാതി, മത, രാഷ്ട്രീയ പരിഗണനകൾ നോക്കാതെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച ഇടതുപക്ഷ സർക്കാരിന് തുടർഭരണം ലഭിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സൗദിയിൽ രൂപീകരിച്ച എൽ.ഡി.എഫ് കിഴക്കൻ പ്രവിശ്യ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചതായും നേതാക്കൾ അറിയിച്ചു. 


ദമാം, അൽകോബാർ, അബ്‌ഖൈഖ്, അൽഹസ, ഖത്തീഫ്, ജുബൈൽ, ഖഫ്ജി എന്നിവിടങ്ങളിൽ ഉൾപ്പെടെ മലയാളികൾ താമസിക്കുന്ന മുഴുവൻ പ്രദേശങ്ങളും ലേബർ ക്യാമ്പുകളും കേന്ദ്രീകരിച്ചു നോട്ടീസ് വിതരണം, ചെറുയോഗങ്ങൾ അടക്കമുള്ള നേരിട്ടുള്ള പ്രചാരണ പരിപാടികളും, ഫെയ്‌സ്ബുക്ക് ലൈവുകൾ, വാട്ട്‌സ്അപ്പ് ഗ്രൂപ്പുകൾ, സൂം മീറ്റിംഗുകൾ എന്നിങ്ങനെ വ്യാപകമായ സോഷ്യൽ മീഡിയ പ്രചാരണവും കമ്മിറ്റി നടത്തി വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0538859234, 0501664800, 0537521890, 0532657010, 0556755709 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാമെന്നും നേതാക്കൾ അറിയിച്ചു. ഇ.എം. കബീർ, പവനൻ മൂലക്കൽ (നവോദയ), ബെൻസി മോഹൻ, ഷാജി മതിലകം (നവയുഗം), ഹനീഫ അറബി, റഷീദ് കൊട്ടപ്പുറം (ഐ.എം.സി.സി) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 

Latest News