ചുവപ്പു കോട്ടയായി റാന്നി; ഇടത്തേക്കും  വലത്തേക്കും ചാഞ്ചാടി നാലു മണ്ഡലങ്ങൾ

പത്തനംതിട്ട - ജില്ലയിലെ മറ്റു നാലു മണ്ഡലങ്ങളും ഇടത്തേക്കും വലത്തേക്കും ചാഞ്ചാടിയപ്പോഴും കഴിഞ്ഞ കാൽനൂറ്റാണ്ടായി രാജു എബ്രഹാമിലൂടെ ചുവപ്പു കോട്ടയായി നിലനിന്ന മണ്ഡലമാണ് റാന്നി. 1996 ൽ കോൺഗ്രസിന്റെ പീലിപ്പോസ് തോമസിനെ തോൽപിച്ചു കയ്യടക്കിയ റാന്നി പിന്നീടിതു വരെ അരിവാൾ ചുറ്റിക നക്ഷത്രത്തോടല്ലാതെ മറ്റൊന്നിനോടും ആഭിമുഖ്യം കാട്ടിയിട്ടില്ല. എന്നാൽ രണ്ടു തവണ മത്സരിച്ച് ജയിച്ച് എം.എൽ.എ ആയവർ ഇനി മത്സരരംഗത്ത് വേണ്ട എന്ന സി.പി.എമ്മിന്റെ തീരുമാനം വന്നതോടെ അഞ്ചു തവണ റാന്നിയുടെ എം.എൽ.എയായ രാജു എബ്രഹാമിന്റെ പേര് ഇടതു മുന്നണി റാന്നിയിൽ നിന്നു വെട്ടിമാറ്റി. പത്തനംതിട്ട ജില്ലയിൽ ഒരു മണ്ഡലം തേടിയ പുതിയ സഖ്യകക്ഷിയായ കേരള കോൺഗ്രസിന് ഈ മണ്ഡലം വിട്ടുനൽകുകയും ചെയ്തു. ഇതോടെ 25 വർഷത്തിനിപ്പുറം വാശിയേറിയ ഒരു പോരാട്ടത്തിന് റാന്നി തയാറെടുത്തു കഴിഞ്ഞു.


87ലും 91ലും യു.ഡി.എഫ് തുടർച്ചയായി ജയിച്ച മണ്ഡലത്തിൽ നിന്ന് മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജു എബ്രഹാം ആദ്യമായി റാന്നിയുടെ എം.എൽ.എയാകുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 2011 ൽ 6614 വോട്ടിന്റെയും 2016 ൽ 14,596 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് രാജു എബ്രഹാം വിജയിച്ചത്. ക്‌നാനായ വിഭാഗക്കാരനായ രാജു എബ്രഹാമിന് മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളുമായുള്ള ബന്ധവും വ്യക്തിബന്ധങ്ങളും റാന്നി സ്വദേശി എന്ന മുൻതൂക്കവും തുടർച്ചയായ വിജയത്തിനു കാരണമായിട്ടുണ്ട്. പത്തനംതിട്ടയിലെ മറ്റെല്ലാ മണ്ഡലങ്ങളിലും ഒരോ തെരഞ്ഞെടുപ്പിലും കാറ്റ് മാറി മാറി വീശിയപ്പോഴും റാന്നിയിൽ ചെങ്കൊടി ശക്തമായി നിലയുറപ്പിച്ചപ്പോൾ ഇത്തവണ കൂടി രാജു എബ്രഹാമിന് ഇടതു മുന്നണി ഇളവു നൽകുമെന്നാണു പൊതുവേ പ്രതീക്ഷിച്ചത്. എന്നാൽ പ്രാദേശിക അണികളുടെയും നേതൃത്വത്തിന്റെയും താൽപര്യം മറികടന്ന് കേരള കോൺഗ്രസ്(എം)ന് സീറ്റ് നൽകുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം തന്നെ മണ്ഡലത്തിൽ ഉയർന്നിരുന്നു.


അതുവരെ സി.പി.എം സ്ഥാനാർഥിയെ പ്രതീക്ഷിച്ച റാന്നിക്ക് കേരള കോൺഗ്രസിന്റെ രംഗപ്രവേശം അപ്രതീക്ഷിത അടിയായി. യു.ഡി.എഫിൽ മാണി വിഭാഗം പല തവണ റാന്നിക്കു വേണ്ടി വാദിച്ചെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. ജോസ് കെ.മാണിയുടെ വിശ്വസ്തനും ജോസിന്റെ കേരള യാത്രയുടെ പ്രസംഗവേദിയിലെ തീപ്പൊരി പ്രസംഗികനുമായ പ്രമോദ് നാരായണനാണ് ഇത്തവണ റാന്നിയിൽ ഇടതു മുന്നണിയുടെ സ്ഥാനാർഥി. എസ്.എഫ്.ഐയിലൂടെ വന്ന് കോൺഗ്രസിൽ കാലുകുത്തി ഒടുവിൽ കേരള കോൺഗ്രസിലേക്കു ചേക്കേറിയ പ്രമോദ് നാരായണൻ സീറ്റ് കൈപ്പിടിയിലൊതുക്കി.


രാജു എബ്രഹാമിനു മുൻപ് എം. എൽ.എയായിരുന്ന എം.സി.ചെറിയാന്റെയും 2016 ൽ രാജു പരാജയപ്പെടുത്തിയ മറിയാമ്മ ചെറിയാന്റെയും മകനായ റിങ്കു ചെറിയാനെയാണ് കോൺഗ്രസ് ഇത്തവണ ഇവിടെ മത്സര രംഗത്തേക്ക് ഇറക്കിയിരിക്കുന്നത്. കാൽനൂറ്റാണ്ട് മുമ്പ് നഷ്ടപ്പെട്ട മണ്ഡലം പിടിച്ചെടുക്കാൻ നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്ന കെ.പി.സി.സി സെക്രട്ടറിയായ റിങ്കുവിനെ കോൺഗ്രസ് പരിഗണിച്ചത് അച്ഛന്റെ വിജയം മകനിലൂടെ ആവർത്തിക്കാമെന്ന കണക്കു കൂട്ടലിലാണ്. വോട്ടിലുണ്ടായ വർധനയിൽ കണ്ണുനട്ടിരിക്കയാണ് എൻ.ഡി.എ. 2011 ലെ തെരഞ്ഞെടുപ്പിനേക്കാൾ നാലിരട്ടി വോട്ടുകളാണ് 2016 ൽ എൻ.ഡി.എ സ്വന്തമാക്കിയത്. 


2011 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ. പി സ്ഥാനാർഥി സുരേഷ് കാദംബരി 7,442 വോട്ട് പിടിച്ചിരുന്നു. 2016 ൽ ബി.ഡി.ജെ.എസ് സ്ഥാനാർഥി കെ.പത്മകുമാർ അത് 28,201 ആക്കി ഉയർത്തി. വോട്ടു വർധനയിലെ പ്രതീക്ഷയിൽ കണ്ണു വെച്ച് ഇത്തവണയും പത്മകുമാറിനു തന്നെയാണ് സീറ്റ് എൻ.ഡി.എ നൽകിയത്. ശബരിമല നിലനിൽക്കുന്ന റാന്നി മണ്ഡലത്തിൽ വിവാദ വിധിക്കു ശേഷം വരുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് കൂടിയാണിതെന്ന പ്രത്യേകതയും എൻ.ഡി.എ എടുത്തുകാട്ടുന്നു. 2011 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പീലിപ്പോസ് തോമസിന് 51,777 വോട്ടാണു ലഭിച്ചത്. രാജു എബ്രഹാമിന് 58,391 വോട്ടും. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 358 വോട്ടാണ് രാജു എബ്രഹാമിന് അപ്പോൾ കൂടുതൽ ലഭിച്ചത്. 
ഭൂരിപക്ഷം വർധിപ്പിക്കാനായതു യു.ഡി.എഫ് വോട്ടിൽ വന്ന ചോർച്ചയാണ്. 2011 ലെ തെരഞ്ഞെടുപ്പിനേക്കാൾ 7624 വോട്ട് മറിയാമ്മ ചെറിയാന് കുറവാണു ലഭിച്ചത്. ഇത് ആവർത്തിക്കുമോ എന്ന ഭയവും യു.ഡി.എഫിലുണ്ട്.

 

Latest News