സാമൂഹിക മാധ്യമങ്ങളില്‍ പൊങ്കാല വേണ്ട- അണികളോട് സി.പി.എം

തിരുവനന്തപുരം- തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ എതിരാളികളെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കരുതെന്ന്  അണികളോട് സി പി എം നിര്‍ദേശം. മറ്റ് പാര്‍ട്ടികളെയോ അതിലെ നേതാക്കളെയോ 'ട്രോള്‍' വഴി ആക്ഷേപിക്കാനും പാടില്ല. കഴിഞ്ഞ ദിവസം ആലപ്പുഴ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി പുന്നപ്ര രക്തസാക്ഷി സ്മാരകം സന്ദര്‍ശിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് സാമൂഹികമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി കര്‍ശന നിര്‍ദേശം നല്‍കിയത്. ഈ വിഷയത്തില്‍ ചില സൈബര്‍ സഖാക്കള്‍ പൊങ്കാല തുടങ്ങിയുടന്‍ തന്നെ പിന്‍വലിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു.

പുതുപ്പളളിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ വീടിനു മുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കയറിയ സംഭവത്തെ സി പി എം നവമാധ്യമ ഗ്രൂപ്പുകള്‍ ട്രോളാക്കിയിരുന്നു. 'ഓട് നന്നാക്കാന്‍ യു ഡി എഫ്' എന്ന മട്ടില്‍ ട്രോളുകള്‍ പ്രചരിച്ചപ്പോള്‍ തന്നെ പിന്‍വലിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും പിന്നാലെ പോകാതെ വികസന പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനായി ജാഗ്രത കാട്ടണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം.

 

Latest News