Sorry, you need to enable JavaScript to visit this website.

മതമൗലികവാദികളും ഇടതുപക്ഷവും  കേരളത്തെ കശ്മീരാക്കി മാറ്റുന്നു-ബി.ജെ.പി എം.പി 

തിരുവനന്തപുരം- തീവ്ര മതമൗലികവാദികളും ഇടതുപക്ഷവും ചേര്‍ന്ന് ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തെ കാശ്മീരാക്കാന്‍ ശ്രമിക്കുന്നതായി ലഡാക് ബിജെപി അധ്യക്ഷന്‍ ജാം യാങ് സെറിംഗ് നങ്യാല്‍ എം പി. എന്‍ ഡി എ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പുനഃസൃഷ്ടിച്ച് ദൈവത്തിന്റെ നാടാക്കി മാറ്റുക എന്നതാണ് എന്‍ ഡി എ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെടുന്നത്. സ്പീക്കറും അര ഡസന്‍ മന്ത്രിമാരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ കോവിഡ് രോഗികളില്‍ 40 ശതമാനവും കേരളത്തിലാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാതെ രോഗം ഭേദമാകുന്നവരുടെ കണക്കാണ് സര്‍ക്കാര്‍ നിരത്തുന്നത്.
കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു. ക്രമസമാധാന നില പാടേ തകര്‍ന്നു. വാളയാര്‍ കേസ് അട്ടിമറിച്ചു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 32 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. പി എസ് സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം യഥേഷ്ടം നടക്കുന്നു. പി എസ് സി പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ച അനു എന്ന യുവാവ് ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായി.
മുന്‍ യു പി എ സര്‍ക്കാര്‍ നല്‍കാതിരുന്ന നിരവധി ആനുകൂല്യങ്ങളാണ് മോഡി സര്‍ക്കാര്‍ കേരളത്തിന് നല്‍കുന്നത്. കേരളത്തിന്റെ ദേശീയ പാതകളുടെ വികസനത്തിനായി 65,000 കോടി രൂപയാണ് നല്‍കിയത്. ഇപ്പോഴത്തെ ബജറ്റില്‍ കൊച്ചി മെട്രോക്കായി 1957 കോടിരൂപ നീക്കി വച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി 12,544 കോടി രൂപയും ദുരന്ത നിവാരണത്തിന് 1738 കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 607 കോടി രൂപയും നീതിന്യായ വകുപ്പിന് 405 കോടി രൂപയും ഉന്നതവിദ്യാഭ്യാസ രംഗത്തിന് 181 കോടി രൂപയും കൃഷിക്കായി 1856 കോടി രൂപയും സ്ഥിതിവിവര സമാഹരണത്തിന് 20 കോടി രൂപയും പ്രത്യേക സഹായമായി 1,100 കോടി രൂപയും അനുവദിച്ചു. 47 വര്‍ഷം കോള്‍ഡ് സ്‌റ്റോറേജിലിരുന്ന ആലപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യമാക്കി. കേന്ദ്രം നല്‍കുന്ന ധനസഹായം പലപ്പോഴും സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ല. ധാരാളം കേന്ദ്രപദ്ധതികളെ പേരുമാറ്റി സംസ്ഥാനത്തിന്റേതാക്കി നടപ്പാക്കുന്നു. ഇത് തരംതാണ രാഷ്ട്രീയമാണ്.
ലോകത്താകമാനം തകര്‍ന്ന തത്ത്വശാസ്ത്രമാണ് കമ്മ്യൂണിസം. ഇവിടെയും അതുതന്നെ സംഭവിക്കും. ആത്മനിര്‍ഭര്‍ ഭാരതിലൂടെ ഭാരതം കുതിക്കുകയാണ്. 42 രാജ്യങ്ങള്‍ക്കായി ഭാരതം കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ട പ്രദേശമായിരുന്നു ലഡാക്. മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എല്ലാ രംഗവും പുരോഗതിയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Latest News