ചവിട്ടിക്കൊന്നു, അമ്മ ഫിനിഷ് എന്ന് അയല്‍ക്കാരോട്.. ക്രൂരതയുടെ പര്യായമായ മകന് ജീവപര്യന്തം

തിരുവനന്തപുരം - അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും. പെരുമ്പഴുതൂര്‍ തൊഴുക്കല്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീലതയെ (44) കൊലപ്പെടുത്തിയ കേസില്‍ മോനു എന്നു വിളിക്കുന്ന മണികണ്ഠനെ (24) ആണ് നെയ്യാറ്റിന്‍കര അഡിഷനല്‍ ജില്ലാ കോടതി ജഡ്ജി എസ്. സുഭാഷ് ശിക്ഷിച്ചത്. 2018 ഒക്ടോബര്‍ നാലിന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു കൊലപാതകം.

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു കോടതി കണ്ടെത്തി.  മണികണ്ഠന്‍, ശ്രീലതയെ വീടിന്റെ മുന്നില്‍ തള്ളി വീഴ്ത്തിയ ശേഷം നെഞ്ചില്‍ ചവിട്ടുകയും വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി പ്രതിയുടെ അര്‍ധ സഹോദരി അന്നു പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതാണു നിര്‍ണായകമായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരാവയവങ്ങളില്‍ കണ്ടെത്തിയ പരുക്കുകളും മൊഴിയിലെ വിശ്വാസ്യത വര്‍ധിപ്പിച്ചു.

ശ്രീലത രണ്ടു തവണ വിവാഹിതയായിട്ടുണ്ട്. ഇതില്‍ ആദ്യ ഭര്‍ത്താവ് വിക്ടറിലുള്ള മകനാണ് മണികണ്ഠന്‍. ശ്രീലതയെ മര്‍ദ്ദിക്കുന്നതു കണ്ട രണ്ടാം ഭര്‍ത്താവ് രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും പ്രതി കിണറ്റില്‍നിന്നു വെള്ളം കോരുന്ന ഇരുമ്പ് ബക്കറ്റും വടിയും ഉപയോഗിച്ച് ആക്രമിച്ചതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും കോടതി കണ്ടെത്തി. ശ്രീലതയുടെ മരണ ശേഷം 'അമ്മ ഫിനിഷ്' എന്നു അയല്‍ക്കാരോട് വിളിച്ചു പറഞ്ഞുകൊണ്ടാണ് സംഭവ സ്ഥലത്തു നിന്നു പോയത്. ഇക്കാര്യം അയല്‍ക്കാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 

 

Latest News