ബംഗളൂരു- ചില സംസ്ഥാനങ്ങള്‍ നടപ്പിലാക്കുകയും മറ്റു ചില സംസ്ഥാനങ്ങള്‍ പരിഗണിക്കുന്നതുമായി ലവ് ജിഹാദ് നിയമത്തെ പിന്തുണച്ച് ആര്‍.എസ്.എസിന്റെ പുതിയ ജനറല്‍ സെക്രട്ടറി (സര്‍ക്കാരിവാഹ) ദത്താത്രേയ ഹൊസബാലെ.
കര്‍ണാടകയിലെ ശിവമോഗ സ്വദേശിയായ ദത്താത്രേയ ഹൊസബാലെയെ ബംഗളൂരുവില്‍ സമാപിച്ച അഖില ഭാരതീയ പ്രതിനിധി സഭയാണ് പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
പെണ്‍കുട്ടികളെ വിവാഹത്തിലേക്കും തുടര്‍ന്ന് മതപരിവര്‍ത്തനത്തിലേക്കും ആകര്‍ഷിക്കാന്‍ വഞ്ചനാപരമായ രീതികള്‍ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും അതിനെ എതിര്‍ക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെതിരെ അനുയോജ്യമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരേണ്ടതുണ്ടെന്നും അത്തരം നിയമങ്ങളെ ആര്‍എസ്എസ് പിന്തുണയ്ക്കുമെന്നും ഹൊസബാലെ പറഞ്ഞു.
എച്ച്.വി. ശേശാദ്രി, കെ.എസ്. സുദര്‍ശന്‍ എന്നിവര്‍ക്കുശേഷം കര്‍ണാടകയില്‍ നിന്ന് ആര്‍എസ്എസില്‍ പ്രധാന സ്ഥാനം വഹിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ഹൊസബാലെ.
എല്ലാ ആരോപണങ്ങളിലും ആര്‍എസ്എസിനെ കൊണ്ടുവരേണ്ട കാര്യമില്ലെന്ന്
സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി നടത്തിയ വിവാദ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. ആര്‍എസ്എസ് സമൂഹത്തില്‍ എന്തുതന്നെ ചെയ്താലും അത് എല്ലാവരുടേയും അറിവോടെ ആയിരിക്കും. ബിജെപിക്കുള്ള ആര്‍എസ്എസിന്റെ പിന്തുണ പ്രശ്‌നാധിഷ്ഠിതമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഹൊസബാലെ പറഞ്ഞു.
പ്രശ്‌നത്തെയും സാഹചര്യത്തെയും അടിസ്ഥാനമാക്കിയാണ് ആര്‍എസ്എസ് നിലപാട് സ്വീകരിക്കുക. ആര്‍എസ്എസിന്റെ നിലപാട് എല്ലായ്‌പ്പോഴും രാജ്യത്തിന്റെ മികച്ച താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്നും ആവശ്യാനുസരണം അത് പ്രകടിപ്പിക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി തന്റെ മന്‍ കി ബാത്തിലൂടെ എല്ലാവരോടും സംസാരിക്കുന്നുണ്ടല്ലോയെന്ന് അദ്ദേഹം ചോദ്യത്തിനു മറുപടി നല്‍കി.
സമൂഹത്തില്‍ ആവശ്യമുള്ളിടത്തോളം കാലം സംവരണം നിലനില്‍ക്കണമെന്നാണ് ആര്‍എസ്എസിന്റെ അഭിപ്രായം. സമൂഹത്തില്‍ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം സംവരണങ്ങള്‍ ആവശ്യമാണ്. ആര്‍എസ്എസ് അതോടു യോജിക്കുന്നു. ആര്‍എസ്എസ് ഒരു ദേശീയ സംഘടനയാണെന്നും മതസംഘടനയല്ലെന്നും യുവാക്കള്‍ കൂടുതലായി അതില്‍ ചേരുകയും അതിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ടെന്നും ഹൊസബാലെ പറഞ്ഞു.
ഇനിയുള്ള വര്‍ഷങ്ങളില്‍, കുടുംബ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും സാമൂഹിക ഐക്യം, പരിസ്ഥിതി, ജല സംരക്ഷണം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹൊസബാലെ പറഞ്ഞു.