തൃശൂർ - തേക്കിൻകാട് മൈതാനിയിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ സി.പി.എമ്മിന്റെ മുതിർന്ന നേതാവ് ബേബി ജോണിന് നേരെയുണ്ടായ അതിക്രമം ഗൗരവകരമാണെന്നും അന്വേഷിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് എം.പി വിൻെസന്റ്. പോലീസും ഇടതുമുന്നണിയുടെ നേതാക്കളും പ്രവർത്തകരും വളണ്ടിയർമാരും ഉൾപ്പെടെ നിരവധി പേർ ഒപ്പമുള്ളിടത്ത് മദ്യപിച്ചെത്തിയ ആൾ ബേബി ജോൺ പ്രസംഗിക്കുമ്പോൾ കയ്യേറ്റത്തിന് മുതിർന്നത് നിസാരമായി കാണാനാവില്ല. മുഖ്യമന്ത്രി കൂടി പങ്കെടുത്ത വേദിയാണെന്നതിനാൽ കർശന സുരക്ഷയും ഉണ്ടായിരുന്നു. പിടിയിലായ ആൾ മദ്യപിച്ചിരുന്നുവെന്നും ഇടത് സഹയാത്രികനാണെന്നും പറയുന്നതും ഗൗരവത്തിൽ തന്നെ കാണേണ്ടതുണ്ട്. മുതിർന്ന നേതാവ് കൂടിയായ ബേബി ജോണിന് ഗ്രൂപ്പ് വൈരത്തിൽ സീറ്റ് നിഷേധിച്ചതിൽ നിരവധി പ്രവർത്തകർക്ക് അമർഷമുണ്ട്. പാർട്ടിക്കുള്ളിലെ വിഭാഗീയത മറ നീക്കിയതാണോ ഇതെന്നതും കാണാതിരിക്കാനാവില്ല. അപകടകരമായ സൂചനകൂടിയാണ് പൊതുവേദിയിൽ സി.പി.എമ്മിലുണ്ടായിരിക്കുന്നത്. വിഷയത്തിൽ പോലീസും ഇടതുമുന്നണിയും ആത്മാർഥമായ പരിശോധനക്കും അന്വേഷണത്തിനും തയ്യാറാവണമെന്നും വിൻസെൻറ് ആവശ്യപ്പെട്ടു.






