രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ ജിദ്ദയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കാണാനെന്തുണ്ട് എന്നതായിരുന്നു പലരുടേയും ചോദ്യം. ലോകത്തെ ദൈർഘ്യമേറിയ ജലധാരയും കൊടിമരവും ചരിത്രമുറങ്ങുന്ന ബാബ്മക്കയുമെല്ലാമുണ്ടെങ്കിലും അതിഥികളെ വേണ്ട വിധം സൽക്കരിക്കാൻ ഇതൊന്നും മതിയാവുന്നില്ലെന്നായിരുന്നു പലരുടേയും ആശങ്ക. നാൽപത് ലക്ഷം ജനങ്ങൾ അധിവസിക്കുന്ന നഗരത്തിൽ പല രാജ്യക്കാരായ പ്രവാസികളുണ്ട്. പുണ്യകേന്ദ്രങ്ങളായ മക്കയുടേയും മദീനയുടേയും പ്രവേശന കവാടമാണ് ജിദ്ദ. നഗരവാസികളിൽ ഭൂരിഭാഗവും പെരുന്നാൾ ആഘോഷ വേളകളിലും ദേശീയ ദിനത്തിലും കരിമരുന്ന് പ്രയോഗം കണ്ട് രസിക്കാൻ കൂടിയിരുന്ന ചെങ്കടലിന്റെ തീരമാണ് മഹാനഗരത്തിന്റെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയത്. പ്രവാസി കുടുംബങ്ങൾ വാരാന്ത്യങ്ങളിലും കൂട്ടമായി നോമ്പ് തുറക്കാനും സംഗമിച്ചിരുന്ന ജിദ്ദ കോർണിഷിന്റെ മുഖഛായ മാറി. ഏത് അതിഥിയേയും അന്തസ്സോടെ ക്ഷണിച്ചു കൊണ്ടു ചെന്ന് കാണിക്കാൻ പാകത്തിലുള്ള വിശ്രമ കേന്ദ്രമായി കടൽ തീരം മാറിയിരിക്കുന്നു.
നാലര കിലോമീറ്റർ നീളത്തിൽ 7,30,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്രദേശത്താണ് 80 കോടി റിയാൽ ചെലവഴിച്ച് കോർണിഷ് വികസന പദ്ധതിയുടെ നാലും അഞ്ചും ഘട്ടങ്ങൾ നടപ്പാക്കിയത്. സൗദിയിലെ ഏറ്റവും നീളം കൂടിയ നടപ്പാലവും 120 ടോയ്‌ലറ്റുകളും മൂവായിരം കാറുകൾക്ക് വിശാലമായ പാർക്കിംഗുകളും കോർണിഷ് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ചു.
ജിദ്ദ കോർണിഷ് വികസന പദ്ധതി നാലും അഞ്ചും ഘട്ടങ്ങൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരനാണ് ഉദ്ഘാടനം ചെയ്തത്.
ആറ് ഘട്ടങ്ങളിലായി പൂർത്തിയാകുന്ന തീരമേഖലാ വികസനം പൂർണ തോതിൽ യാഥാർഥ്യമാകുന്നതോടെ ജിദ്ദ വിനോദ സഞ്ചാരികളുടെ ലക്ഷ്യസ്ഥാനമാകുമെന്നതിൽ സംശയമില്ല.
നിരവധി വികസന പദ്ധതികളാണ് ജിദ്ദയിൽ നടപ്പാക്കി വരുന്നതെന്ന് ഗവർണർ പറഞ്ഞു. ഹറമൈൻ ട്രെയിൻ പദ്ധതിയിൽ ട്രെയിനുകൾ പരീക്ഷണ സർവീസ് ആരംഭിച്ചു. കോർണിഷ് പദ്ധതി നാലും അഞ്ചും ഘട്ടങ്ങൾ പൂർത്തിയായി. പുതിയ ജിദ്ദ എയർപോർട്ട് പദ്ധതി വൈകാതെ ഉദ്ഘാടനം ചെയ്യുമെന്നും ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു.
ജിദ്ദ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ, മക്ക ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, ജിദ്ദ മേയർ ഡോ.ഹാനി അബൂറാസ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചിരുന്നു.
ക്യാമറാ നിരീക്ഷണ, ശബ്ദ സംവിധാനങ്ങളും മറ്റു അനുബന്ധ, പശ്ചാത്തല സൗകര്യങ്ങളും പദ്ധതി പ്രദേശത്ത് ഏർപ്പെടുത്തി. 120 അത്യാധുനിക ക്യാമറകളാണ് ഒരുക്കിയിട്ടുള്ളത്. സംവിധാനങ്ങൾക്ക് എന്തെങ്കിലും
തകരാർ വരുത്തുന്നവരുടെ മുഖം വ്യക്തമായി ഒപ്പിയെടുത്ത് കൺട്രോൾ ടവറിലേക്ക് കൈമാറുന്നതിലൂടെ കുഴപ്പക്കാരെ തൽക്ഷണം കണ്ടെത്താൻ കഴിയും.






