യുപിയിൽ ജുമുഅ തടയാൻ ശ്രമിച്ച ഹിന്ദുത്വ സംഘടനാ നേതാവ് അറസ്റ്റിൽ

ഗുഡ്ഗാവ്- ദൽഹിക്കടുത്ത ഉത്തർ പ്രദേശിലെ ഗുരുഗ്രാമിൽ വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരം തടയാൻ ശ്രമിച്ച ഹിന്ദുത്വ സംഘടനാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരത് മാതാ വാഹിനി ഗ്രൂപ്പിന്റെ തലവൻ ദിനേഷ് താക്കൂറാണ് അറസ്റ്റിലായിരിക്കുന്നത്. ഗുരുഗ്രാമിലെ സെക്ടർ 40ലുള്ള ഒരു പാർക്കിലാണ് പ്രാർത്ഥന നടന്നിരുന്നത്. പൊതു പാർക്കുകളിലെ പ്രാർത്ഥന തടയണമെന്നാണ് ഭാരത് മാതാ വാഹിനിയുടെ ആവശ്യം. ഹിന്ദുത്വ ഗ്രൂപ്പിന്റെ നീക്കം പ്രദേശത്ത് ക്രമസമാധാനപ്രശ്നമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ് പൊലീസ് സ്ഥലത്ത് വൻതോതിൽ സന്നാഹങ്ങളൊരുക്കിയിരുന്നു. പ്രാർത്ഥനയ്ക്കെത്തിയവർ അത് പൂർത്തിയാക്കി സമാധാനപരമായി മടങ്ങി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. 

താക്കൂർ സ്ഥലത്തെത്തിയ ഉടനെത്തന്നെ പൊലീസ് പിടികൂടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ പിന്നീട് വിട്ടയച്ചു. മതത്തിന്റെ പേരിൽ നഗരത്തിൽ പ്രശ്നമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. ഗുരുഗ്രാമിൽ പലയിടത്തും സമാനമായ പ്രശ്നങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്.

Latest News