ചെങ്ങന്നൂർ- കോടികളുടെ പരസ്യ തുക കൈപ്പറ്റിയവർ പ്രത്യുപകാരമായിട്ടാണ് തെറ്റായ സർവേഫലം പുറത്തു വിടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ സത്യസന്ധമായ സർവേഫലം യു.ഡി.എഫിന് അനുകൂലമാണ്. യു ഡി എഫ് സ്ഥാനാർത്ഥി എം.മുരളിയുടെ ചെങ്ങന്നൂർ നിയോജക മണ്ഡലംതല കൺവെൻഷൻ വൈ എം സി എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എൽ.എ സ്ഥാനത്തിന്റെ റോൾ മോഡലാണ് എം.മുരളി. എല്ലാ വിഭാഗം ആളുകളും അംഗീകരിച്ച ജനപ്രതിനിധിയാണ് എം.മുരളി. തെരഞ്ഞെടുക്കപ്പെട്ടാൽ നാളെകളിൽ ആർക്കും ദുഃഖിക്കേണ്ടിവരില്ല. ഓരോ ദിവസവും ഇടതു സർക്കാരിന്റെ ഓരോ അഴിമതിക്കഥകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കേരള ജനതയെ വഞ്ചിച്ച സർക്കാരാണിത്.
ബാലശങ്കറിന്റെ പ്രസ്താവന കേരളത്തെ ഞെട്ടിച്ചു. സി .പി .എം, ബി.ജെ.പി രഹസ്യ കൂട്ടുകെട്ട് ഇതോടെ വ്യക്തമായി. ഇടതു മുന്നണിക്ക് തുടർ ഭരണവും ബിജെപിക്ക് 10 സീറ്റ് എന്നതാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. ശബരിമല സ്ത്രീ പ്രവേശനത്തിൽ ഇടതു സർക്കാർ എടുത്ത നിലപാടിൽ ദേവസ്വം മന്ത്രി ഖേദപ്രകടനം നടത്തുമ്പോൾ സർക്കാർ എടുത്ത നിലപാട് ശരിയാണെന്നാണ് സി.പി.എം ദേശീയ സെക്രട്ടറി വ്യക്തമാക്കുന്നത്. സ്ത്രീ പ്രവേശനത്തിൽ ഇടതു സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം നൽകാൻ മുഖ്യമന്ത്രി തയാറാണോയെന്ന് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടേത് അഴകൊഴമ്പൻ നയമാണ്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ 100 ദിവസത്തിനകം ശബരിമല വിഷയത്തിൽ പ്രത്യേക നിയമ നിർമാണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു.
സ്ഥാനാർത്ഥി എം.മുരളി, എഐസിസി അംഗം കെ.എൻ.വിശ്വനാഥൻ, യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ബി.രാജശേഖരൻ, കെ.പി.സി.സി സെക്രട്ടറിമാരായ നടുക്കുന്നിൽ വിജയൻ, മാന്നാർ അബ്ദുൽ ലത്തീഫ്, അഡ്വ.എബി കുര്യാക്കോസ്, അഡ്വ.ഡി.വിജയകുമാർ, നളന്ദാ ഗോപാലകൃഷ്ണൻ നായർ, സുനിൽ പി. ഉമ്മൻ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇ.വൈ.എം.ഹനീഫാ മൗലവി, പി.വി.ജോൺ, അഡ്വ.ജോർജ് തോമസ്, രാധേഷ് കണ്ണന്നൂർ, രാജൻ കണ്ണാട്ട്, സുജാ ജോഷ്വാ, സുജാ ജോൺ, രോഹിണി ശശികുമാർ, ബിപിൻ മാമ്മൻ എന്നിവർ പ്രസംഗിച്ചു.






