കൽപറ്റ-യു.ഡി.എഫ് ബത്തേരി നിയോജക മണ്ഡലം സ്ഥാനാർഥിയായി ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയും കൽപറ്റ മണ്ഡലം സ്ഥാനാർഥിയായി ടി.സിദ്ദീഖും നാമനിർദേശപത്രിക സമർപ്പിച്ചു. കലക്ടറേറ്റിൽ വരണാധികാരി സി.മുഹമ്മദ് റഫീഖ് മുമ്പാകെയാണ് ബാലകൃഷ്ണൻ പത്രിക നൽകിയത്. യു.ഡി.എഫ് ബത്തേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ ടി.മുഹമ്മദ്, കൺവീനർ കെ.കെ.അബ്രഹാം, ട്രഷറർ എൻ.എം.വിജയൻ എന്നിവർക്കൊപ്പമാണ് ഡി.സി.സി പ്രസിഡന്റുമായ ബാലകൃഷ്ണൻ പത്രികാ സമർപ്പണത്തിനു എത്തിയത്.

രാവിലെ അദ്ദേഹം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മുതിർന്ന നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങി. കലക്ടറേറ്റിൽ വരണാധികാരി ഷാമിൽ സെബസ്റ്റ്യൻ മുമ്പാകെയായിരുന്നു കെ.പി.സി.സി വൈസ് പ്രസിഡന്റായ സിദ്ദീഖിന്റെ പത്രികാ സമർപ്പണം. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ.കരീം, കൺവീനർ എൻ.ഡി.അപ്പച്ചൻ എന്നിവർ കൂടെ ഉണ്ടായിരുന്നു. രാവിലെ മേപ്പാടിയിൽ തോട്ടം തൊഴിലാളികളെ സന്ദർശിച്ചു വോട്ടഭ്യർഥിച്ചതിനു ശേഷമാണ് സിദ്ദീഖ് പത്രികാ സമർപ്പണത്തിനു എത്തിയത്.






