ജയലക്ഷ്മിക്കും കേളുവിനും ജയിക്കണം: മത്സരച്ചൂടിൽ മാനന്തവാടി 

കൽപറ്റ-മാനന്തവാടി പട്ടികവർഗ സംവരണ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പോരിനു വേനലിനെ വെല്ലുന്ന ചൂട്. ഇടതും വലതും മുന്നണികൾ പത്രികാ സമർപ്പണത്തിനു മുമ്പേ തുടങ്ങിയ പ്രചാരണം അനുദിനം കൊഴുക്കുകയാണ്. സി.പി.എമ്മിലെ ഒ.ആർ.കേളുവും കോൺഗ്രസിലെ പി.കെ.ജയലക്ഷ്മിയുമാണ് മണ്ഡലത്തിൽ പ്രധാന മത്സരം. പരമാവധി വോട്ടുകൾ നേടി എൻ.ഡി.എയുടെ കരുത്തറിയിക്കാൻ ബി.ജെ.പിയിലെ മുകുന്ദൻ പള്ളിയറയും രംഗത്തുണ്ട്. 
കേളുവാണ് മണ്ഡലം സിറ്റിംഗ് എം.എൽ.എ. അദ്ദേഹത്തിനു മണ്ഡലം നിലനിർത്തണം. കഴിഞ്ഞ തവണ നഷ്ടമായ മണ്ഡലം ജയലക്ഷ്മിക്കു തിരിച്ചുപിടിക്കണം. എങ്ങനെയും പൊരുതിക്കയറണമെന്ന വാശിയിലാണ് ജയലക്ഷ്മിയും കേളുവും. ഇവർക്കു ഒപ്പം നിൽക്കുന്നവരുരുടെ ചിന്തയും സമാനം. അതിനാൽ തന്നെ നാടിളക്കിയുള്ള പ്രചാരണമാണ് ഇടതും വലതും മുന്നണികൾ നടത്തുന്നത്. ബൂത്തുതലങ്ങളിൽ പ്രവർത്തകരെ ഉണർത്തി  വോട്ടുകൾ അരക്കിട്ടുറപ്പിക്കാനാണ് ഇരു മുന്നണികളുടെയും ശ്രമം. 2011 ലെ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.എൽ.എ സി.പി.എമ്മിലെ കെ.സി.കുഞ്ഞിരാമനെ കോൺഗ്രസ് ടിക്കറ്റിൽ കന്നിയങ്കത്തിനിറങ്ങിയ ജയലക്ഷ്മി 12,734 വോട്ടിന്റെ ഭൂരിപക്ഷത്തിനു മറികടന്ന ഇടമാണിത്. എന്നാൽ 2016 ൽ മന്ത്രി പരിവേഷത്തോടെ രണ്ടാം മത്സരത്തിനിറങ്ങിയ ജയലക്ഷ്മിയെ വോട്ടർമാർ വീഴ്ത്തി. 1,307 വോട്ടിന്റെ ഭൂരിപക്ഷത്തിനു  കേളു നിയമസഭയിലെത്തി. 
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തൊഴുത്തിൽക്കുത്താണ് ജയലക്ഷ്മിക്കു വിനയായത്. പ്രചാരണ കാലത്തു സ്വന്തം പാർട്ടിയിൽ പെട്ടവരുടെ ഒളിയമ്പുകളേറ്റു  പലതവണ ജയലക്ഷ്മി പുളഞ്ഞു. മറവിൽനിന്നുള്ള കുത്തുകൾ ഏൽക്കാതിരിക്കാനുള്ള കരുതലോടെയാണ് ജയലക്ഷ്മി ഇത്തവണ വോട്ടർമാരെ സമീപിക്കുന്നത്. പാർട്ടിയിലും മുന്നണിയിലും പിണങ്ങിയും ചിണുങ്ങിയും നിന്നവരെ ഒപ്പം നിർത്തിയാണ് പ്രചാരണ രംഗത്തു അവരുടെ നീക്കങ്ങൾ. 
നിയോജക മണ്ഡലത്തിൽ  കഴിഞ്ഞ അഞ്ചു വർഷം നടന്ന വികസനം വോട്ടാക്കി മാറ്റാനും അതുവഴി വിജയം ആവർത്തിക്കാനുമാണ് കേളുവിന്റെയും ഇടതുമുന്നണിയുടെയും ശ്രമം. വയനാട് ഗവ.മെഡിക്കൽ കോളേജ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങിയതു വലിയ നേട്ടമായാണ് കേളുവും കൂട്ടരും കാണുന്നത്.  മണ്ഡലത്തിൽ നടന്ന വികസനത്തെക്കുറിച്ചു  മനം നിറഞ്ഞ് മാനന്തവാടി എന്ന പേരിൽ വീഡിയോ ചിത്രം തയാറാക്കി പ്രദർശനവും നടത്തുന്നുണ്ട്. 
ഇടതുമുന്നണി വികസനമെന്നു കൊട്ടിഘോഷിക്കുന്നതു യഥാർഥ വികസനമല്ലെന്നു വിശദീകരിച്ചാണ് യു.ഡി.എഫ് പ്രവർത്തകർ വോട്ടർമാരെ അടുപ്പിച്ചുനിർത്തുന്നത്. സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ ജില്ലാ ആശുപത്രിക്കു മുന്നിൽ മെഡിക്കൽ കോളേജ് എന്ന ബോർഡ് വെച്ചത് തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള കള്ളക്കളികളുടെ ഭാഗമായിരുന്നുവെന്ന വാദമാണ്  വോട്ടർമാർക്കു മുന്നിൽ യു.ഡി.എഫ് ഉയർത്തുന്നത്.
ആവേശം മുറ്റിയതായിരുന്നു ഇരുമുന്നണികളുടെയും നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കൺെവൻഷൻ. വ്യവസായ മന്ത്രി ഇ.പി.ജയരാജനാണ് എൽ.ഡി.എഫ് കൺെവൻഷൻ ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടകൻ. എൽ.ഡി.എഫ് തെരഞ്ഞെടുപ്പു പ്രചാരണത്തിനു മുഖ്യമന്ത്രി പിണറായി വിജയനും മാനന്തവാടിയിലെത്തി.
ഒറ്റ നോട്ടത്തിൽ യു.ഡി.എഫിനു മേൽക്കൈയുള്ളതാണ് മാനന്തവാടി മണ്ഡലം. എന്നാൽ എക്കാലവും വലതുപക്ഷത്തിനൊപ്പം നിന്ന ചരിത്രവും മാനന്തവാടിക്കില്ല. നോർത്ത് വയനാട് എന്നായിരുന്നു നേരത്തേ മണ്ഡലത്തിന്റെ പേര്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളും ഒരു പതിറ്റാണ്ടു മുമ്പു വരെ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. 
1965, 1967  തെരഞ്ഞെടുപ്പുകളിൽ ഇടതു സ്ഥാനാർഥി എ.കെ.അണ്ണനായിരുന്നു നോർത്ത് വയനാട് മണ്ഡലത്തിൽ വിജയം. 1970, 1977, 1982 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനൊപ്പമായിരുന്നു മണ്ഡലം. മൂന്നു തവണയും എം.വി.രാജനാണ് നിയമസഭയിലേക്കെത്തിയത്. 1987 ലും 1991 ലും കോൺഗ്രസിലെ കെ.രാഘവൻ  വടക്കേ വയനാട് എം.എൽ.എയായി. 1996 ലും 2001 ലും കെ.രാഘവന്റെ ഭാര്യ രാധാ രാഘവനാണ് മണ്ഡലത്തിൽ വിജയക്കൊടി നാട്ടിയത്. 2006 ലെ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ പി.ബാലനെ വീഴ്ത്തിയാണ്  സി.പി.എമ്മിലെ കെ.സി.കുഞ്ഞിരാമൻ വടക്കേ വയനാട് എംഎൽഎയായത്. മാനന്തവാടി നഗരസഭയും എടവക, തിരുനെല്ലി, തവിഞ്ഞാൽ, പനമരം, വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളും അടങ്ങുന്നതാണ് മാനന്തവാടി നിയമസഭാ മണ്ഡലം. 2016 ൽ  മാനന്തവാടിയിൽ ബി.ജെ.പിയിലെ കെ. മോഹൻദാസ് 16,230 വോട്ട് പിടിച്ചു. ഇക്കുറി നില മെച്ചപ്പെടുത്താനാണ് ബിജെപി ശ്രമം.
 

Latest News