ദുബായ്- ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇ വിവിധ ഇന്ത്യൻ നഗരങ്ങളിൽ കോൺസുലർ ഓഫീസുകൾ തുറക്കാനൊരുങ്ങുന്നു. ചണ്ഡീഗഡ്, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലായിരിക്കും പുതിയ കോൺസുലേറ്റ് കേന്ദ്രങ്ങൾ തുറക്കുക. ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ. അഹ്മദ് അൽബന്നയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഇന്ത്യയിൽ 75 ശതകോടി യു.എസ് ഡോളറിന്റെ കൂറ്റൻ നിക്ഷേപം ഇറക്കാനും യു.എ.ഇക്ക് പദ്ധതിയുണ്ട്.
'നിലവിലെ സാഹചര്യത്തിൽ ചണ്ഡീഗഡ്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവർ കൂടുതലായി യു.എ.ഇ വിസ ആവശ്യപ്പെടുന്നുണ്ട്. ഇതിനായി ഇവർക്ക് ദൽഹി, മുംബൈ അല്ലെങ്കിൽ കേരളം വരെ യാത്ര ചെയ്യേണ്ടി വരുന്നു. ഇവിടങ്ങളിലെ വിസ അപേക്ഷകരുടെ പ്രയാസം കണക്കിലെടുത്താണ് പുതിയ കോൺസുലർ വിസാ കേന്ദ്രങ്ങൾ തുറക്കുന്നത്,' അൽബന്ന പറഞ്ഞു.
പ്രധാമന്ത്രി നരേന്ദ്ര മോഡി ഫെബ്രുവരിയിൽ യു.എ.ഇ സന്ദർശിക്കുമെന്ന നയതന്ത്ര വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. മോഡിയുടെ സന്ദർശനത്തിനു മുന്നോടിയായാണ് ബന്ധം മെച്ചപ്പെടുത്തൽ പ്രഖ്യാപനം. നയതന്ത്ര ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതോടൊപ്പം ഇന്ത്യയുടെ ഭീകരവിരുദ്ധ നീക്കങ്ങളോട് യുഎഇയും യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പത്തു വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് 75 ശതകോടി ഡോളറിന്റെ നിക്ഷേപം എത്തിക്കുന്നതിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഇതിനു മേൽനോട്ടം വഹിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും യുഎഇ സ്ഥാനപതി വ്യക്തമാക്കി.