നിരസിക്കാൻ 16 കാരണങ്ങൾ
മലപ്പുറം-നിയമസഭാ തെരഞ്ഞെടുപ്പിലും മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക നിരസിക്കാനുള്ള കാരണങ്ങൾ വ്യക്തമായി വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. നാമനിർദേശ പത്രിക നിരസിക്കുന്നതിനിടയാക്കുന്ന 16 കാരണങ്ങളാണ് സ്ഥാനാർഥികളുടെയും തെരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെയും അറിവിലേക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോക്സഭയിലും നിയമസഭയിലും ജനപ്രതിനിധിയാകാൻ നിയമപ്രകാരം വ്യക്തമായ യോഗ്യതയില്ലാത്തവരുടെയും മുമ്പ് അയോഗ്യത കൽപിക്കപ്പെട്ടവരുടെയും പത്രിക നിരസിക്കും. സ്ഥാനാർഥി സത്യപ്രസ്താവന നൽകിയില്ലെങ്കിലും കൃത്യസമയത്ത് പത്രിക സമർപ്പിച്ചില്ലെങ്കിലും സൂക്ഷ്മപരിശോധനയിൽ പത്രിക തള്ളും. റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എന്നിവർക്ക് സ്ഥാനാർഥിയോ പ്രൊപ്പോസറോ പത്രിക നൽകണമെന്നതാണ് കർശന നിബന്ധന. റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധപ്പെടുത്തുന്ന പൊതുഅറിയിപ്പിൽ പറയുന്ന കേന്ദ്രത്തിൽ തന്നെ ബന്ധപ്പെട്ട സ്ഥാനാർഥികൾ പത്രിക സമർപ്പിക്കുകയും വേണം. അല്ലാത്ത പക്ഷം പത്രിക നിരസിക്കും. നാമനിർദേശ പത്രിക ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എന്നിവർ മുമ്പാകെ തന്നെ സമർപ്പിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിക്കുന്ന നിശ്ചിത മാതൃകയിൽ തന്നെയാകണം പത്രിക. സ്ഥാനാർഥിയോ പ്രൊപ്പോസറോ പത്രികയിൽ ഒപ്പു രേഖപ്പെടുത്തണമെന്നാണ് മറ്റൊരു നിഷ്കർഷ. ശരിയായ വിധത്തിൽ ഒപ്പ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പത്രിക തള്ളും. സ്ഥാനാർഥി നിയമപ്രകാരമുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം. പട്ടികജാതി സംവരണ മണ്ഡലത്തിൽ സംവരണത്തിന് അർഹനല്ലാത്തയാൾ പത്രിക നൽകിയാലും തള്ളും. അതത് മണ്ഡലങ്ങളിൽ വോട്ടർമാരായ വ്യക്തികൾക്ക് മാത്രമേ സ്ഥാനാർഥിയുടെ പ്രൊപ്പോസറാകാൻ സാധിക്കൂ. ഇതു പാലിക്കാതെ നൽകുന്ന പത്രികകൾ നിരസിക്കുന്നതിനിടയാക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിച്ചിട്ടുള്ള മാതൃകയിൽ സ്ഥാനാർഥി സതൃവാങ്മൂലം നൽകണം. ഇതിൽ വീഴ്ചയുണ്ടായാൽ സ്ഥാനാർഥിത്വം നഷ്ടമാകും. സ്ഥാനാർഥിയുടെ പ്രായം പത്രികയിൽ വ്യക്തമായി രേഖപ്പെടുത്തണം. സ്ഥാനാർഥി തന്റെ മണ്ഡലത്തിൽ നിന്നല്ല ജനവിധി തേടുന്നതെങ്കിൽ അദ്ദേഹം ഉൾപ്പെട്ട വോട്ടർ പട്ടികയുടെ ആദ്യ പേജിന്റെയും പേരും വിശദാംശങ്ങളുമുള്ള പേജിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണം. സെക്ഷൻ 33 (5) ആക്ട് പ്രകാരം പത്രികക്ക് ഒപ്പമോ സൂക്ഷ്മപരിശോധനാ സമയത്തോ ഇതു ഹാജരാക്കണമെന്നാണ് നിബന്ധന. സത്യവാങ്മൂലം അപൂർണമാണെങ്കിലും നിരസിക്കും.






