വധഭീഷണിയുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
കണ്ണൂർ - ധർമടം നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്നില്ലെന്ന തീരുമാനമെടുത്ത കെ.സുധാകരൻ പ്രചാരണ ചുക്കാൻ പിടിച്ച് മണ്ഡലത്തിൽ. ചക്കരക്കൽ ഗോകുലം ഓഡിറ്റോറിയത്തിൽ നടന്ന നിയോജക മണ്ഡലം കൺവെൻഷന്റെ ഉദ്ഘാടനം സുധാകരൻ നിർവഹിച്ചു.
അതിനിടെ യു.ഡി.എഫ് സ്ഥാനാർഥി സി.രഘുനാഥിന്റെ സ്ഥാനാർഥിത്വത്തിന് ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിച്ചു. ധർമടത്തെ സ്ഥാനാർഥി പ്രഖ്യാപനം നടക്കും മുമ്പാണ് രഘുനാഥ് പത്രിക സമർപ്പിച്ചത്. കഴിഞ്ഞ രാത്രി വൈകിയാണ് സ്ഥാനാർഥിത്വം അംഗീകരിച്ചത്. ധർമടം മണ്ഡലത്തിൽ മത്സരിക്കാനില്ലെങ്കിലും പ്രചാരണത്തിന് മുന്നിലുണ്ടാകുമെന്ന് സുധാകരൻ പ്രവർത്തകർക്ക് ഉറപ്പു നൽകി. കെ.പി.സി.സി.യുടെയും ഹൈക്കമാൻഡിന്റെയും നിർദേശം വന്നതിന് പിന്നാലെ, ധർമടം മണ്ഡലത്തിൽ പെട്ട നൂറുകണക്കിന് പ്രവർത്തകർ കെ.സുധാകരന്റെ വീട്ടിലെത്തി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കണ്ണൂർ ഡി.സി.സി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും തീരുമാനം മാറ്റിയതും. കെ.സുധാകരൻ ധർമടം മണ്ഡലത്തിൽ മത്സരിക്കുകയായിരുന്നുവെങ്കിൽ അത് ഇവിടുത്തെ പ്രവർത്തകർക്ക് വലിയ ആവേശമാവുമായിരുന്നു. എന്നാൽ ഈ ആവേശം ഒട്ടും ചോർന്നു പോകാത്ത വിധത്തിൽ മണ്ഡലത്തിലെ പ്രചാരണ രംഗത്ത് സജീവമാകാനാണ് തീരുമാനം.
അതിനിടെ, ധർമടം മണ്ഡലത്തിൽ നിന്നുള്ള സുധാകരന്റെ പിന്മാറ്റം ഉന്നത തലത്തിൽ സി.പിഎം, കോൺഗ്രസ് നേതൃത്വങ്ങൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു. കെ.സുധാകരൻ ധർമടത്ത് മത്സരിക്കുകയായിരുന്നുവെങ്കിൽ സി.പി.എം പ്രവർത്തകർക്ക് പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരുമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിൽ ധർമടത്തെ പിണറായിയുടെ ഭൂരിപക്ഷം 35,000 ത്തിൽ നിന്നും 4900 ആയി കുറക്കാൻ സുധാകരനു സാധിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽകൈ ലഭിച്ചിരുന്നുവെങ്കിലും സുധാകരന്റെ സ്ഥാനാർഥിത്വം ഉണ്ടായാൽ കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുമായിരുന്നു. ഈ സാഹചര്യമാണ് ഒഴിവായത്. നിലവിലെ സ്ഥാനാർഥി രഘുനാഥ്, മണ്ഡലത്തിലെ താമസക്കാരനും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് പ്രചാരണത്തിന്റെ ചുമതലക്കാരനുമായിരുന്നു.
അതിനിടെ, സംസ്ഥാനത്ത് ഏറ്റവുമവസാനം സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ട സി.രഘുനാഥ് മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിച്ചു. പ്രമുഖ വ്യക്തികളെ കണ്ട് വോട്ടഭ്യർഥിച്ചായിരുന്നു തുടക്കം. ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ച വാളയാർ പെൺകുട്ടികളുടെ അമ്മക്ക് ഭീഷണികളുണ്ടെന്ന് പരാതി ഉയർന്നു. ഇത് സംബന്ധിച്ച് ഇവർ ഔദ്യോഗികമായി പരാതിയൊന്നും നൽകിയിട്ടില്ല. എന്നാൽ തനിക്ക് ടി.പി.ചന്ദ്രശേഖരന്റെ അവസ്ഥയുണ്ടാകാൻ സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദി മന്ത്രി എ.കെ.ബാലനും സി.പി.എം പാർട്ടിക്കുമാണെന്നും ഇവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കെതിരെ പത്രിക നൽകിയതിന് പിന്നാലെ തനിക്കെതിരെ വധഭീഷണി ഉയർന്നു കഴിഞ്ഞു. തന്നെ അപായപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ടെന്നും അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.






