കുവൈത്തില്‍ വ്യാജമദ്യം കഴിച്ച് യുവതി മരിച്ചു

കുവൈത്ത് സിറ്റി - വ്യാജമദ്യം കഴിച്ച് കുവൈത്തി യുവതി മരിച്ചു.  ബോധരഹിതയായി വീണ യുവതിയെ അജ്ഞാതന്‍ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതേ കുറിച്ച് ആശുപത്രിയധികൃതരാണ് ആഭ്യന്തര മന്ത്രാലയത്തില്‍ അറിയിച്ചത്. ആരോഗ്യനില വഷളായതോടെ യുവതി മുബാറക് അല്‍കബീര്‍ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വയര്‍ കഴുകുകയും ആവശ്യമായ ചികിത്സകള്‍ നല്‍കുകയും ചെയ്‌തെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
പ്രാദേശികമായി നിര്‍മിച്ച മദ്യമാണ് യുവതി കഴിച്ചതെന്ന് പരിശോധനകളില്‍ വ്യക്തമായി. യുവതിയെ ആശുപത്രിയിലെത്തിച്ച വ്യക്തിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനും മദ്യത്തിന്റെ ഉറവിടവും മദ്യസേവ നടത്തിയ സ്ഥലവും കണ്ടെത്താനും സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്. ഒരു മാസം മുമ്പ് കുവൈത്തില്‍ വ്യാജമദ്യം കഴിച്ച രണ്ടു യുവതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവതികളില്‍ ഒരാള്‍ക്ക് താല്‍ക്കാലിക അന്ധത ബാധിക്കുകയും രണ്ടാമത്തെ യുവതിയുടെ ഹൃദയമിടിപ്പ് നിലക്കുകയും ചെയ്തിരുന്നു.

 

Latest News