Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

എഴുതുന്ന പരീക്ഷകളോടെ ജീവിതം അവസാനിക്കുന്നില്ല

ബുദ്ധനും ശിഷ്യൻ ആനന്ദനുംചെയ്ത ഒരു യാത്രയെ കുറിച്ച് വായിച്ച കഥ ഓർമ്മ വരികയാണ്. അവർ വന പ്രദേശത്ത് കൂടി നടന്നു പരിക്ഷീണിതരായി അടുത്ത പട്ടണത്തെരുവിലേക്ക് എത്താൻ വെമ്പുകയായിരുന്നു. പരമാവധി വേഗത്തിൽ നടന്ന അവർ വഴിയിൽ കണ്ട ഒരു വൃദ്ധനോട്ചോദിച്ചു. അടുത്ത പട്ടണത്തിലേക്ക് എത്താൻ ഇനി എത്ര ദൂരം ഉണ്ട്? ചിരിച്ചുകൊണ്ട് വൃദ്ധനായ കർഷകൻ മറുപടി പറഞ്ഞു: അധികമൊന്നുമില്ല, രണ്ട് മൈൽ മാത്രമേയുള്ളൂ, വേവലാതിപ്പെടേണ്ട. ഇത് കേട്ടബുദ്ധൻപുഞ്ചിരിച്ചു. ആനന്ദന് ഒന്നും മനസ്സിലായില്ല. വീണ്ടും രണ്ടു മൈൽ നടന്ന അവർ എന്നിട്ടും പട്ടണത്തിൽ എത്തിയില്ല. വഴിയിൽ അവർഒരു വൃദ്ധയായ സ്ത്രീ വിറക് ശേഖരിക്കുന്നത് കണ്ടു. ആനന്ദൻ അവരുടെഅടുത്ത് ചെന്ന് ചോദിച്ചു. അടുത്ത പട്ടണത്തിലേക്ക് ഇനി എത്ര ദൂരം നടക്കണം?
അവർ പറഞ്ഞു. രണ്ടു മൈൽ. ഏറെക്കുറെ നിങ്ങൾ അവിടം എത്താറായി. വൃദ്ധ അവരെ സമാശ്വസിപ്പിച്ചു. അപ്പോഴും ബുദ്ധൻ ചിരിച്ചു. രണ്ടുപേരെയും നോക്കി എന്തിനാണ് ആ ചിരി എന്ന് ആനന്ദൻ കൗതുകം പൂണ്ടു. പിന്നെയും ഏറെ നടന്നിട്ടും പട്ടണത്തിൽ എത്താതായപ്പോൾ ആനന്ദൻ മൂന്നാമതൊരാളോട് ചോദിച്ചു.
പട്ടണം അടുത്താണോ? അപ്പോൾ അദ്ദേഹം പറഞ്ഞു. അതെ. അത്രയൊന്നും ഇല്ല രണ്ടു മൈലു കൂടി നടന്നാൽ നിങ്ങൾ അവിടെ എത്തും. ഇതുകേട്ട് ബുദ്ധൻ വീണ്ടും പുഞ്ചിരിച്ചു. ആനന്ദന് കാര്യങ്ങൾ ഒന്നും മനസ്സിലായില്ല. മൂന്ന് പേരോട് ഇതിനകം ദൂരം ചോദിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞത് രണ്ട് മൈൽ നടക്കേണ്ടതുണ്ട് എന്നാണ്. എന്നിട്ടും എത്തേണ്ടിടം വളരെ അകലെയായി തോന്നുന്നു. 
നാലു പതിറ്റാണ്ടോളം ബുദ്ധനോടൊത്ത് ജീവിച്ച ആനന്ദൻ അനാവശ്യ ചോദ്യങ്ങൾ ഒന്നു അദ്ദേഹത്തോട് ചോദിക്കാറില്ല. ഇത്തവണ രണ്ടും കൽപിച്ച് ആനന്ദൻ ചോദിച്ചു. രണ്ട് മൈൽ കൂടി നടക്കണം എന്ന് അവർ പറഞ്ഞപ്പോഴെല്ലാം താങ്കൾ പുഞ്ചിരിക്കുകയായിരുന്നു. എത്ര നടന്നിട്ടും അവർ പറഞ്ഞ ആ രണ്ട് മൈൽ തീരാതിരുന്നപ്പോഴും 
താങ്കൾ പുഞ്ചിരിച്ചു. എനിക്ക് ഒന്നും മനസ്സിലാവുന്നില്ലല്ലോ? അപ്പോൾ ബുദ്ധൻ മന്ദഹാസം പൂകി പറഞ്ഞു.അവരും എന്നെ പോലെ മറ്റുള്ളവരെ എത്തേണ്ടിടത്ത് എത്താൻ പ്രേരിപ്പിക്കുന്നവർ. ചെറിയ ചെറിയ ദൂരങ്ങൾ താണ്ടാൻ പ്രോത്സാഹിപ്പിക്കുന്നവർ. അവ പിന്നിട്ടാൽ കൂടുതൽ ദൂരം നടക്കാനെളുപ്പമാവും. എത്തേണ്ടിടത്ത് അവർ അന്തിമമായി എത്തുകയും ചെയ്യും. തുടക്കത്തിലേ വലിയ ദൂരത്തെ കുറിച്ച് പറഞ്ഞു ഭയപ്പെടുത്തിയാൽ യാത്രികർ യാത്ര തന്നെ ഉപേക്ഷിച്ചെന്ന് വരും. 
ഈ കഥ ഓർമ്മ വരാൻ കാരണം ഡിഗ്രി പരീക്ഷ എഴുതുന്ന ഒരു വിദ്യാർത്ഥിനിയുടെ രക്ഷിതാവ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മകളുടെ പരീക്ഷ ഭീതിയെക്കുറിച്ച് നാട്ടിൽനിന്ന് വിളിച്ച്  പറഞ്ഞ്അവളുടെ ആശങ്കയകറ്റാനും ആത്മവിശ്വാസം പകരാനും സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെപശ്ചാത്തലത്തിലാണ്. 
ഈ ഓൺലൈൻ പഠന കാലത്ത്, പഠിക്കാനുള്ള വിഷയങ്ങളുടെ ബാഹുല്യവും ക്ലാസ് മുറിക്കകത്തുനിന്ന് സ്വാഭാവികമായി ലഭിക്കേണ്ട മാർഗനിർദ്ദേശങ്ങൾ കിട്ടാതെ പോയതും നിരവധി വിദ്യാർത്ഥികളിൽ ചെറുതല്ലാത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ചിലരിലൊക്കെ ഈ ഭീതി വിഷാദ രോഗങ്ങൾക്കും ഉറക്കമില്ലായ്മയ്ക്കും വരെ ഇടയാക്കുന്നുണ്ട്. ഏതാനും മിനുട്ടുകൾ വിദ്യാർത്ഥിനിയുമായി സംസാരിച്ച് അവളിലെ ആശങ്കയുടെ കാരണങ്ങൾ കണ്ടെത്താനും അവ പരിഹരിക്കാനാവശ്യമായ ചില പ്രായോഗിക നിർദ്ദേശങ്ങളും പോംവഴികളും അവൾ തന്നെ സ്വയം തിരിച്ചറിഞ്ഞ് പരിഗണിക്കാനും അവളെ സഹായിച്ചു. അത് വഴി പഠനത്തോടും പരീക്ഷയോടുമുള്ള അവളുടെ മനോഭാവത്തിൽ മാറ്റം വന്നു. കൂടുതൽ ആത്മവിശ്വാസത്തോടെയും ആർജ്ജവത്തോടെയുംഅവൾ പഠനത്തിൽ വ്യാപൃതയായതിന്റെ സന്തോഷവും പ്രാർത്ഥനയും ആ രക്ഷിതാവ് പിന്നീട്പങ്ക് വെച്ചപ്പോൾ ഏറെ സന്തോഷിക്കുകയും ആ മകൾക്കും കുടുംബത്തിനും വേണ്ടിയുള്ള പ്രാർത്ഥന കൊണ്ട് കണ്ണുകൾ സജലങ്ങളാവുകയും ചെയ്തു. 
പരീക്ഷകൾക്ക് അപ്പുറത്തുള്ള ജീവിത പരീക്ഷകളെ നേരിടാൻ നമ്മുടെ കുട്ടികൾ പ്രാപ്തരാകുമ്പോഴാണ് മികച്ച വിദ്യാഭ്യാസം അക്ഷരാർത്ഥത്തിൽ സംഭവിക്കുന്നത്. ജീവിതത്തിൽ നേരിടേണ്ട വെല്ലുവിളികളെ തന്റേടത്തോടെ നേരിടാൻ കരുത്ത് പകരുന്നതാവണം വിദ്യാഭ്യാസം. അപ്പോൾ മാത്രമേ സധൈര്യം മുന്നോട്ടു പോകാനുള്ള ആത്മ വിശ്വാസം കുട്ടികളിൽ വേരോടുകയുള്ളൂ. അത്തരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നിടത്താണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കു വളരെ നിർണായകമായിട്ടുള്ളത്. 
ദയവായി കനത്ത വെല്ലുവിളികളെക്കുറിച്ച് പറഞ്ഞ് പേടിപ്പിച്ച് ഇളം തലമുറയെ നിരാശപ്പെടുത്തുകയും അവരിലെ ആത്മധൈര്യം ചോർത്തി കളയുകയും ചെയ്യരുത്. വിദ്യാഭ്യാസ മനശ്ശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും സാമൂഹിക ശാസ്ത്രത്തിലും ഉന്നത ബിരുദം നേടിയ ചില അധ്യാപകരെങ്കിലും ക്ലാസ് മുറികളിലും വിദ്യാർത്ഥികളോടുള്ള സമീപനത്തിലും പ്രാകൃതവും അപരിഷ്‌കൃതവുമായ ഇത്തരം 
രീതികൾ സ്വീകരിക്കുന്നത് കാണാം.  പകരം ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും ആഹ്ലാദപൂർവ്വം സ്വീകരിക്കാനും ഉപയോഗപ്പെടുത്താനും അവരെ പാകപ്പെടുത്തുകയാണ് വേണ്ടത്. 
വിദ്യാർത്ഥികളിലെ വ്യക്തിഗത സിദ്ധികളും സർഗ്ഗശേഷിയും മാനിക്കാതെ വിദ്യാലയത്തിന്റെ യശസ്സ് വർധിപ്പിക്കുന്നതിലും വിജയ ശതമാനം കൂട്ടുന്നതിലും മാത്രം കണ്ണൂന്നുന്ന വിരലിലെണ്ണാവുന്ന അത്തരം അധ്യാപകരും രക്ഷിതാക്കളും ഇളം മനസ്സുകളെ വളർത്തുന്നതിന് പകരം തകർക്കുകയാണ് ചെയ്യുന്നതെന്നോർക്കണം. പരീക്ഷയ്ക്കുള്ള പഠനം ചില തന്ത്രങ്ങളിലൂടെ എളുപ്പമാക്കാവുന്നതും രസകരമാക്കാവുന്നതുമാണെന്ന സത്യം കൂട്ടികളെ കോഴ്‌സിന്റെ തുടക്കം മുതൽ ബോധ്യപ്പെടുത്തണം.
പാഠ പുസ്തകങ്ങൾക്കും പരീക്ഷകൾക്കുമപ്പുറം അവരാർജ്ജിക്കേണ്ട ജീവിത നൈപുണികളും വിജ്ഞാന സമ്പാദന ശീലങ്ങളും അവരെ പരിശീലിപ്പിക്കണം. അവരെ കാത്തിരിക്കുന്ന മികച്ച അവസരങ്ങൾ നേടിയെടുക്കാൻ കേവലം സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തുന്ന മാർക്ക് മാത്രമല്ല മാനദണ്ഡമെന്നും അവർ മനസ്സിലാക്കട്ടെ. സംഘ ബോധവും ഒരുമിച്ച് പ്രവർത്തിക്കാനുള്ള കഴിവുകളും കാര്യക്ഷമമായ വിനിമയശേഷിയും പ്രശ്‌ന പരിഹാരത്തിനുള്ള കഴിവും നൂതന ആശയങ്ങളും ഉൽപന്നങ്ങളും ഉൽപാദിപ്പിക്കാനുതകുന്ന ചിന്തകളിലുള്ള പ്രാവീണ്യവുമൊക്കെ അവരുടെ ജീവിതവിജയത്തിന് മുതൽകൂട്ടാവുമെന്ന് അവരെ നിരന്തരം ഉണർത്തുകയും അവ പരിപോഷിപ്പിക്കാനാവശ്യമായ ശിൽപശാലകളിലും ക്യാമ്പുകളിലും അവരെ പങ്കെടുപ്പിക്കുകയും വേണം. എഴുതുന്ന പരീക്ഷയോടെ ലോകവസാനമായെന്ന് അവർ തെറ്റിദ്ധരിക്കാതിരിക്കട്ടെ. 
പാഠഭാഗങ്ങൾ പഠിക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതോടൊപ്പം പരീക്ഷകളെ സധൈര്യം നേരിടാൻ ആവശ്യമായ തന്റേടം നൽകി അവരെ സജ്ജരാക്കുകയുമാണ് മികച്ച അധ്യാപകർ ചെയ്യുന്നത്. 
അതോടൊപ്പം എല്ലാത്തിലുമുപരിയായി വിദ്യാർത്ഥി മനസ്സുകളിൽ ഇടം പിടിക്കുന്ന ഗുരുനാഥർ വിദ്യാർത്ഥികളിലെ സവിശേഷ സിദ്ധികൾ തിരിച്ചറിഞ്ഞ് അവ പരിപോഷിപ്പിക്കുന്നതിനാവശ്യമായ മാർഗ്ഗനിർദേശങ്ങളും പിന്തുണയും നൽകി പ്രസാദാത്മകതയോടെ ഏത് ഘട്ടത്തിലും, ജയപരാജയങ്ങളിലും അനുപമമായ ജീവിതാനന്ദം അനുഭവിക്കാൻ അവരെ സ്വയം സന്നദ്ധമാക്കുകയുമാണ് ചെയ്യുന്നത്. 
നാളേറെ കഴിയുമ്പോൾ പഠിച്ച സമവാക്യങ്ങളും സിദ്ധാന്തങ്ങളും വിസ്മൃതിയിലാണ്ട് പോയേക്കാമെങ്കിലും സ്മൃതി പഥത്തിൽ ഒളിമങ്ങാതെ കിടക്കുക അത്തരം ഗുരുക്കളുടെ മാസ്മരികമായ സ്വാധീനമല്ലാതെ മറ്റെന്താണ്? വേവലാതിപ്പെടല്ലേ, രണ്ട് മൈൽ കൂടിയേ നടക്കാനുള്ളൂ എന്നുരിയാടി ജീവിത യാത്രയെ ഉല്ലാസപ്രദമാക്കാൻ നമ്മെ സദാ പാകപ്പെടുത്തുന്ന അവർ തന്നെയാണ് വർത്തമാനത്തെ വേണ്ടുവോളം ഉത്തരവാദിത്തപൂർവ്വം ആസ്വദിപ്പിച്ച് ഭാവിയിലേക്ക് വഴി നടത്തുന്ന മികവാർന്ന ഗുരുക്കന്മാർ.

Latest News