Sorry, you need to enable JavaScript to visit this website.

നാം തൊട്ടുനോക്കിയ കുറെ മനുഷ്യർ ഇന്ന് അഭ്രപാളിയിലെത്തും

ഒരേ മനുഷ്യരിൽ ജീവിക്കുന്ന പലരും പല മനുഷ്യരിൽ ജീവിക്കുന്ന ഒരാളുടെ കഥയുമായി ദേര ഡയറീസ് ഇന്ന് തിയേറ്ററുകളിലേക്ക്. കടൽ കടന്നുപോയ മനുഷ്യരുടെ ജീവിതത്തിൽ അവർ പോലുമറിയാതെ കിടക്കുകയായിരുന്ന ഒരേടാണ് ഇന്ന് അഭ്രപാളികളിലേക്ക് എത്തുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോം നീ സ്ട്രീം വഴി റിലീസാകുന്ന ദേര ഡയറീസാണ് പ്രവാസ ജീവിതത്തിൽ പലയിടങ്ങളിലായി കാണാറുള്ള ചില ജീവിതങ്ങളെ കുറിച്ച് കാഴ്ചക്കാർക്ക് പറഞ്ഞു തരുന്നത്.
ഒരാളെ കുറിച്ച് പറയുമ്പോഴും അയാളുടെ കഥ പറയാതെ അയാൾ സ്വാധീനം ചെലുത്തിയ അഞ്ചു പേരിലൂടെ അവരുടെ ജീവിതങ്ങൾ ചിത്രീകരിക്കുന്ന വ്യത്യസ്തമായ സമീപനമാണ് ദേര ഡയറീസിൽ രചയിതാവും സംവിധായകനുമായ മുഷ്താഖ് റഹ്മാൻ കരിയാടൻ സ്വീകരിച്ചിരിക്കുന്നത്. 


മൂന്നരപ്പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയ യൂസുഫ് എന്ന അറുപതുകാരൻ തങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വലുതായിരുന്നുവെന്ന് പലരും തിരിച്ചറിയുന്നതുപോലും അയാളുടെ അഭാവത്തിലായിരുന്നു. പ്രവാസത്തിന്റെ മധ്യകാലങ്ങളിൽ അറേബ്യൻ സ്വപ്‌നങ്ങളുമായി മരുഭൂമിയിൽ ചേക്കേറിയ നല്ല മനസ്സുള്ള ചെറിയ മനുഷ്യരുടെ പ്രതിനിധിയാണ് സിനിമയിലെ യൂസുഫ്. 
തീർച്ചയായും യൂസുഫിനെ പോലുള്ള എത്രയെങ്കിലും പേരെ അറേബ്യൻ ഗൾഫിൽ ഏതെങ്കിലുമൊരിടത്ത് ഓരോരുത്തരും കണ്ടുമുട്ടിയിട്ടുണ്ടാവും. 
അയാൾ തങ്ങളിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചല്ലാതെ അയാൾക്കൊരു ജീവിതമുണ്ടെന്ന കാര്യം അവരും കാഴ്ചക്കാരും മറന്നുപോകുന്നുണ്ട്. 
വ്യത്യസ്ത കാലത്തും പ്രായത്തിലുമുള്ള നിരവധി പേരുടെ ജീവിതങ്ങളിൽ ചെറുതെന്ന് തോന്നിക്കുമ്പോഴും വലിയ സ്വാധീനങ്ങളാണ് യൂസുഫ് ചെലുത്തിയതെന്ന് പ്രേക്ഷകന് ബോധ്യപ്പെടും. ദുബായ് ജീവിതത്തിന്റെ തിരക്കുള്ള കെട്ടുകാഴ്ചകൾക്കപ്പുറം അബ്രയിലെ ഓളങ്ങളിലൂടെ കടന്നുപോകുന്ന വഞ്ചിയിലുള്ളവരെ പോലെ അൽപ നേരത്തേക്കെങ്കിലും ജീവിത ഭാണ്ഡങ്ങൾ നെഞ്ചോടു ചേർത്തു വെക്കുകയാണ് കഥാപാത്രങ്ങളിൽ പലരും. 
അന്നേരങ്ങളിലാണ് അവർ യൂസുഫ് തങ്ങൾക്കാരായിരുന്നുവെന്ന് തിരിച്ചറിയുന്നത്. ജീവിതമെന്നാൽ വെറുമൊരു കഥയല്ലെന്നും നിരവധി കഥകൾ ചേർന്ന സമാഹാരമാണെന്നും ദേര ഡയറീസ് കാഴ്ചക്കാരനെ ബോധ്യപ്പെടുത്തുന്നു. 
മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ കടന്നുപോകുന്ന വഴികളിൽ താൻ പോലുമറിയാതെ രക്ഷകനായി മാറുകയാണ് ചിത്രത്തിൽ. താൻപോലുമറിയാതെയാണ് യൂസുഫ് നായക സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കപ്പെടുന്നത്.
മലയാള സിനിമയിലെ കാസ്റ്റിംഗ് ഡയറക്ടർ കൂടിയായ അബു വളയംകുളമാണ് ദേര ഡയറീസിലെ പ്രധാനകഥാപാത്രമായ യൂസുഫിനെ അവതരിപ്പിക്കുന്നത്. അബു വളയംകുളം മലയാളത്തിൽ ആദ്യമായി നായകനാകുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മുപ്പതു മുതൽ അറുപതു വയസ്സുവരെയുള്ള മുപ്പതു വർഷത്തെ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അബു സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. 


മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റുന്ന ഷാലു റഹീമാണ് മറ്റൊരു കഥാപാത്രമായ അതുലായി വെള്ളിത്തിരയിലെത്തുന്നത്. ദുബായിലെ ഹിറ്റ് എഫ് എം 96.7ലെ ആർ. ജെ അർഫാസ് ഇഖ്ബാൽ വെള്ളിത്തിരയിലേക്ക് ചുവടുവെക്കുന്നു എന്ന പ്രത്യേകതയും ദേര ഡയറീസിനുണ്ട്. ഇവരോടൊപ്പം യു. എ. ഇയിലെ പ്രസിദ്ധരായ അഭിനേതാക്കളാണ് വെള്ളിത്തിരയിലെത്തുന്നത്. 
കഴിഞ്ഞ പത്തു വർഷത്തിലേറെയായി സ്വതന്ത്ര സിനിമകളിലൂടെ രംഗത്തുണ്ടായിരുന്ന മുഷ്ത്താഖ് റഹ്മാൻ കരിയാടന്റെ പ്രഥമ സിനിമാ സംരംഭമാണ് ദേര ഡയറീസ്. ആർപ്പ്, ചിത്രങ്ങൾ, യാത്രാമധ്യേ തുടങ്ങിയ സ്വതന്ത്ര സിനിമകളുടെ സംവിധാനം നിർവഹിച്ചിട്ടുണ്ട്.
മികച്ച പാട്ടുകളുള്ള ദേര ഡയറീസിലെ ഗാനങ്ങൾ ജോപോളാണ് രചിച്ചത്. സിബു സുകുമാരനാണ് സംഗീതം. വിജയ് യേശുദാസ്, നജീം അർഷാദ്, കെ.എസ് ഹരിശങ്കർ, ആവണി മൽഹാർ എന്നിവരാണ് ഗായകർ.  
മനസ്സിനെ തൊട്ടുണർത്തുന്ന വാക്കുകളും വരികളും ഹൃദയത്തെ ചേർത്തു നിർത്തുന്ന സംഗീതവും ദേര ഡയറീസിന്റെ പ്രധാന പ്രത്യേകതയാണ്. കേട്ടുമതിവരാത്ത പാട്ടുകളുടെ കൂട്ടത്തിൽ ചേർത്തുവെക്കാവുന്നയായിരിക്കും ദേര ഡയറീസിലെ ഗാനങ്ങൾ. 
മലയാളത്തിൽ അധികമൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ഗസൽ ഗാനം ശ്രോതാക്കളുടെ മനസ്സിലേക്കാണ് നേരിട്ടിറങ്ങിയെത്തുക. വരികൾകൊണ്ട് വരഞ്ഞുവെക്കുന്ന ചിത്രങ്ങൾക്ക് അതേ നിറങ്ങളിൽ ചേർത്ത സംഗീതം ശ്രോതാക്കളുടെ അനുഭവക്കാഴ്ചകളിലെ ചട്ടക്കൂട്ടിനുള്ളിൽ കാലങ്ങളോളം ഭദ്രമായിരിക്കും.
എഴുത്തിന്റേയും സംഗീതത്തിന്റേയും ഗാനങ്ങളുടേയും പിന്നണിയിൽ യുവാക്കളാണെല്ലാവരുമെന്ന പ്രത്യേകതയും ഈ ഗാനങ്ങൾക്കുണ്ട്. മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഒരുപാടുകാലം വസന്തം വിരിയിക്കാനുള്ള കൂട്ടുകെട്ടാണ് ദേര ഡയറീസിലൂടെ പുറത്തേക്കെത്തുന്നത്. 
മൂന്നു മൂഡുകളിലുള്ള മൂന്ന് ഗാനങ്ങളാണ് ദേര ഡയറീസിൽ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. പാട്ടിന്റെ വരികൾക്കും ഈണങ്ങൾക്കും അനുയോജ്യമായൊരുക്കിയ രംഗങ്ങൾ സിനിമാ പ്രേക്ഷകരെ ഗാനവുമായി ചേർത്തു നിർത്തുന്നതിനോടൊപ്പം ഗാനം മാത്രം കേൾക്കുന്നവർക്ക് ചലച്ചിത്രം കാണാനുള്ള ത്വരയുമുണ്ടാക്കും. ജോപോളിന്റേയും സിബു സുകുമാരന്റേയും സിനിമാ ജീവിതത്തിലെ ഹിറ്റുകളിലൊന്നായിരിക്കും ദേര ഡയറീസിലെ ഗാനങ്ങൾ.
എം.ജെ.എസ് മീഡിയയുടെ ബാനറിൽ ഫോർ എവർ ഫ്രന്റ്‌സിനു വേണ്ടി മധു കറുവത്തും ടീമുമാണ് ദേര ഡയറീസ് നിർമിച്ചത്. അതേ, നമുക്കിടയിൽ ജീവിച്ച കുറെ മനുഷ്യർ ഇന്ന് സ്‌ക്രീനിലെത്തുന്നു.

Latest News