ജോലി അന്വേഷിച്ചെത്തിയ മലയാളി നഴ്‌സിനെ പീഡിപ്പിച്ചു,  യുവാവ്  അറസ്റ്റില്‍

ന്യൂദല്‍ഹി-ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം ചെയ്തു. പ്രതിയും മലയാളിയാണ്. ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനാണു സംഭവം നടന്നത്. ബുധനാഴ്ച പെണ്‍കുട്ടി പരാതി നല്‍കിയതോടെ യുവാവിനെ അറസ്റ്റു ചെയ്തു.
ഇരയായ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്താണ് പ്രതി. ജോലി തേടിയെത്തിയ യുവതിയോട് ആവശ്യമായ സഹായം നല്‍കാമെന്ന് ഇയാള്‍ ഉറപ്പുപറഞ്ഞിരുന്നു. ഫെബ്രുവരി ആറിന് തന്റെ വീട്ടില്‍ വച്ച് ഒരു ഇന്റര്‍വ്യൂ നടക്കുന്നതായി പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. പെണ്‍കുട്ടി ഇതില്‍ സംശയം പ്രകടിപ്പിച്ചെങ്കിലും വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞു.
തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ ഇവിടെ വേറെയാരെയും കണ്ടില്ല. ഇതു ചോദ്യം ചെയ്തതോടെ അവര്‍ ജോലിക്കു പോയതാണെന്നും ഉടന്‍ തിരിച്ചുവരുമെന്നും പ്രതി പറഞ്ഞു. ഇയാള്‍ നല്‍കിയ ജ്യൂസ് കുടിച്ചയുടന്‍ പെണ്‍കുട്ടി ബോധരഹിതയാകുകയായിരുന്നു. രാത്രിയോടെയാണ് പിന്നീട് ഇവര്‍ക്ക് ബോധം വരുന്നത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ബലാല്‍സംഗത്തിനിരയായ വിവരം പെണ്‍കുട്ടി അറിയുന്നത്. പിന്നീട് പെണ്‍കുട്ടി അവിടെനിന്നു വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തേക്ക് തിരിച്ചുവരികയും ചെയ്തുവെന്നും പോലീസ് പറഞ്ഞു. യുവതി പരാതി നല്‍കാന്‍ വൈകിയതിന്റെ കാരണം വ്യക്തമല്ല. പരാതി ലഭിച്ചയുടന്‍ പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
 

Latest News