സി.പി.എം തലശ്ശേരിയെ വികസന കാര്യത്തിൽ ഒറ്റപ്പെടുത്തി -യു.ഡി.എഫ് സ്ഥാനാർഥി 

തലശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി. അരവിന്ദാക്ഷൻ പത്രിക സമർപ്പിക്കുന്നു.

തലശ്ശേരി -  ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത ജനകീയ പ്രശ്‌നങ്ങളോട്   മുഖം തിരിഞ്ഞുനിൽക്കുന്ന സമീപനമാണ് കഴിഞ്ഞ അമ്പതു വർഷക്കാലമായി  സി. പി. എം തലശ്ശേരി നിയോജക മണ്ഡലത്തിൽ സ്വീകരിച്ചതെന്ന്  തലശ്ശേരി നിയോജക മണ്ഡലം യു. ഡി.  എഫ് സ്ഥാനാർത്ഥി  എം. പി അരവിന്ദാക്ഷൻ കുറ്റപ്പെടുത്തി. നാമനിർദേശ പത്രിക സമർപ്പണത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഒറ്റപ്പെട്ടുപോയ തലശ്ശേരി നിയോജക മണ്ഡലത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് നിരവധി പരിശ്രമങ്ങൾ നടത്തേണ്ടതായിട്ടുണ്ട്. സംസ്ഥാനത്തെ മറ്റു നഗരങ്ങൾ പടർന്നുപന്തലിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. തലശ്ശേരിക്കു മാത്രം വികസന കാര്യത്തിൽ മറ്റു നഗരങ്ങളോട് കിടപിടിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. 


തലശ്ശേരിക്ക് ഒരു മാറ്റം ആവശ്യമാണെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. തലശ്ശേരിയിൽ 1970 ആവർത്തിക്കുമെന്നാണ് ജനങ്ങളോടുള്ള ഇടപെടലിൽ നിന്നും മനസ്സിലായിട്ടുള്ളത്. കഴിഞ്ഞ  കുറേക്കാലമായി  തലശ്ശേരിയുടെ വികസനത്തിന് എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി മുന്നോട്ടു പോകാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  അമ്മയും കുഞ്ഞും ആശുപത്രി ഐക്യജനാധിപത്യ മുന്നണിയുടെ സംഭാവനയാണ്. മലബാർ കാൻസർ സെന്ററിന്റെ വികസനവും ഒടുവിലായി കൊടുവള്ളി ഓവർ ബ്രിഡ്ജിന് തറക്കല്ലിടലിനു പോലും കെ. മുരളാധരൻ എം. പിയുടെ ഇടപെടൽ ആവശ്യമായി വന്നിട്ടുണ്ട്. ഗവൺമെന്റ് കോളേജ് ധർമടത്തേക്ക് പോയപ്പോൾ തലശ്ശേരിയിൽ ഒരു ഗവൺമെന്റ് കോളേജ് വേണം എന്ന ആവശ്യം ഉയർന്ന സാഹചര്യത്തിൽ  അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ  സർക്കാർ കൊണ്ടുവന്ന 22 ഗവൺമെന്റ് കോളേജുകളിൽ ഒന്ന് തലശ്ശേരിക്ക് നൽകി. മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോഴാണ് തീരദേശ പോലീസ് സ്റ്റേഷൻ തലശ്ശേരിയിൽ സ്ഥാപിച്ചത്. എന്നാൽ തലശ്ശേരിക്കാരനായിരുന്ന കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിട്ടും തലശ്ശേരിയിൽ ട്രാഫിക് പോലീസ് സ്റ്റേഷൻ കൊണ്ടുവരാൻ സാധിച്ചിട്ടില്ല. 


എ.സി. ഷൺമുഖദാസ് എൽ. ഡി. എഫ് മന്ത്രി സഭയിൽ ഉണ്ടായപ്പോൾ തലശ്ശേരി താലൂക്ക് ആശുപത്രിയെ കമ്യൂണിറ്റി ഹെൽത്ത് സെന്റർ ആക്കി മാറ്റാനാണ് ശ്രമിച്ചത്. എന്നാൽ  വി. എം. സുധീരൻ കേരളത്തിന്റെ ആരോഗ്യ വകുപ്പു മന്ത്രിയായിരുന്നപ്പോൾ താൻ ഉൾപ്പെടെയുള്ള ആശുപത്രി വികസന സമിതി അംഗങ്ങൾ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മലബാറിൽ വലിയ ആരോഗ്യ സംരംഭം താൻ സംഭാവന ചെയ്യുമെന്നും തലശ്ശേരി താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി മാറ്റാമെന്നുമായിരുന്നു. അതദ്ദേഹം  നടപ്പാക്കുകയും ചെയ്തു. 
ജില്ല ആശുപത്രിയേക്കാളും ഒരു പടി ഉയർന്ന ഗ്രേഡിലാണ് ജനറൽ ആശുപത്രി. കുറച്ചു വർഷങ്ങൾ പിന്നിട്ടപ്പോൾ സാധാരണക്കാരന് കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്നതിനായി ഉമ്മൻ ചാണ്ടി തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആശുപത്രി പ്രഖ്യാപിച്ചു. ഇതിനായി  ഒരു ജനകീയ കമ്മിറ്റിയുണ്ടാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ ചെയർമാനായ ഈ കമ്മിറ്റി  ഒറ്റ ദിവസം കൊണ്ട്  ഒരു കോടി അറുപത്തിയേഴ് ലക്ഷം രൂപ ജനങ്ങളിൽ  നിന്നും  സമാഹരിച്ചു. തുക പോരാതെ വന്നപ്പോൾ ഞങ്ങളുടെ  നേതൃത്വത്തിലുള്ള  ആക്ഷൻ കമ്മിറ്റി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ   ചാണ്ടിയെ കാണുകയും    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും അമ്മയും കുഞ്ഞും ആശുപത്രിക്ക് പണം അനുവദിക്കുവാൻ ആവശ്യമായ  നടപടി ക്രമങ്ങളും ഉത്തരവുകളും വാങ്ങിച്ചെടുക്കുകയുമായിരുന്നു.

ഇതിന്റെ ഫലമായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ഒന്നരക്കോടി രൂപ സമാഹരിച്ചു. മൂന്നു കോടി അറുപത്തിയേഴു ലക്ഷം രൂപ സ്റ്റേറ്റ് ബാങ്കിൽ നിക്ഷേപിക്കുകയും ആശുപത്രിയുടെ സ്പെഷ്യൽ ഓഫീസറായി  അന്നത്തെ ആരോഗ്യ മന്ത്രി വി. എസ് ശിവകുമാർ ഡോക്ടർ രാജീവിനെ നിശ്ചയിക്കുകയും സ്ഥലം കണ്ടെത്തുകയും ചെയ്തു.  പിന്നീട്  അധികാരത്തിലെത്തിയ  പിണറായി സർക്കാർ  5 വർഷം ഭരിച്ചിട്ടും  അമ്മയും കുഞ്ഞും ആശുപത്രിയുടെ തുടർ പ്രവൃത്തികളൊന്നും തന്നെ നടന്നിട്ടില്ലെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി അരവിന്ദാക്ഷൻ ചൂണ്ടിക്കാട്ടി.  
 കോൺഗ്രസ് ഓഫീസായ എൽ.എസ് പ്രഭു മന്ദിരത്തിൽ നിന്ന് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം എത്തിയാണ് എം.പി. അരവിന്ദാക്ഷൻ പത്രിക നൽകിയത്. വ്യാഴാഴ്ച  രാവിലെ 11 മണിയോടെയാണ് പത്രികാ സമർപ്പണം നടത്തിയത്. രണ്ട് സെറ്റ് പത്രികയാണ് സമർപ്പിച്ചത് . യു.ഡി.എഫ് നേതാക്കളായ അഡ്വ. സി.ടി സജിത്ത്, എൻ. മഹമൂദ്  എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

 

Latest News