ഗയ- അമ്മയേയും പ്രായപൂർത്തിയാകാത്ത മകളേയും ബലാത്സംഗം ചെയ്ത കേസില്‍ ഒമ്പത് പ്രതികള്‍ക്ക് പോക്സോ കോടതി മരണംവരെ ജീവപര്യന്തം തടവ് വിധിച്ചു. 2018 ലുണ്ടായ സംഭവത്തില്‍ ബിഹാറിലെ ഗയയിലുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസിലുള്‍പ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ വിചാരണ തുടരുകയാണ്. പ്രതികളുടേത് മനുഷ്യത്വരഹിതമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഒമ്പത് പ്രതികള്‍ക്കും 32,500 രൂപ വീതം പിഴയും വിധിച്ചു.
അന്വേഷണ സമയത്ത് കോച്ച് പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത കേസാണിത്. പീഡനത്തിനിരയായ അമ്മയ്ക്കും മകള്‍ക്കും 80,000 രൂപ സംസ്ഥാന സർക്കാർ നല്‍കണമെന്നും കോടതി വിധിച്ചു.
2018 ജൂണ്‍ 13ന് സോന്ധിഹ ഗ്രാമത്തില്‍ ഇവരെ ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് പ്രതികള്‍ ഏതാനും വിദ്യാർഥികളെ കവർച്ച ചെയ്തതായും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തിനിടെ ഗയ പോലീസ് കസ്റ്റഡിയിലെടുത്ത 20 പേരില്‍നിന്നാണ് അമ്മയും മകളും രണ്ട് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് മറ്റു പ്രതികളെ കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷന് 33 പ്രതികളെ ഹാജരാക്കി. വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ജഡ്ജി വിധി പ്രസ്താവിച്ചത്.






