ട്രംപ് ജയിച്ചു; ആറ് മുസ്ലിം രാജ്യക്കാരെ തടയാമെന്ന് സുപ്രീം കോടതി 

വാഷിങ്ടണ്‍- ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം വിലക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊണ്ടു വന്ന ഉത്തരവ് നടപ്പിലാക്കാമെന്ന് യു.എസ് സുപ്രീം കോടതി. വിവിധ അപ്പീല്‍ കോടതികളില്‍ ഈ ഉത്തരവിനെതിരെ ഹരജികള്‍ പരിഗണനയിലുണ്ടെങ്കിലും ട്രംപ് ഭരണകൂടത്തിന് യാത്രാ വിലക്ക് പൂര്‍ണമായും നടപ്പിലാക്കാമെന്ന് പരമോന്നത കോടതി വ്യക്തമാക്കി. ചാഡ്, ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യമന്‍ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സെപ്തംബറില്‍ യുഎസ് യാത്രാ വിലക്കേര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങള്‍ക്ക് പുറമെ, വെനിസ്വേല, വടക്കന്‍ കൊറിയ എന്നിവിടങ്ങളില്‍നിന്നുള്ളവരേയും തടയാം. ഒക്ടോബറില്‍ രണ്ട് കീഴ്ക്കോടതികള്‍ ഈ ഉത്തരവ് നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതി നീക്കിയത്.

ആദ്യ പ്രഖ്യാപിച്ച യാത്രാ വിലക്ക് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയതോടെ മൂന്ന് തവണ പരിഷ്‌ക്കരിച്ചാണ് ട്രംപ് സെപ്റ്റംബറില്‍ ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് അമേരിക്കന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും മുസ്ലിം വിഭാഗത്തോടുള്ള വിവേചനമാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നതു പോലെ സുരക്ഷാ പ്രശ്നമല്ലെന്നും ചൂണ്ടിക്കാട്ടി റിച്മൗണ്ട്, വിര്‍ജിനിയ, സാന്‍ ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ കോടതികളിലാണ് ചോദ്യം ചെയ്യപ്പെട്ടത്.

എന്നാല്‍ സുപ്രിം കോടതിയില്‍ ട്രംപിന്റെ യാത്രാ വിലക്കിന് ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏഴു അനുകൂല വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ട് വോട്ടുകള്‍ മാത്രമാണ് വിലക്കിനെതിരെ ലഭിച്ചത്. യുഎസിന്റെ ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയുള്ള സുപ്രധാന തീരുമാനമാണിതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. അതേസമയം വിലക്കേര്‍പ്പെടുത്തിയ രാജ്യക്കാരെ അവരുടെ യുഎസിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കുന്നതില്‍നിന്നും തടയരുതെന്നും ഇവരെ യാത്രാവിലക്കില്‍ നിന്നും ഒഴിവാക്കണമെന്നും കോടതികളിലെ വിവിധ ഹരജികളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഈ കോടതികളില്‍ ഈ കേസുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതഗതിയിലാണ് നടക്കുന്നത്. ഇവ പൂര്‍ത്തിയായാല്‍ 2018 ജൂണ്‍ അവസാനത്തോടെ ഇതു സംബന്ധിച്ച് അന്തിമ വിധി പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


 

Latest News