ന്യൂദല്‍ഹി- ഇന്ത്യയില്‍ മൂന്ന് കോടി ഡോസ് മാത്രം കോവിഡ് വാക്സിന്‍ നല്‍കി വിദേശത്തേക്ക് അഞ്ച് കോടി 90 ലക്ഷം ഡോസ് അയച്ച് നമ്മള്‍ അഭിമാനം കൊള്ളുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി.ചിദംബരം.
വിദേശത്തേക്ക് ആറു കോടിയോളം കോവിഡ് വാക്സിന്‍ അയച്ചതിലുള്ള അഭിമാനം താനും പങ്കുവെക്കുന്നു. പക്ഷേ ഇന്ത്യയില്‍ മൂന്ന് കോടി മാത്രമാണ് വാക്സിന്‍ നല്‍കിയതെന്ന വിവരം തന്നെ അതിയായി നിരാശപ്പെടുത്തുന്നുവെന്നും ചിദംബംരം പറഞ്ഞു.
ഇന്ത്യക്കാരുടെ ചെലവില്‍ വിദേശത്തേക്ക് വാക്സിന്‍ കയറ്റി അയക്കുന്നില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്‍ നേരത്തെ പറഞ്ഞിരുന്നത്.
ഇന്ത്യയിലാണ് ആദ്യം യശസ്സ് നേടേണ്ടതെന്നും എന്നിട്ടാകാം വിദേശത്തുള്ള യശസ്സെന്ന് ഈ മാസം 11 ന് ദല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ അഭിഭാഷകർക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കണമെന്ന ആവശ്യത്തില്‍ സ്വമേധയാ കേസെടുത്താണ് ജസ്റ്റിസ് വിപിന്‍ സാംഗി, രേഖാ പാല്ലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്ര സർക്കാരിനെതിരെ വിമർശനമുന്നയിച്ചിരുന്നത്.






