ചെന്നൈ- വീണ്ടും വോട്ട് ചോദിക്കാനെത്തിയ എം.എല്‍.എക്ക് മോശം റേഷനരിയുമായി ആരതി. തമിഴ്നാട്ടിലെ തണ്ടലായി ഗ്രാമത്തില്‍ അണ്ണാ ഡി.എം.കെ എം.എല്‍.എ കെ.മാണിക്കമാണ് അപൂർവ പ്രതിഷേധം നേരിട്ടത്. സ്ത്രീകളും കുട്ടികളും പ്ലേറ്റുകളില്‍ മോശം റേഷനരിയുമായി എത്തി ആരതി ഉഴിയുകയായിരുന്നു.
പൊതുവിതരണ ഷാപ്പുകളില്‍നിന്നാണ് അരി വാങ്ങിയതെന്നും ആവർത്തിച്ചു പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും സ്ത്രീകള്‍ പരാതിപ്പെട്ടു. ഞങ്ങളും മനുഷ്യരല്ലെ, നാറുന്ന ഈ അരി എങ്ങനെ തിന്നുമെന്നും അവർ ചോദിച്ചു.
മുനിസിപ്പല്‍ അധികൃതർക്ക് പല തവണ പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. ഭക്ഷ്യയോഗ്യമല്ലാത്ത അരി കളയുകയാണ് പതിവെന്നും രോഷാകുലരായ സ്ത്രീകള്‍ പറഞ്ഞു. മധുര ജില്ലയിലെ ശോലവന്ദന്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഗ്രാമമാണ് തണ്ടലായി.
അമ്പതോളം സ്ത്രീകളും കുട്ടികുളുമാണ് മോശം അരി നിറച്ച പ്ലേറ്റുകളുമായി നിരന്നുനിന്ന് എം.എല്‍.എക്ക് ആരതി ഉഴിഞ്ഞത്. അതിഥികളെ സ്വീകരിക്കുന്ന ആചാരമാണ് ആരതി. മഞ്ഞയും കറുപ്പും നിറമുള്ള അരി ഭക്ഷ്യയോഗ്യമല്ലെന്ന് കാഴ്ചയില്‍തന്നെ വ്യക്തമാണ്. ഉടനെ നടപടിയുണ്ടാകുമെന്ന് എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്ന അണ്ണ ഡി.എം.കെ പ്രവർത്തകർ സ്ത്രീകള്‍ക്ക് ഉറപ്പു നല്‍കി.
പാർട്ടിക്ക് വേണ്ടിയാണ് തങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും തങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്യുന്നതെന്നും സ്ത്രീകള്‍ എം.എല്‍.എയോട് ചോദിച്ചു. അഞ്ച് വർഷത്തിനുശേഷമാണ് വീണ്ടും വോട്ട് ചോദിക്കാനാണ് എം.എല്‍.എ ഗ്രാമത്തിലെത്തിയത്. നിങ്ങളുടെ കാറിനു പോലും ഇങ്ങോട്ട് വരാന്‍ അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ സ്ത്രീകള്‍ കുടിവെള്ളം ലഭിക്കാത്ത പ്രശ്നവും ചൂണ്ടിക്കാട്ടി.
പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത എം.എല്‍.എ മാണിക്കം പറഞ്ഞു.






