കണ്ണൂർ- നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം -ബി.ജെ.പി ഡീലിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദൻ. സി.പി.എം -ബി.ജെ.പി ഡീൽ ഉണ്ടെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കർ നടത്തിയ പ്രസ്താവനയെയാണ് മുകുന്ദന് പിന്തുണച്ചത്.
അയാൾ അങ്ങനെ വെറുതെ പറയുമെന്ന് തോന്നുന്നില്ലെന്നും ഒരു മാസമായി ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന് ഇതുസംബന്ധിച്ച് എന്തെങ്കിലും തെളിവ് കിട്ടിയിട്ടുണ്ടാകുമെന്നും അന്വേഷിക്കണമെന്നും പി.പി. മുകുന്ദൻ പറഞ്ഞു.
രണ്ട് മണ്ഡലത്തിൽ മത്സരിക്കുകയും ഹെലികോപ്ടറിൽ യാത്ര ചെയ്യുകയും ചെയ്യുന്ന പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെയും അദ്ദേഹം രൂക്ഷ വിമർശം ഉന്നയിച്ചു.
ബി.ജെ.പി ഭരണ സാധ്യതയുള്ള ഒരു കക്ഷിയാണെങ്കിൽ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്നു എന്നത് കേൾക്കാൻ ഒരു സുഖമുണ്ടാകും. ഇതിപ്പോൾ ആവശ്യമില്ലാത്ത ഒരു ചർച്ചക്ക് ഇടവരുത്തുന്നു എന്ന് മാത്രമാണ് തോന്നുന്നത്. ഉത്തരേന്ത്യൻ സ്റ്റൈലിൽ കേരളത്തിൽ ഭരണം പിടിച്ചെടുക്കാൻ ഉന്നത ചിന്ത വേണം എന്ന തോന്നലിൽ ഉന്നതത്തിൽ പോകാനായിരിക്കും കെ. സുരേന്ദ്രൻ ഹെലികോപ്ടറിൽ പോകുന്നത്. സൗകര്യങ്ങൾ കൂടുമ്പോൾ വന്ന വഴി മറക്കാൻ പാടില്ല-മുകുന്ദൻ പറഞ്ഞു.
കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും തമ്മിലുള്ള വിഭാഗീയതെയും മുകുന്ദൻ വിമർശിച്ചു. നല്ല വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കണം. ഏത് സമയത്താണോ അസുഖം വരുന്നത് അത് കണ്ട് ചികിത്സിക്കണം. വിഭാഗീയ പ്രവർത്തനങ്ങൾ നിർബന്ധ പൂർവം ഉടൻ നിർത്തിയില്ലെങ്കിൽ കഷ്ടപ്പെട്ട് പ്രവർത്തിക്കുന്ന പ്രവർത്തകരുടെ ശാപം ഏൽക്കുന്ന പ്രസ്ഥാനമായി പാർട്ടി മാറും-മുകുന്ദന് പറഞ്ഞു.






