അയാള്‍ വെറുതെ പറയുന്ന ആളല്ല; സി.പി.എം ഡീല്‍ തള്ളാനാവില്ലെന്ന് ബി.ജെ.പി നേതാവ് പി.പി.മുകുന്ദന്‍

കണ്ണൂർ- നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം -ബി.ജെ.പി ഡീലിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്​ മുതിർന്ന ബി.ജെ.പി നേതാവ്​ പി.പി മുകുന്ദൻ. സി.പി.എം -ബി.ജെ.പി ഡീൽ ഉണ്ടെന്ന്​ ആർ.എസ്​.എസ്​ സൈദ്ധാന്തികൻ ബാലശങ്കർ നടത്തിയ പ്രസ്താവനയെയാണ് മുകുന്ദന്‍ പിന്തുണച്ചത്.

അയാൾ അങ്ങനെ വെറുതെ പറയുമെന്ന്​ തോന്നുന്നില്ലെന്നും ഒരു മാസമായി ​ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന അ​ദ്ദേഹത്തിന്​ ഇതുസംബന്ധിച്ച്​ എന്തെങ്കിലും തെളിവ്​ കിട്ടിയിട്ടുണ്ടാകുമെന്നും  അന്വേഷിക്കണമെന്നും പി.പി. മുകുന്ദൻ പറഞ്ഞു.

രണ്ട്​ മണ്ഡലത്തിൽ മത്സരിക്കുകയും ഹെലികോപ്​ടറിൽ യാത്ര ​ചെയ്യുകയും ചെയ്യുന്ന പാർട്ടി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രനെതിരെയും അദ്ദേഹം രൂക്ഷ വിമർശം ഉന്നയിച്ചു.

ബി.ജെ.പി ഭരണ സാധ്യതയുള്ള ഒരു കക്ഷിയാ​ണെങ്കിൽ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്നു എന്നത്​ കേൾക്കാൻ ഒരു സുഖമുണ്ടാകും. ഇതിപ്പോൾ​ ആവശ്യമില്ലാത്ത ഒരു ചർച്ചക്ക്​ ഇടവരുത്തുന്നു എന്ന്​ മാത്രമാണ്​ തോന്നുന്നത്​. ഉത്തരേന്ത്യൻ സ്​റ്റൈലിൽ കേരളത്തിൽ ഭരണം പിടിച്ചെടുക്കാൻ ഉന്നത ചിന്ത വേണം എന്ന തോന്നലിൽ ഉന്നതത്തിൽ പോകാനായിരിക്കും കെ. സുരേ​ന്ദ്രൻ ഹെലികോപ്​ടറിൽ പോകുന്നത്. സൗകര്യങ്ങൾ കൂടു​മ്പോൾ വന്ന വഴി മറക്കാൻ പാടില്ല​-മുകുന്ദൻ പറഞ്ഞു.

കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും തമ്മിലുള്ള വിഭാഗീയതെയും മുകുന്ദൻ വിമർശിച്ചു. നല്ല വ്യക്​തിബന്ധം ഉണ്ടാക്കിയെടുക്കണം. ഏത്​ സമയത്താണോ അസുഖം വരുന്നത്​ അത്​ കണ്ട്​ ചികിത്സിക്കണം. വിഭാഗീയ പ്രവർത്തനങ്ങൾ നിർബന്ധ പൂർവം ഉടൻ നിർത്തിയില്ലെങ്കിൽ കഷ്​ടപ്പെട്ട്​ പ്രവർത്തിക്കുന്ന പ്രവർത്തകരുടെ ശാപം ഏൽക്കുന്ന പ്രസ്​ഥാനമായി പാർട്ടി മാറും-മുകുന്ദന്‍ പറഞ്ഞു.

Latest News