ലോക്ക്ഡൗണ്‍ ഇളവുകളില്‍ ആശയക്കുഴപ്പം;  7000 വിവാഹങ്ങള്‍ റദ്ദാക്കുന്നു

ലണ്ടന്‍-അടുത്തമാസം 12 മുതല്‍ യു.കെയില്‍ വലിയ ഒത്തുചേരലുകള്‍ക്ക് ഉള്ള അനുവാദം വാതില്‍പ്പുറ ഇടങ്ങളില്‍ മാത്രം. അതുകൊണ്ട് 7000ത്തോളം ദമ്പതികളാണ് വിവാഹം റദ്ദാക്കാന്‍ ഒരുങ്ങുന്നത്. അടുത്ത മാസം ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുന്നതോടെ വാതില്‍പ്പുറ ഇടങ്ങളില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളടക്കം 15 പേര്‍ക്ക് വിവാഹങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആരാധനാലയങ്ങള്‍, പൊതു കെട്ടിടങ്ങള്‍, ഔട്ട്‌ഡോര്‍ ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങള്‍ എന്നിവയില്‍ മാത്രമേ ചടങ്ങുകളും സ്വീകരണങ്ങളും അനുവദിക്കുകയുള്ളൂവെന്ന് യുകെ വെഡ്ഡിംഗ്‌സ് ഇന്‍ഡസ്ട്രി ബോഡി അറിയിച്ചു. ഈ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ തന്നെ 7,000 വിവാഹങ്ങള്‍ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവരുമെന്ന് യുകെ വെഡ്ഡിംഗ്‌സ് പറയുന്നു.  രണ്ടാം ഘട്ടത്തില്‍, വിവാഹങ്ങള്‍, സ്വീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് 15 പേര്‍ വരെ പങ്കെടുക്കാന്‍ കഴിയും.'' പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഔട്ട്‌ഡോര്‍ ഇടങ്ങളാണ് കൂടുതല്‍ സുരക്ഷിതമെന്നതിനാല്‍ അവിടെ വച്ചു മാത്രമേ വിവാഹം നടത്താവൂയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് 29 മുതല്‍ ആറ് പേര്‍ക്ക് വരെ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്. മെയ് മുതല്‍ ഇത് 30 ആയി ഉയരും. വിവാഹങ്ങളും സ്വീകരണങ്ങളും ഏപ്രില്‍ 12 ന് പുനരാരംഭിക്കുമെന്ന് റോഡ് മാപ്പ് സൂചിപ്പിച്ചു. എന്നാല്‍ ഇതില്‍ വ്യക്തതക്കുറവുണ്ട്-  യുകെ വെഡ്ഡിംഗ്‌സ് വക്താവ് സാറാ ഹേവുഡ് പറഞ്ഞു.
നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമ്പോള്‍ ബോറിസ് ജോണ്‍സണ്‍ പ്രതിശ്രുത വധു കാരി സൈമണ്ടിനെ വിവാഹം ചെയ്യുമെന്ന് പറയപ്പെടുന്നു. എന്നാല്‍ അവര്‍ ഒരു തീയതി വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞു വരുന്നുണ്ടെങ്കിലും പല മേഖലകളും ഇപ്പോഴും കനത്ത പ്രതിസന്ധി നേരിടുകയാണ്. ഇതിനിടെ കോവിഡ് വ്യാപനം കൂടുന്ന അവസ്ഥ ഉണ്ടായാല്‍ നിയന്ത്രണങ്ങള്‍ തിരിച്ചുവരികയും ചെയ്യും.

Latest News