മലപ്പുറം ജില്ലയിൽ 17 പേർ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു

വേങ്ങര നിയമസഭാ മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി നാമനിർദേശ പത്രിക സമർപ്പിക്കുന്നു.

മലപ്പുറം -നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കും ജില്ലയിൽ ഇന്നലെ 17 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഒരു സ്ഥാനാർത്ഥിയും നിയമസഭയിലേക്ക് 16 പേരുമാണ് ബന്ധപ്പെട്ട വരണാധികാരികൾക്ക് മുമ്പാകെ പത്രികകൾ സമർപ്പിച്ചത്.  ഇതിൽ മൂന്ന് പേർ രണ്ട് സെറ്റ് വീതം പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ ജില്ലയിൽ 23 പേർ 27 സെറ്റ് പത്രിക വീതമാണ് സമർപ്പിച്ചത്. വേങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്ന് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടി, താനൂർ മണ്ഡലത്തിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പി.കെ. ഫിറോസ് എന്നിവരും പത്രിക നൽകി.


മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി വി.പി.സാനു വരണാധികാരി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ മുമ്പാകെ പത്രിക സമർപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പൊന്നാനി നിയോജക മണ്ഡലത്തിൽ നിന്ന് സി.പി.എം സ്ഥാനാർത്ഥി പി.നന്ദകുമാർ, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അൻവർ വട്ടപ്പറമ്പിൽ എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു.വണ്ടൂർ മണ്ഡലത്തിൽ സി.പി.എമ്മിലെ പി. മിഥുന രണ്ട് പത്രികകൾ വീതം നാമനിർദേശ പത്രിക സമർപ്പിച്ചു.  


ഏറനാട് മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥി ദിനേഷ്, തവനൂർ മണ്ഡലത്തിൽ നിന്ന് എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മുഹമ്മദ് ഹസ്സൻ, പെരിന്തൽമണ്ണ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥി മുഹമ്മദ് മുസ്തഫ, നിലമ്പൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ്  സ്ഥാനാർത്ഥി  അഡ്വ.വി.വി പ്രകാശ്, തിരൂർ മണ്ഡലത്തിൽ നിന്ന് സി.പി.എമ്മിലെ പി. അബ്ദുൽ ഗഫൂർ ലില്ലീസ് എന്നിവരും പത്രി നൽകി. മലപ്പുറം മണ്ഡലത്തിൽ നിന്ന് സി.പി.എം സ്ഥാനാർത്ഥി പാലോളി അബ്ദുറഹ്മാൻ, ബി.ജെ.പി സ്ഥാനാർത്ഥി  സേതുമാധവൻ, മങ്കട മണ്ഡലത്തിൽ നിന്ന് ടി.കെ.റഷീദലി (സി.പി.എം), കോട്ടക്കൽ മണ്ഡലത്തിൽ നിന്ന് എൻ.സി.പി സ്ഥാനാർത്ഥി എൻ.എ മുഹമ്മദ് കുട്ടി, കൊണ്ടോട്ടി മണ്ഡലത്തിൽ നിന്ന്  കാട്ടുപരുത്തി സുലൈമാൻ ഹാജി എന്നിവരും പത്രിക സമർപ്പിച്ചു.
നിയമസഭാ, മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് വെള്ളിയാഴ്ച വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. സൂക്ഷ്മപരിശോധന 20 ന്  നടക്കും. 22 ന് വൈകിട്ട് മൂന്ന് വരെ നാമനിർദേക പത്രികകൾ പിൻവലിക്കാം.
 

Latest News