കിഫ്ബിക്ക് ഒരു ചുക്കും സംഭവിക്കില്ല; കേന്ദ്ര ഏജൻസികൾക്കു കേരളത്തിൽ  തോന്നിയതു ചെയ്യാൻ പറ്റില്ല -മുഖ്യമന്ത്രി

കൽപറ്റയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നു. 

കൽപറ്റ -കേന്ദ്ര ഏജൻസികൾക്കു  കേരളത്തിൽ തോന്നിയതു ചെയ്യാൻ പറ്റില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ  എൽ.ഡി.എഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമപ്രകാരം പ്രവർത്തിക്കാനേ കേന്ദ്ര ഏജൻസികൾക്ക് അധികാരമുള്ളൂ. ആരായാലും നേരായി കളിച്ചാൽ മതി. നേരല്ലാത്ത കളിയുമായി വന്നാൽ വല്ലാതെ ക്ഷീണിക്കും. സംസ്ഥാനത്തു വികസനക്കുതിപ്പിനു വഴിയൊരുക്കിയ കിഫ്ബിക്കെതിരെ ഗൂഢനീക്കമുണ്ട്. കിഫ്ബിയെ തകർക്കുക ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ലക്ഷ്യമാണ്. ഗൂഢനീക്കത്തിന്റെ ഭാഗമായാണ് അന്വേഷണത്തിനു കേന്ദ്ര ഏജൻസികളെ അയക്കുന്നത്. പക്ഷേ, ഒരു ചുക്കും സംഭവിക്കില്ല. അന്താരാഷ്ട്ര സാമ്പത്തിക  വിദഗ്ധരാണ് കിഫ്ബിക്ക് നേതൃത്വം നൽകുന്നത്. കേന്ദ്ര ഏജൻസികൾ വഴിവിട്ടു എന്തെങ്കിലും ചെയ്താൽ നിയമപരമായി നേരിടും. കിഫ്ബി വഴി 50,000 കോടി രൂപയുടെ  പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞു. 63,000 കോടി രൂപയുടെ പദ്ധതികൾ അംഗീകരിച്ചിട്ടുണ്ട്. 
കേരളമൊഴികെ എല്ലായിടത്തും ബി.ജെ.പിക്കും കോൺഗ്രസിനും ഒരേ നയമാണ്. ആഗോളീകരണ-ഉദാരീകരണ  നയങ്ങൾ മൂലം പൊറുതിമുട്ടുന്ന ജനത്തെ ദ്രോഹിക്കുന്ന നിലപാടാണ് ഇരുകൂട്ടരുടേതും. 


2016 ൽ യു.ഡി.എഫ് ഭരണകാലത്ത് കോൺഗ്രസും ബി.ജെ.പിയും അഭിപ്രായ വ്യത്യാസമില്ലാതെ ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കി. ബദൽ നയവുമായാണ് ഇടതുപക്ഷം മുന്നോട്ടു പോകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിക്കു ദേശീയ തലത്തിലും വലിയ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ നിലനിൽപു തന്നെ അപകടപ്പെടുന്ന രീതിയാലാണ് കേന്ദ്ര ഭരണം. മതനിരപേക്ഷത ഉറപ്പു വരുത്താൻ ബാധ്യതയുള്ളവർ അതു തകർക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്നതിനെതിരെയാണ് ഇടതുപക്ഷം നിലകൊള്ളുന്നത്. കേരളത്തിൽ ഇടതുപക്ഷം അധികാരം നിലനിർത്തുന്നതു  രാജ്യവ്യാപകമായി കേന്ദ്ര സർക്കാരിന്റെ ദുർഭരണത്തിനെതിരായ പ്രക്ഷോഭങ്ങൾ നയിക്കുന്നവർക്കു ആത്മവിശ്വാസം പകരും. 


കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തു സംസ്ഥാനത്തിനു നഷ്ടമായ യശസ്സ് വീണ്ടെടുക്കാൻ എൽ.ഡി.എഫ് സർക്കാരിനു സാധിച്ചു. 2016 ൽ അഴിമതിയുടെ പര്യായമായിരുന്നു കേരളം. എൽ.ഡി.എഫ് വന്ന ശേഷം ചിത്രം മാറി. രാജ്യത്തു അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം മാറി. സർക്കാർ  അധികാരത്തിൽ വരുമ്പോൾ  സമസ്ത മേഖലകളിലും വികസന മുരടിപ്പായിരുന്നു. ഇതിനു മാറ്റം വേണമെന്ന് ലോകമെമ്പാടുമുള്ള മലയാളികൾ ആഗ്രഹിച്ചു. അതു സാധിച്ചു. മാറ്റം കൺമുന്നിലുണ്ട്. നടക്കില്ലെന്നു പറഞ്ഞ് യു.ഡി.എഫ് ഉപക്ഷേിച്ച പദ്ധതികളെല്ലാം  നടപ്പാക്കി. നിക്ഷേപക സൗഹൃദ സംസ്ഥാനമായി കേരളം മാറി. ആർദ്രം മിഷൻ വന്നതോടെ ആരോഗ്യ രംഗത്ത് കുതിച്ചുചാട്ടമുണ്ടായി. വിദ്യാർഥികൾക്കു ഇതര സംസ്ഥാനങ്ങളിൽ അലയേണ്ട സാഹചര്യം ഒഴിവായി. 
തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ നേരിടുന്നതിനു നേരായ മാർഗമല്ല  രാഷ്ടീയ എതിരാളികൾ സ്വീകരിക്കുന്നത്. കല്ലുവെച്ച നുണകളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ഓരോ കുടുംബങ്ങളിലും യാഥാർഥ്യം എത്തിക്കുന്നതിനു ഓരോ എൽ.ഡി.എഫ് പ്രവർത്തകനും കർമനിരതരാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. 


എൽ.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.കെ.ഹംസ അധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്ര സമിതിയംഗം പി.കെ.ശ്രീമതി, സി.കെ.ശശീന്ദ്രൻ എം.എൽ.എ, സ്ഥാനാർഥി എം.വി.ശ്രേയാംസ് കുമാർ എന്നിവർ പ്രസംഗിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ, എൻ.സി.പി സംസ്ഥാന സമിതിയംഗം സി.എം.ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു. 
മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിച്ചു. 

Latest News