അബുദാബി- ഐ.സി.എ അനുമതിയില്ലാതെ അബുദാബിയില്‍ വന്നു മടങ്ങിയവരുടെ എണ്ണം കൂടുന്നു. അല്‍ഐന്‍, അബുദാബി വിസക്കാര്‍ക്ക് യു.എ.ഇയിലെ ഏതു വിമാനത്താവളം വഴി വന്നാലും ഐ.സി.എ അനുമതി (ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്) നിര്‍ബന്ധമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.
ഐ.സി.എ ഗ്രീന്‍ സിഗ്‌നലില്ലാതെ കഴിഞ്ഞ ദിവസം ദുബായിലെത്തിയ മലയാളികളടക്കമുള്ള വിദേശികള്‍ക്കു തിരിച്ചുപോകേണ്ടി വന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഐ.സി.എ അനുമതി മറികടക്കാന്‍ ദുബായ് ഉള്‍പ്പെടെ മറ്റു എമിറേറ്റുകള്‍ വഴി എത്തി റോഡ് മാര്‍ഗം അബുദാബിയിലേക്കു വരുന്ന പതിവ് ഏറിയതോടെയാണ് കര്‍ശന നിര്‍ദേശം.
ഐ.സി.എ ഗ്രീന്‍ സിഗ്‌നല്‍ ഇല്ലാതെ അബുദാബി വിസക്കാര്‍ ഏതു വിമാനത്താവളം വഴി യു.എ.ഇയില്‍ പ്രവേശിച്ചാലും ചിലപ്പോള്‍ മടങ്ങേണ്ടിവരും. ടിക്കറ്റ് തുകയും നഷ്ടമാകും.
അബുദാബിയിലെ നിയമം അനുസരിച്ച് 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ ഉണ്ട്. ദുബായ് ഉള്‍പ്പെടെ മറ്റു എമിറേറ്റുകള്‍ വഴി വരുന്ന അബുദാബി വിസക്കാര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.






