റിയാദ് - വിദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്ന യാത്രക്കാരുടെ പക്കൽ മുവായിരം റിയാലിൽ കൂടുതൽ വിലയുള്ള വ്യക്തിപരമായ പുതിയ വസ്തുക്കളുണ്ടെങ്കിൽ നികുതി നൽകേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ഉപയോഗിച്ച വ്യക്തിപരമായ വസ്തുക്കൾക്ക് കസ്റ്റംസ് തീരുവ ബാധകമല്ലെന്ന് സൗദി കസ്റ്റംസ് വ്യക്തമാക്കി. പഠന, ജോലിയാവശ്യാർഥം വിദേശങ്ങളിൽ കഴിയുന്ന സൗദികൾ പഠനവും ജോലിയും പൂർത്തിയായി സ്വദേശത്ത് തിരിച്ചെത്തുമ്പോൾ, ഇക്കാര്യം സ്ഥിരീകരിക്കുന്ന രേഖകൾ സമർപ്പിച്ച് ഉപയോഗിച്ച വീട്ടുപകരണങ്ങൾക്കും വ്യക്തിപരമായ വസ്തുക്കൾക്കും കസ്റ്റംസ് തീരുവ അടക്കേണ്ടതില്ലെന്നും സൗദി കസ്റ്റംസ് പറഞ്ഞു.