മാനന്തവാടി-വീൽചെയറിലും പോരാട്ടവീര്യവുമായി വടക്കേ വയനാട് മുൻ എം.എൽ.എ കെ.സി.കുഞ്ഞിരാമൻ. തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായി തന്നെ വന്നുകണ്ട സിറ്റിംഗ് എം.എൽഎ. ഒ.ആർ.കേളുവിനോടു കെ.സി എന്നു ചുരക്കപ്പേരുള്ള കുഞ്ഞിരാമൻ പറഞ്ഞു: സഖാവ് ജയിക്കും, ഉറപ്പാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് അപകടത്തിൽപ്പെട്ടു ശരീരം തളർന്ന് കുഞ്ഞിരാമൻ കിടപ്പിലായത്. കൃഷിയിടത്തിൽ മരം മുറിക്കുന്നതിനിടെ മരത്തിന്റെ ശിഖരം ദേഹത്തുവീണായിരുന്നു അപകടം. അരയ്ക്കു താഴെ തളർന്ന കുഞ്ഞിരാമൻ ദീർഘകാലത്തെ ചികിത്സയ്ക്കുശേഷമാണ് വീൽ ചെയറിയിൽ സഞ്ചരിക്കാമെന്ന സ്ഥിതിയിലായത്. ഇപ്പോഴും ചികിത്സയിലാണ്.
വടക്കേ വയനാട് മണ്ഡലത്തിൽ അഞ്ചു തവണ സി.പി.എം സ്ഥാനാർഥിയായിരുന്നു കാരക്കാമല സ്വദേശിയായ കുഞ്ഞിരാമൻ. 1987,1991,1996 തെരഞ്ഞെടുപ്പുകളിൽ തോറ്റ അദ്ദേഹം 2006ലാണ് മണ്ഡലത്തിൽ വിജയക്കൊടി നാട്ടിയത്. മുസ്‌ലിംലീഗിലെ പി.ബാലനെതിരെയായിരുന്നു വിജയം. 2011ൽ വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസിലെ പി.കെ.ജയലക്ഷ്മിയോടു തോറ്റു. ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റുമായിരുന്നു കുഞ്ഞിരാമൻ. ഈ പദവി ഇപ്പോൾ വഹിക്കുന്നതു കേളുവാണ്.






