Sorry, you need to enable JavaScript to visit this website.

കാതിനിമ്പം സൊനോബിയ 

സൊനോബിയ സഫർ

അനന്തപുരിയിലെ മണക്കാട്ടുനിന്നും ഒരു പുതുസ്വരം കാതിൽ നിറയുകയാണ്. സൊനോബിയ സഫർ എന്ന പുതുഗായികയുടെ ശബ്ദമാണ് ഇപ്പോൾ എല്ലാവരുടെയും ചുണ്ടിൽ തത്തിക്കളിക്കുന്നത്. കുടുംബാംഗങ്ങളെല്ലാം ആതുര ശുശ്രൂഷയാണ് ജീവിത മാർഗമായി തെരഞ്ഞെടുത്തതെങ്കിൽ അവരിൽനിന്നെല്ലാം വ്യത്യസ്തമായി പാട്ടിന്റെ വഴിയിലൂടെയുള്ള സഞ്ചാരമായിരുന്നു ഈ ഐ.ടി പ്രൊഫഷനൽ തെരഞ്ഞെടുത്തത്.

'ഒരേ പകൽ ഒരേ ഇരുൾ
അതേ വെയിൽ അതേ നിഴൽ
ഏതോ കാലം ദൂരെ തേടുന്നു
തീരാതീ ജന്മം നീളുന്നു...'
ദൃശ്യം 2 ലെ ഈ ഒരേയൊരു ഗാനം ശ്രോതാക്കളുടെ കാതിൽ കുളിർമഴയായാണ് വർഷിച്ചിരിക്കുന്നത്. മണക്കാട്ടെ വീട്ടിലും ആ സന്തോഷം നിറയുന്നു. നിനച്ചിരിക്കാതെ പാട്ടിന്റെ ലോകത്തേക്കു കടന്നുവന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയായിരുന്നു സൊനോബിയ സഫർ.

പേരിലുമുണ്ടല്ലോ വൈവിധ്യം?
മുത്തശ്ശിയാണ് ഈ പേരു സമ്മാനിച്ചത്. പ്രകാശത്തിന്റെ ഗ്രീക്ക് ദേവതയാണ് സീയൂസ്. സീയൂസിന്റെ സേനയെന്നാണ് സൊനോബിയ എന്ന വാക്കിന്റെ അർത്ഥം. സൊനോബിയ എന്ന പേരിൽ സിറിയയിൽ പണ്ട് ഒരു രാജ്ഞിയുമുണ്ടായിരുന്നു. ഏതോ മാസികയിൽ ഈ കഥ വായിച്ചാണ് മുത്തശ്ശി ആ പേരിട്ടത്. പലരും പേരു ചോദിക്കുമ്പോൾ വീണ്ടും ഒന്നുകൂടി ചോദിക്കും. എനിക്കും ഏറെയിഷ്ടമാണ് ഈ പേര്.

 

പാട്ടുമായി കൂട്ടുകൂടിയത്?
ഡോക്ടർമാരുടെ കുടുംബമായിരുന്നിട്ടും ഞാനൊരാൾ മാത്രമാണ് സംഗീത ലോകത്തെത്തിയത്. കുട്ടിക്കാലം തൊട്ടേ പാട്ട് ഒരുപാടിഷ്ടമായിരുന്നു. ഉമ്മക്കും പാട്ട് ഇഷ്ടമായിരുന്നു. ഇടക്ക് വീട്ടിൽ പാടാറുമുണ്ട്. സ്‌കൂൾ ക്ലാസുകളിൽ പാട്ടുമത്സരത്തിന് പ്രേരിപ്പിച്ചിരുന്നതും ഉമ്മയായിരുന്നു. കുറച്ചുകാലം കർണാടിക് സംഗീതവും അഭ്യസിച്ചു. വളർന്നപ്പോൾ വോയ്‌സ് ഓവർ ആർട്ടിസ്റ്റായി. മലബാർ ഗോൾഡ്, ജോയ് ആലൂക്കാസ്, ഭീമ തുടങ്ങി ഒട്ടേറെ ബ്രാൻഡുകളുടെ പരസ്യങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.

സിനിമയിലെത്തിയത്?
ക്യൂൻ എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത്. ഐ.ബി.എസിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ജേക്ക്‌സ് ബിയോജിയുടെ സംഗീതത്തിൽ ബെന്നി ദായലിനും സിയാവുൽ ഹഖിനും കവിതാ ഗോപിക്കുമൊപ്പമായിരുന്നു 'സാറെ ഞങ്ങൾ...' എന്ന ഗാനം ആലപിച്ചത്. അടുത്തത് ഒരു കരീബിയൻ ഉഡായിപ്പ് എന്ന ചിത്രമായിരുന്നു. ഗായിക അരുന്ധതിയുടെ മകൾ ചാരു ഹരിഹരനായിരുന്നു 'നിമിഷമേ...' എന്ന ഗാനത്തിന് സംഗീതം നൽകിയത്. കൂടാതെ കൈലാസ് മേനോന്റെ ഇലവൻ ഡേയ്‌സ് എന്ന അറബിക് സിനിമയിൽ ഒരു ഇംഗ്ലീഷ് പാട്ടും പാടി. സുധീർ കൊണ്ടേരിയായിരുന്നു ആ ചിത്രത്തിന്റെ സംവിധായകൻ.

 

ദൃശ്യം 2 ലേക്കുള്ള വഴി?
പരസ്യ ചിത്രങ്ങളുടെ സംവിധായകരിൽനിന്നാണ് ദൃശ്യം 2 ന്റെ സംഗീത സംവിധായകനായ അനിൽ ജോൺസന്റെ ഫോൺ നമ്പർ കിട്ടിയത്. ഒരു ദിവസം അദ്ദേഹത്തെ വിളിച്ചു പരിചയപ്പെട്ടു. ഞാൻ പാടിയ പാട്ടുകളുടെ ഡെമോയും അയച്ചുകൊടുത്തു. ഭാഗ്യമെന്നു പറയട്ടെ, രണ്ടാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം തിരിച്ചുവിളിച്ചു. പുതിയൊരു ചിത്രത്തിന്റെ ഭാഗമാകാമോ എന്നു ചോദിച്ചു. സമ്മതം മൂളി. പിന്നീടാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണെന്നു മനസ്സിലായത്. അപ്പോഴാണ് ശരിക്കും ഞെട്ടിയത്. ദൃശ്യം 2 ന്റെ പാട്ടുകൾ ചിട്ടപ്പെടുത്തുന്ന സമയമായിരുന്നു. ഒരു പുതിയ ശബ്ദം തേടിയുള്ള അവരുടെ യാത്ര എന്നിൽ അവസാനിക്കുകയായിരുന്നു. കാരണം എന്റെ ശബ്ദം സംവിധായകനായ ജിത്തു ജോസഫ് സാറിനും ഗാനരചയിതാവായ വിനയ് ശശികുമാറിനും സംഗീത സംവിധായകനുമെല്ലാം ഇഷ്ടപ്പെട്ടിരുന്നു.

റെക്കോഡിംഗ് അനുഭവം?
കഴിഞ്ഞ നവംബറിൽ കൊച്ചിയിലായിരുന്നു റെക്കോഡിംഗ്. ഒരു പകലും രാത്രിയുമെടുത്താണ് ആ പാട്ട് പൂർത്തിയാക്കിയത്. ശനിയാഴ്ച തുടങ്ങി ഞായറാഴ്ച പുലർച്ച വരെ നീണ്ട റെക്കോഡിംഗ്. കേൾക്കുമ്പോൾ നിസ്സാരമായി തോന്നുമെങ്കിലും ഒരുപാട് കോംപ്ലിക്കേഷൻസ് ആ പാട്ടിലുണ്ടായിരുന്നു. പാടിത്തുടങ്ങി കുറെ റീടേക്ക് ആയപ്പോൾ എനിക്ക് ടെൻഷൻ തുടങ്ങി. എന്നെ ഒഴിവാക്കും, പുതിയ ഗായികയെ അന്വേഷിക്കും എന്നൊക്കെ മനസ്സിൽ കരുതി. ഉച്ചയായപ്പോൾ സംവിധായകൻ ജിത്തു ജോസഫ് സാർ സ്റ്റുഡിയോയിലെത്തി. കുഴപ്പമില്ല. നിങ്ങളുടെ ശബ്ദം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. എത്ര ദിവസമെടുത്തായാലും ശരി പാടിക്കഴിഞ്ഞിട്ടു പോയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞപ്പോൾ എന്തോ ആത്മവിശ്വാസം തോന്നി. എന്നെ ഒഴിവാക്കില്ല. ഇവർ എന്നെയും കൊണ്ടേ പോകൂ എന്നു തോന്നി. എന്നിൽ അവർക്ക് അത്ര വിശ്വാസമുണ്ടെങ്കിൽ ഒന്നുകൂടി ശ്രമിക്കാമെന്ന് ഞാനും കരുതി. ഒരു പകലും രാത്രിയും കഴിഞ്ഞു. അപ്പോഴും ശരിയായില്ല. ഒടുവിൽ അടുത്ത ദിവസം വെളുപ്പിന് എടുത്ത ടേക്ക് ആണ് ഓകെയായത്. ആ രാത്രി ഞാൻ ഉറങ്ങിയതേയില്ല. എനിക്കു വേണ്ടി ഉറക്കമിളച്ച് ക്ഷമയോടെ വീണ്ടും വീണ്ടും പാടാൻ അവസരം ഒരുക്കിയ അനിൽ ചേട്ടനെ ഒരിക്കലും മറക്കാനാവില്ല.

 

പാട്ട് കേട്ടപ്പോൾ എന്തു തോന്നി?
പാട്ട് എല്ലാവർക്കും ഇഷ്ടമായി. വ്യത്യസ്തതയുള്ള പാട്ടാണെന്ന് പലരും പറഞ്ഞു. ലാലേട്ടനും പാട്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.

ജോലി ഉപേക്ഷിക്കാനുള്ള കാരണം?
ഗൾഫിലാണ് ജനിച്ചുവളർന്നത്. പത്താം ക്ലാസ് കഴിഞ്ഞാണ് കേരളത്തിലെത്തിയത്. കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷനിൽ ബി.ടെക് പാസായി. ഇൻഡോറിൽനിന്നും എം.ബി.എയുമെടുത്തു. അതു കഴിഞ്ഞാണ് തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഐ.ബി.എസിൽ ജോലി നേടിയത്. ആറു വർഷത്തോളം ജോലി നോക്കി. ജോലിക്കിടയിൽ പാർട്ട് ടൈമായി വോയ്‌സ് ഓവർ ചെയ്യാറുണ്ടായിരുന്നു. പാട്ടിൽ കൂടുതൽ ശ്രദ്ധിക്കണമെന്നു തോന്നിയപ്പോഴാണ് ജോലി ഉപേക്ഷിച്ചത്.

 

ഇഷ്ട ഗായകർ?
മലയാളത്തിൽ ശ്വേതാ മോഹനെയാണ് ഏറെയിഷ്ടം. കൂടാതെ ഹരിശങ്കറിനെയും ഇഷ്ടമാണ്. ഹിന്ദിയിൽ ജോനിതാ ഗാന്ധിയെയാണ് ഇഷ്ടം. ബോളിവുഡിലെ പ്രശസ്ത ഗായികയാണവർ. ഏതു തരം പാട്ടുകളും അവരുടെ കൈയിൽ ഭദ്രമാണ്. ഇമോഷനലുകളെന്നോ ഫാസ്റ്റ് നമ്പറുകളെന്നോ വ്യത്യാസമില്ല. സ്വാനന്ദ് കിർകിറെയെയും ഇഷ്ടമാണ്. കൂടാതെ പോപ്പ് ഗായികയായ അഡലും പ്രിയ ഗായികയാണ്. കോളേജ് പഠനകാലത്ത് അഡലിന്റെ ഇംഗ്ലീഷ് പാട്ടുകളാണ് പാടിയിരുന്നത്.

കുടുംബ വിശേഷം?
യു.എ.ഇയിൽ ഡോക്ടറായ സഫറുല്ല ഖാനാണ് ബാപ്പ. ഉമ്മ സുരയ്യ. ചേട്ടൻ ആസിഫ് സഫറുല്ല അമേരിക്കയിൽ ഡോക്ടറാണ്. ചേട്ടന്റെ ഭാര്യ ആയിഷയും ഡോക്ടറാണ്. ഭർത്താവ് നവീൻ ജാസ്മിൻ തിരുവനന്തപുരത്ത് പി.ആർ.എസ് ആശുപത്രിയിലെ ഐ.സി.യു മേധാവിയാണ്. മൂത്ത മകൻ റയാന് അഞ്ചു വയസ്സായി. ഇളയ മകൾ ഐറക്ക് രണ്ടര വയസ്സും.

പുതിയ ഗാനങ്ങൾ?
പുതിയ രണ്ടു ചിത്രങ്ങളിൽ പാടിക്കഴിഞ്ഞു. ഒന്നുരണ്ടു ചിത്രങ്ങളിലേക്കും കരാറായിട്ടുണ്ട്. ആലാപന രംഗത്ത് നിലയുറപ്പിക്കാനാണ് താൽപര്യം. എ.ആർ. റഹ്മാന്റെയും ഷാൻ റഹ്മാന്റെയും സുഷിൻ ശ്യാമിന്റെയുമെല്ലാം പാട്ടുകൾ പാടാനും മോഹമുണ്ട്.

Latest News