ന്യൂദല്‍ഹി - ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ലാതായി മാറിയിരിക്കുന്നുവെന്ന പ്രസ്താവനക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇറാഖിലെ സ്വേഛാധിപതി സദ്ദാം ഹുസൈനും ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫിയുമെല്ലാം തെരഞ്ഞെടുപ്പുകള്‍ ജയിച്ചിരുന്നുവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രൗണ്‍ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അശുതോഷ് വാര്‍ഷ്‌നിയുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുകയാണെന്ന തന്റെ വാദം രാഹുല്‍ ആവര്‍ത്തിച്ചത്.
സദ്ദാം ഹുസൈനും ഗദ്ദാഫിയുമെല്ലാം തെരഞ്ഞെടുപ്പുകള്‍ ജയിച്ചിരുന്നവരാണ്. അവിടെ ആളുകള്‍ വോട്ട് ചെയ്യാതിരുന്നിട്ടില്ല. പക്ഷേ ആ വോട്ടുകളെ ശരിയായി സംരക്ഷക്കുന്നിതിനുള്ള വ്യവസ്ഥാപിത ചട്ടക്കൂട് ഉണ്ടായിരുന്നില്ലെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് എന്നുവെച്ചാല്‍ ആളുകള്‍ പോയി വോട്ടിംഗ് മെഷീനില്‍ ബട്ടന്‍ അമര്‍ത്തുന്നതല്ല. അതൊരു ജനവികാരത്തിന്റെ പ്രകടനമാണ്. തെരഞ്ഞെടുപ്പ് എന്നാല്‍ രാജ്യത്തെ സംവിധാനങ്ങളെല്ലാം ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യവസ്ഥാപിതമായി ഉറപ്പു വരുത്തല്‍ കൂടിയാണ്. ഒപ്പം രാജ്യത്തെ ജുഡീഷ്യറി സ്വതന്ത്രവും പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നതും കൂടിയാണ്. എങ്കില്‍ മാത്രമേ ജനത്തിന്റെ വോട്ട് ശരിയായി വിനിയോഗിക്കപ്പെട്ടു എന്ന് പറായനാവൂ എന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.






