ന്യൂദല്‍ഹി- ഹിമാചല്‍പ്രദേശില്‍നിന്നുള്ള ബിജെപി എംപി രാം സ്വരൂപ് ശർമയെ (62) ദല്‍ഹിയിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ദൽഹി നോർത്ത് അവന്യൂവിലെ ശർമയുടെ വീട്ടിലാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഭാര്യയും മൂന്ന് ആണ്‍മക്കളുമുണ്ട്.
ശർമയുടെ മരണത്തെ തുടർന്ന് ഇന്ന് രാവിലെ ചേരാനിരുന്ന ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗം മാറ്റിവെച്ചു. ഹിമാചൽ പ്രദേശിലെ മാൻഡി സ്വദേശിയാണ്. 2014ലാണ് ലോക്സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2019 ൽ വീണ്ടും മാൻഡിയിൽനിന്നും എംപിയായി. വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും അംഗമായിരുന്നു.
ജീവനൊടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സൂചനകളില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. അകത്തുനിന്ന് പൂട്ടിയ വീട്ടിലെ ഇലക്ട്രിക് ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടതിനെ തുടർന്ന് ജോലിക്കാരില്‍ ഒരാളാണ് പോലീസിനെ അറിയിച്ചത്.






