ആലപ്പുഴ- ചെന്നിത്തലയെന്ന ഗ്രാമത്തിന്റെ പേര് ഉയരുമ്പോൾ തന്നെ കൊച്ചുകുട്ടികൾക്കുപോലും മനസിലെത്തുന്നത് രമേശ് ചെന്നിത്തലയെന്ന അതികായനായിരിക്കും. ഹരിപ്പാട് എന്ന് കേട്ടാലും രമേശ് ചെന്നിത്തലയുടെ നാട് എന്ന് ആരും പറയും. അത്രമേൽ ഇഴചേർന്നതാണ് ചെന്നിത്തലയും ഹരിപ്പാടും തമ്മിൽ. ഹരിപ്പാട് മണ്ഡലാതിർത്തി കഴിഞ്ഞാലുടൻ ചെന്നിത്തലയാകും. അത് മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമാണെങ്കിലും രമേശ് ചെന്നിത്തലയ്ക്ക് ഹരിപ്പാടാണ് ഇഷ്ടം. രാഷ്ട്രീയത്തിലെ ഗുരുവും ലീഡറുമായ കെ. കരുണാകരൻ കൈപിടിച്ച് കൊണ്ട് നിർത്തിയത് ഹരിപ്പാട്ടാണ്. ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഗ്രാമവികസനവകുപ്പിന്റെ ചുമതല നൽകി കേരളത്തിലെ ഏറ്റവും പ്രായകുറഞ്ഞ മന്ത്രിയെന്ന ഖ്യാതി നേടിക്കൊടുത്തതും ലീഡറാണ്. ലീഡർ ചൂണ്ടിക്കാട്ടിയ മണ്ഡലം വിട്ട് ഒരിക്കൽപ്പോലും രമേശ് നിയമസഭാപോരാട്ടത്തിന് ഇറങ്ങിയിട്ടില്ല. ഇത്തവണയും നേമം ഉൾപ്പെടെയുള്ള മണ്ഡലങ്ങളെക്കുറിച്ച് ചർച്ച വന്നെങ്കിലും ഹരിപ്പാടാണ് എന്റെ തറവാടാണെന്ന് പറഞ്ഞ് ഇവിടേക്ക് അണയാനാണ് അദ്ദേഹം തിടുക്കം കാട്ടിയത്. സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന രമേശ് മണ്ഡലത്തിലുടനീളമുള്ള ജനങ്ങളെ ഓരോരുത്തരേയും പേരെടുത്ത് വിളിക്കാനുള്ള ബന്ധം സ്ഥാപിച്ചെടുത്തിട്ടുണ്ട്. എവിടെപ്പോയാലും ആഴ്ചയിൽ ഒന്ന് രണ്ട് ദിവസം ഹരിപ്പാട്ടെത്തി, ഇവിടുത്തുകാരുടെ ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് അവരിലൊരാളായി മാറുന്നു.
ഏത് പ്രവർത്തകനും നേരിൽ കാണാം, എന്തു പ്രശ്നവും തുറന്നുപറയാം. പലപ്പോഴും ചെന്നിത്തലയെ കാണാനെത്തുന്നവർ പറയുന്നത് രാഷ്ട്രീയമല്ല, വീട്ടുവിശേഷങ്ങളായിരിക്കും. തിരക്കുള്ള സമയത്ത് പോലും വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിക്കാനും ഇടപെടേണ്ടതാണെങ്കിൽ ഇടപെടാനും ചെന്നിത്തല മടികാട്ടിയിട്ടില്ലെന്ന് പ്രവർത്തകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. രമേശ് ചെന്നിത്തല ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു.
ചെന്നിത്തല സ്കൂളിലെ കെഎസ്യുവിന്റെ യൂണിറ്റ് പ്രസിഡന്റായിരുന്ന രമേശ്, തൊട്ടടുത്ത വർഷം തന്നെ മാവേലിക്കര താലൂക്കിലെ കെഎസ്യു ജനറൽ സെക്രട്ടറിയായി. പിന്നീട് കെഎസ്യു ആലപ്പുഴ ജില്ലാ ട്രഷറർ. 1975-ൽ കെഎസ്യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, മൂന്നുവർഷത്തിനുള്ളിൽ സംസ്ഥാന വൈസ് പ്രസിഡന്റ്, തൊട്ടടുത്തവർഷം സംസ്ഥാന ജനറൽ സെക്രട്ടറി. 1980-ലെത്തിയപ്പോൾ കെഎസ്യുവിന്റെ അമരക്കാരനായി ചെന്നിത്തല കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.
ചെന്നിത്തലയെ രാഷ്ട്രീയ കേരളം സ്വയം ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. 1982-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡർ കെ. കരുണാകരന്റെ കൈപിടിച്ച് ഹരിപ്പാടെത്തിയ രമേശ് ചെന്നിത്തലയെന്ന 26-കാരനെ വോട്ടർമാർ നിയമസഭയിലെത്തിച്ചു. ഇതിനിടെ പാർട്ടിയിലെ പ്രമുഖ സ്ഥാനങ്ങളുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തു. 1982-ൽ എൻ.എസ്.യുവിന്റെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയരാഷ്ട്രീയവും ഈ യുവാവിന്റെ പിന്നാലെ നടന്നു. പിന്നീട് മൂന്നുവർഷമേ വേണ്ടിവന്നുള്ളൂ, യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി സ്ഥാനം നേടാൻ. 1986-ൽ ചെന്നിത്തല ഗ്രാമവികസന മന്ത്രിയുടെ പദവിയിലെത്തുമ്പോൾ, ആ പ്രായത്തിൽ ചരിത്രത്തിലാരും കാബിനറ്റ് പദവിയുള്ള മന്ത്രിക്കസേരയിൽ ഇരുന്നിട്ടുണ്ടായിരുന്നില്ല. അതേവർഷം തന്നെ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് നിന്നുതന്നെ വീണ്ടും എംഎൽഎയായി. അതിനടുത്തവർഷം, അതായത് 1989-ൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ മൽസരത്തിനിറങ്ങി. 53,000 വോട്ടിന്റെ മികച്ച ഭൂരിപക്ഷവുമായി ചെന്നിത്തല പാർലമെന്റിന്റെ പടികയറി.
ഒരുവർഷത്തിന് ശേഷം യൂത്ത് കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നിത്തല 91-ൽ വീണ്ടും കോട്ടയത്ത് നിന്ന് 65,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ലോക്സഭയിലെത്തി. എഐസിസി ജോയിന്റ് സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത് 95-ലാണ്. അതിനടുത്ത വർഷം തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷത്തേക്കാൾ 2000 വോട്ടുകൾ കൂടുതൽ നേടി കോട്ടയത്ത് നിന്ന് വീണ്ടും എം.പിയായി. പിന്നീട് 99ൽ മാവേലിക്കരയിൽ നിന്നും ലോക്സഭയിലേക്ക് വൻഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ.സി.സി അംഗമായും ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ചെന്നിത്തലയുടെ വളർച്ച രാഷ്ട്രീയ കേരളം ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യമാണ് ചെന്നിത്തലയെ ദേശീയ രാഷ്ട്രീയത്തിന്റെ നേതാവാക്കിയത്. ദക്ഷിണകേരളാ ഹിന്ദി പ്രചാരസഭയിൽ നിന്ന് പഠിച്ചെടുത്ത ഹിന്ദി വിശാരത് ആണ് ഉത്തരേന്ത്യൻ നേതാക്കളുമായി ആശയവിനിമയം നടത്താൻ ചെന്നിത്തലയെ തുണച്ചത്.
ചെന്നിത്തല 2005 ജൂൺ 24 മുതൽ കെ പി സി സി പ്രസിഡന്റ് പദവി ഏറ്റെടുത്തു. 2011ൽ ഹരിപ്പാട്ടുനിന്ന് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2014 മുതൽ 2016 മെയ് 24 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്നു. 2016ലും ഹരിപ്പാട് നിന്ന് തെരഞ്ഞെടുക്കപ്പെട്ട രമേശ് ഇടവേളയ്ക്കുശേഷം ഹാട്രിക്കിനായാണ് ഇത്തവണ ഇറങ്ങിയിരിക്കുന്നത്. 2011ൽ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ മൽസരിച്ച രമേശ് കഴിഞ്ഞതവണ ആഭ്യന്തരമന്ത്രിയുടെ പരിവേഷവുമായി എത്തി. ഇത്തവണ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എന്നതിനുപുറമെ, എല്ലാ വിഷയങ്ങളിലും ഇടപെടുന്ന പ്രതിപക്ഷ നേതാവായിട്ടാണ് വോട്ടഭ്യർഥിക്കുന്നത്.
തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്ന് നിയമബിരുദവും ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ നേടിയ ബിരുദവുമാണ് വിദ്യാഭ്യാസത്തിലെ കൈമുതൽ.
അഡ്വ. ആർ. സജിലാൽ
ചെന്നിത്തലയെന്ന അങ്കച്ചേകവരെ നേരിടാൻ സി.പി.ഐ കന്നിപ്പോരാളിയെയാണ് ഇറക്കിയിരിക്കുന്നത്. പ്രാരബ്ധങ്ങളോട് മല്ലിട്ട് ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെ നാടിന്റെ ആവശ്യങ്ങളറിഞ്ഞ് വിദ്യാർഥി-യുവജന സമരങ്ങളുടെ മുൻനിരയിൽനിന്ന് പോരടിച്ച വീറും വാശിയുമായാണ് കൊല്ലം അഞ്ചൽ സ്വദേശിയായ ആർ .സജിലാൽ ഹരിപ്പാടെത്തിയിരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം വന്നതുമുതൽ ഹരിപ്പാട്ടെ ഓരോ വോട്ടറേയും നേരിൽക്കണ്ട് വോട്ടുതേടുകയാണ് സൗമ്യനും ശാന്തശീലനുമായ ഈ യുവനേതാവ്. സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ എ.ഐ.എസ്.എഫിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നെങ്കിലും വീട്ടിലെ കഷ്ടപ്പാടുകൾ സജിലാലിനെ വേദനിപ്പിച്ചിരുന്നു. ഇതുമൂലം സ്കൂൾ പഠനത്തിനൊപ്പം ലോട്ടറി വിൽപ്പന നടത്തിയും ബരുദപഠനകാലത്ത് ഹോട്ടലിലും മറ്റും പാർട്ട്ടൈം ജോലി ചെയ്തുമൊക്കെയാണ് ജീവിതം മുന്നോട്ടുനീക്കിയത്.
അഞ്ചൽ ചെമ്പകാരാമനലൂർ ചന്ദ്രികാലയത്തിൽ കർഷക തൊഴിലാളിയായ രവീന്ദ്രന്റെയും ചന്ദ്രികയുടെയും മകനാണ് 41 വയസുള്ള അഭിഭാഷകനായ ആർ. സജിലാൽ. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമാണ്. കേരള സിറാമിക് ലിമിറ്റഡ് ഡയറക്ടർ, സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എന്നീ നിലയിലും പ്രവർത്തിക്കുന്നു. സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിൽ സജീവമായി . അഞ്ചൽ സെന്റ്ജോസ് കോളേജിൽ എ ഐ എസ് എഫ് യൂണിറ്റ് ഭാരവാഹി ആയിരുന്നു. പുനലൂർ മണ്ഡലം സെക്രട്ടറി ,കൊല്ലം ജില്ലാ പ്രസിഡന്റ് , സെക്രട്ടറി , സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ. എൽ .ബി നേടി .നിയമ വിദ്യാർത്ഥി ആയിരിക്കെ 2005ൽ ഇടമുളക്കൽ ഗ്രാമപഞ്ചായത്തു അംഗമായി വിജയിച്ചു.
ഒട്ടേറെ യുവജന വിദ്യാർത്ഥി സമരങ്ങളെ മുന്നിൽ നിന്ന് നയിച്ച സജിലാൽ പലതവണ പോലീസിന്റെ ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയായി .54 ദിവസം ജയിൽവാസം അനുഭവിച്ചു .റഷ്യ , നേപ്പാൾ എന്നിവിടങ്ങളിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തു. ഭാര്യ രമ്യ . മകൾ ശ്രീനന്ദ എസ് ലാൽ .
കെ. സോമൻ (എൻ.ഡി.എ)
എൻ.ഡി.എ സ്ഥാനാർഥി കെ. സോമനാകട്ടെ ഹരിപ്പാട് സ്വദേശിയാണ്. ബി.ജെ.പിയുടെ സൗത്ത് സോൺ പ്രസിഡന്റായ സോമൻ പാർട്ടിയെ ജില്ലയിൽ ശക്തിപ്പെടുത്തുന്നതിനായി അഹോരാത്രം പ്രയത്നിച്ചു. സൗത്ത് സോൺ പ്രസിഡന്റാകുന്നതിനുമുമ്പ് ജില്ലാ പ്രസിഡന്റായിരുന്നു. 1985 മുതൽ ആർ.എസ്.എസ് പ്രചാരക് ആയിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ് എൻഎസ്എസ് കരയോഗം പ്രസിഡന്റ് എന്നി നിലകളിലും പ്രവർത്തിച്ചു.






