Sorry, you need to enable JavaScript to visit this website.

സഞ്ചാരികളെ ആകർഷിച്ച്  ഷാർജ ദേശീയോദ്യാനം

ഷാർജയിലെ ഉദ്യാനങ്ങളിൽ ഏറ്റവും വലുതാണ് ഷാർജ ദേശീയ പാർക്ക്. ഷാർജ ദൈദ് ഹൈവേയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്താണ്  ഉദ്യാനം സ്ഥിതി ചെയ്യുന്നത്. 
156 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പാർക്കിൽ ഉല്ലാസത്തിനും വിശ്രമത്തിനുമുള്ള നിരവധി സംവിധാനങ്ങളുണ്ട്. കുട്ടികളുടെ കളിസ്ഥലങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. റോപ് ഗോവണി, ജംഗിൾ ജിം, താറാവ് കുളം, സൈകഌംഗ് ട്രാക്കുകൾ ഷാർജ നഗരത്തിലെ പ്രമുഖ ലാൻഡ് മാർക്കുകളുടെ മോഡലുകളുള്ള ഒരു മിനിയേച്ചർ സിറ്റി തുടങ്ങി ഹരിത കാന്തിക്കിടയിൽ കാണാൻ നിരവധി ഉല്ലാസങ്ങൾ ഇവിടെയുണ്ട്. ഫുട്‌ബോൾ പോലുള്ള കായിക വിനോദങ്ങൾ ഇവിടെ അനുവദനീയമല്ല. നായകളുമായി പാർക്കിൽ പ്രവേശിക്കാൻ അനുവാദമില്ല.കാറ്റത്ത് മണൽ കൂമ്പാരങ്ങൾ ഒത്തുകൂടി കുന്നായി മാറിയത് പോലെയാണ് അഴക് നിർണയിച്ചിരിക്കുന്നത്. 
പുൽമേടുകൾക്ക് അഴക് വിരിക്കുന്ന പല വർണപ്പൂക്കൾ, പൂമ്പാറ്റകൾ, തുന്നാരം കിളികൾ, ഗാഫ് മരങ്ങൾ. പീതവർണമാർന്ന മരുഭൂമിയിലൂടെ മേഞ്ഞുനടക്കുന്ന ഒട്ടകങ്ങൾ തുടങ്ങി കാഴ്ചയെ ആകർഷിക്കുന്ന നിരവധി ഉല്ലാസങ്ങൾ ഇവിടെയുണ്ട്. ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാലു കിലോമീറ്ററും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 27 കിലോമീറ്ററും അകലെയാണ് ഷാർജ നാഷണൽ പാർക്ക്. പരമ്പരാഗത അറബ് വാസ്തുവിദ്യയും സമകാലീന യൂറോപ്യൻ ശൈലികളും തമ്മിലുള്ള ഏകത കാണിക്കുന്ന തരത്തിൽ മുഴുവൻ സ്ഥലവും രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഗുണനിലവാരമുള്ള ലഘുഭക്ഷണം ലഭിക്കുന്ന കഫ്റ്റീരിയകളും ഐസ്‌ക്രീം പാർലറുകളും ഇവിടെയുണ്ട്. പാർക്കിലെ പള്ളിയിൽ സ്ത്രീകൾക്ക് നമസ്‌കരിക്കുവാനുള്ള സൗകര്യമുണ്ട്. നിരവധി ജോഗിങ്, സൈകഌങ് ട്രാക്കുകൾ പാർക്കിൽ ഉണ്ട്. കുടുംബങ്ങളാണ് ഇവിടെ എത്തുന്നവരിൽ അധികവും. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം. 
മുതിർന്നവർക്ക് ആറു ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഷാർജ നാഷനൽ പാർക്ക് ബന്ധപ്പെടേണ്ട നമ്പർ: 065458996. രാവിലെ എട്ടു മണി മുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം. ഷാർജ നാഷനൽ പാർക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരം 04:00 മുതൽ രാത്രി 08:00 വരെ. 

Latest News