വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക, വ്യാജന്മാര്‍ വാഴുന്നു

അബുദാബി- വിമാന ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതില്‍ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. ചെറിയ ലാഭം നോക്കി വ്യാജ സൈറ്റിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് വഞ്ചിതരാകരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
ഇങ്ങനെ പണം നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കുന്നവര്‍ എയര്‍ലൈനിന്റെയോ അംഗീകൃത ട്രാവല്‍ ഏജന്‍സികളുടെയോ വെബ്‌സൈറ്റ് തന്നെ ഉപയോഗിക്കണം. കഴിയുമെങ്കില്‍ നേരിട്ടു തന്നെ ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നതായിരിക്കും ഉചിതമെന്നും പോലീസ് അറിയിച്ചു.

വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് റീഫണ്ടാക്കുകയാണു വ്യാജ സൈറ്റുകാര്‍ ചെയ്യുക. ഇക്കാര്യം ചെക്ക് ഇന്‍ കൗണ്ടര്‍ ഉദ്യോഗസ്ഥര്‍ പറയുമ്പോഴാവും യാത്രക്കാരന്‍ അറിയുക. വന്‍ തുക നല്‍കി അവസാന നിമിഷം വിമാനത്താവളത്തില്‍നിന്നു ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടി വരുന്നു. ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുത്ത പലര്‍ക്കും ഇങ്ങനെ വിമാനത്താവളത്തില്‍നിന്നു മടങ്ങേണ്ടി വന്നു. എയര്‍ലൈനുകളുടെ പ്രാദേശിക ഓഫിസിനെ സമീപിച്ചാലും ഇടപാട് വെബ്‌സൈറ്റിലൂടെയായതിനാല്‍ ഫലമുണ്ടാകില്ല.
കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ നല്‍കിയാണ് വ്യാജസൈറ്റുകാര്‍ ഇടപാടുകാരെ വീഴ്ത്തുന്നത്.

 

Latest News