വടകര - കേന്ദ്ര സർക്കാർ നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ ജനദ്രോഹ നടപടികളെ കോൺഗ്രസ് എതിർക്കുന്നില്ലെന്ന് എളമരം കരീം എം.പി കുറ്റപ്പെടുത്തി. ഇത് ചില ഒത്തുകളിയുടെ ഭാഗമാണ്. സോണിയാ ഗാന്ധിയുടെ മകളുടെ ഭർത്താവിന്റെ ഗുരുതരമായ സാമ്പത്തിക കേസ് അതേപടി കിടക്കുന്നത് ഇതിന്റെ ഭാഗമാണ്. എൽ.ഡി.എഫ് കുറ്റിയാടി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഒരു സംസ്ഥാനത്തുമില്ലാത്ത സമാനതകളില്ലാത്ത ഭരണമാണ് കേരളത്തിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്നത്. എല്ലാ മേഖലയിലും വികസനമെത്തിക്കാൻ സർക്കാരിനായിട്ടുണ്ട്. പ്രകൃതി ദുരന്തവും മഹാമാരിയും കേരളത്തെ തകർത്തപ്പോൾ ജനങ്ങൾക്ക് ഒരു പ്രയാസവുമില്ലാതെ നോക്കാൻ സർക്കാരിനായതായി അദ്ദേഹം പറഞ്ഞു. ഒരു ഭരണ തുടർച്ച കേരള ജനത ആഗ്രഹിക്കുന്നുണ്ട്.
എൽ.ഡി.എഫിനെ തകർക്കാൻ പഴയത് പോലെ യു.ഡി.എഫിന് ഇത്തവണയും ബി. .ജെ പി ബന്ധം മറനീക്കി പുറത്ത് വന്നതായി അദ്ദേഹം പറഞ്ഞു. അതിന് ഉദാഹരണമാണ് മലമ്പുഴയിലെ സ്ഥിതി. അവിടെ ബി .ജെ. പിയെ തോൽപ്പിക്കാനല്ല കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയത്. പി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. പി. മോഹനൻ ,സത്യൻ മൊകേരി,മുക്കം മുഹമ്മദ്,കെ .പി കുഞ്ഞമ്മദ്കുട്ടി,സി ഭാസ്‌കരൻ,കെ .കെ ലതിക,സി .സത്യചന്ദ്രൻ,സി.എച്ച് ഹമീദ്,കെ.കെ ദിനേശൻ,കെ.പി പവിത്രൻ,വിനോദ് ചെറിയത്ത്, കെ .ലോഹ്യ, ആയാടത്തിൽ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.






