മലപ്പുറം - ജില്ലയിലെ തീരദേശ മണ്ഡലങ്ങളാണ് പൊന്നാനിയും താനൂരും. അറബിക്കടലിലെ തിരയിളക്കം പോലെ രണ്ടു മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പെത്തുമ്പോൾ രാഷ്ട്രീയം ഇളകി മറിയും. പൊന്നാനിയിൽ തെരഞ്ഞടുപ്പ് എല്ലാകാലത്തും ഇരുമുന്നണികൾക്കും വാശിനിറഞ്ഞതാണ്. താനൂരാകട്ടെ കുറെ കാലം മുസ്‌ലിം ലീഗിന്റെ ഉറച്ച കോട്ടയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെയുണ്ടായ അട്ടിമറിയുടെ തിരകൾ ഇപ്പോഴും അടങ്ങിയിട്ടില്ല.
പൗരാണിക തുറമുഖ നഗരമായ പൊന്നാനിയുടെ തെരഞ്ഞെടുപ്പ് ചരിത്രവും പ്രത്യേകതകൾ ഏറെയുള്ളതാണ്. സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ കാലഘട്ടം തൊട്ടേ ചരിത്രത്തിൽ അടയാളപ്പെടുത്തലുകൾ നടത്തിയ നാട് കൂടിയാണ് പൊന്നാനി. ശൈഖ് സൈനുദ്ദീൻ മഖ്ദൂമിൻെറയും വെളിയങ്കോട് ഉമർഖാദിയുടെയും സ്വാതന്ത്ര്യസമര സേനാനി ഇ.മൊയ്തു മൗലവിയുടെയും പ്രവർത്തന മണ്ഡലം. കമ്യൂണിസ്റ്റ് ആശയങ്ങളെയും പിന്തുണച്ചവരാണ് പൊന്നാനിയിലുള്ളവർ. കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന ഇ.കെ. ഇമ്പിച്ചിബാവയുടെയും കൊളാടി ഗോവിന്ദൻകുട്ടിയുടെയും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വളമേകിയ മണ്ണാണിത്.
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികളെ മാറി മാറി വിജയിപ്പിക്കുന്ന മണ്ഡലമാണ് പൊന്നാനി. കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിലും പൊന്നാനി ഇടതുപക്ഷത്തോടൊപ്പമാണ്. പൊന്നാനി നഗരസഭ, വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് എന്നീ തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെട്ടതാണ് പൊന്നാനി മണ്ഡലം. പൊന്നാനി നഗരസഭയും മാറഞ്ചേരി,പെരുമ്പടപ്പ്,നന്നംമുക്ക്,ആലങ്കോട് പഞ്ചായത്തുകളും എൽ.ഡി.എഫ് ഭരിക്കുന്നു. വെളിയങ്കോട് പഞ്ചായത്ത് മാത്രമാണ് നറുക്കെടുപ്പിലൂടെ യു.ഡി.എഫിനൊപ്പം നിൽക്കുന്നത്. നന്നംമുക്ക് പഞ്ചായത്ത് നറുക്കെടുപ്പിലൂടെയാണ് ഇത്തവണ എൽ.ഡി.എഫിന് ലഭിച്ചത്. ജില്ലാ പഞ്ചായത്തിൽ മണ്ഡലത്തിലെ ചങ്ങരംകുളം, മാറഞ്ചേരി ഡിവിഷനുകളിൽ എൽ.ഡി.എഫാണ് വിജയിച്ചത്.
കേരളപിറവിക്ക് ശേഷം നടന്ന ആദ്യത്തെ രണ്ട് തെരഞ്ഞെടുപ്പുകളിൽ പൊന്നാനി ദ്വയാംഗമണ്ഡലമായിരുന്നു. 57ൽ കോൺഗ്രസിലെ കെ.കുഞ്ഞമ്പുവിനും സി.പി.ഐയിലെ കുഞ്ഞനുമായിരുന്നു വിജയം. 60 ൽ മുസ്‌ലിം ലീഗിലെ ചെറുകോയതങ്ങളും കോൺഗ്രസിലെ കുഞ്ഞമ്പുവും ജയിച്ചു. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ മുസ്‌ലിം ലീഗിലെ വി.പി.സി തങ്ങൾ,എം.വി.ഹൈദ്രോസ് ഹാജി,കോൺഗ്രസിലെ എം.പി.ഗംഗാധരൻ,പി.ടി.മോഹനകൃഷ്ണൻ,സി.പി.എമ്മിലെ ഇ.കെ.ഇമ്പിച്ചിബാവ,പാലോളി മുഹമ്മദ്കുട്ടി തുടങ്ങിയവർ വിജയിച്ചു. എം.പി.ഗംഗാധരൻ മുന്നു തവണയും പാലോളി മുഹമ്മദ്കുട്ടി രണ്ടു തവണയുമാണ് പൊന്നാനിയിൽ വിജയിച്ചത്. 2011 മുതൽ രണ്ടു തെരഞ്ഞെടുപ്പുകളിലും പി.ശ്രീരാമകൃഷ്ണനാണ് വിജയം.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരേ സ്ഥാനാർത്ഥികൾ തന്നെയാണ് പൊന്നാനിയിൽ ഏറ്റുമുട്ടിയത്. ഇടതുമുന്നണിക്കായി പി.ശ്രീരാമകൃഷ്ണനും യു.ഡി.എഫിനായി കോൺഗ്രസിലെ പി.ടി.അജയമോഹനനും. രണ്ടു തവണയും ശ്രീരാമകൃഷ്ണനായിരുന്നു വിജയം. കഴിഞ്ഞ തവണ വിജയിച്ച് ശ്രീരാമകൃഷ്ണൻ നിയമസഭാ സ്പീക്കറായി. മുമ്പ് പൊന്നാനിയിൽ നിന്ന് വിജയിച്ച ഇ.കെ.ഇമ്പിച്ചബാവ,എം.പി.ഗംഗാധരൻ,പാലോളി മുഹമ്മദ്കുട്ടി എന്നിവർ മന്ത്രിമാരുമായിരുന്നു.
മുസ്‌ലിം ലീഗിന്റെ കുത്തക മണ്ഡലമായിരുന്ന താനൂർ കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷത്തേക്ക് ചാഞ്ഞത്. ലീഗ് സ്ഥാനാർഥികൾക്ക് വലിയ ഭൂരിപക്ഷം നൽകി വന്ന താനൂരിലെ വോട്ടർമാർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാറി ചിന്തിക്കുകയായിരുന്നു. പാർട്ടി ചിഹ്‌നത്തിൽ താനൂരിൽ വിജയിക്കാനാവില്ലെന്ന് മനസിലാക്കിയ സി.പി.എം. സ്വതന്ത്രനെ ഇറക്കിയാണ് ഇവിടെ അട്ടിമറി വിജയം നേടിയത്. പഴയ കോൺഗ്രസുകാരനായ വി.അബ്ദുറഹ്മാനെ സ്വതന്ത്രനാക്കി ഇറക്കി ലീഗിന്റെ തോരോട്ടത്തിന് ഇടതുപക്ഷം തടയിട്ടു.
മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാക്കൾ വമ്പൻ വിജയങ്ങൾ നേടിയിട്ടുള്ള ചരിത്രമാണ് താനൂരിലുള്ളത്. നിരവധി മന്ത്രിമാരും താനൂരിന് സ്വന്തമായിരുന്നു. 1957 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ വിവിധ കാലങ്ങളിലായി മുസ്‌ലിം ലീഗ് നേതാക്കളായ സി.എച്ച്.മുഹമ്മദ് കോയ, .എം.കെ ഹാജി,സയ്യിദ് ഉമ്മർ ബാഫക്കി തങ്ങൾ,യു.എ.ബീരാൻ,ഇ.അഹമ്മദ്,പി.സീതിഹാജി,കുട്ടി അഹമ്മദ് കുട്ടി, പി.കെ.അബ്ദുറബ്ബ്,അബ്ദുറഹ്മാൻ രണ്ടത്താണി എന്നീ പ്രമുഖ നേതാക്കൾ താനൂരിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. ഇവരിൽ പലരും താനൂരിനെ പ്രതിനിധീകരിക്കുമ്പോൾ മന്ത്രിമാരായിരുന്നവരാണ്.2006 ലും 2011 ലും അബ്ദുറഹ്മാൻ രണ്ടാത്താണിയാണ് വിജയിച്ചത്. 2016 ൽ മൂന്നാം വിജയത്തിനിറങ്ങിയ അബ്ദുറഹ്മാൻ രണ്ടത്താണിക്ക് കാലിടറി. സ്വതന്ത്രനായി എത്തിയ വി.അബ്ദുറഹ് മാൻ ആറു പതിറ്റാണ്ടോളം നീണ്ട മുസ്‌ലിം ലീഗിന്റെ വിജയകുതിപ്പിനെ പിടിച്ചുകെട്ടി.
താനൂർ നഗരസഭയും ഒഴൂർ,പൊൻമുണ്ടം,താനാളൂർ,നിറമരുതൂർ,ചെറിയമുണ്ടം പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് താനൂർ നിയമസഭാ മണ്ഡലം.
വോട്ടു നില
(പൊന്നാനി)-2016
പി. ശ്രീരാമകൃഷ്ണൻ (സി.പി.എം.) -69332
പി.ടി. അജയമോഹൻ (കോൺഗ്രസ്)-53692
കെ.കെ സുരേന്ദ്രൻ (ബി.ജെ.പി)-11662
എം.എം. ഷാക്കിർ (വെൽഫെയർ-2048
എം. മൊയ്തുണ്ണിഹാജി (പി.ഡി.പി-1857
അബ്ദുൾ ഫത്താഹ് (എസ്.ഡി.പി.ഐ-1659
പി.ശ്രീരാമകൃഷ്ണൻ ഭൂരിപക്ഷം-15640
വോട്ടുനില (താനൂർ)-2016
വി.അബ്ദുറഹ്മാൻ (എൽ.ഡി.എഫ്)-64472
അബ്ദുറഹ്മാൻ രണ്ടത്താണി (മുസ്‌ലിം ലീഗ്)-59554
പി.ആർ. രശ്മിൽനാഥ് (ബി.ജെ.പി)-11051
അഷറഫ് വൈലത്തൂർ (വെൽഫെയർ) -1291
മജീദ് ഖാസിമി (എസ്.ഡി.പി.ഐ) -1151
പി. അൻവർ (പി.ഡി.പി)-858






