ഫാസിസ്റ്റുകളുടെ പണക്കിഴിയിൽ ഭ്രമിച്ച് മറുകണ്ടം ചാടുന്ന രാഷ്ട്രീയക്കാർ ഞങ്ങളുടെ മണിക്കുട്ടനെ കണ്ടുപഠിക്കണം

ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയ മണിക്കുട്ടനെ പറ്റി ഡോ. അസീസ് തരുവണ എഴുതിയ കുറിപ്പ്.
 

മണിക്കുട്ടന്മാരെ കണ്ടു പഠിക്കുക

2011 ൽ , കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ വയനാട്ടിലെ ചെതലയത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസേർച്ചി (ITSR)ന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന കാലത്താണ് മണിക്കുട്ടനെ ആദ്യമായി കാണുന്നത്.

കൃത്യമായി പറഞ്ഞാൽ, ITSR ന്റെ ആഭിമുഖ്യത്തിൽ ബത്തേരി സെന്റ് മേരീസ് കോളേജിൽ വെച്ചുനടന്ന ബിരുദ -ബിരുദാനന്തര കോഴ്സുകൾക്ക് പഠിക്കുന്ന ആദിവാസി വിദ്യാർത്ഥികളുടെ ദ്വിദിന ക്യാമ്പിൽ വെച്ചായിരുന്നു ആ പ്രഥമകൂടി കാഴ്ച.

മണിക്കുട്ടൻ ക്യാമ്പ് അംഗമായിരുന്നില്ല; ക്യാമ്പ് അംഗങ്ങൾക്ക് ക്ലാസ്സ് എടുക്കുവാൻ വന്നതായിരുന്നു. ആദിവാസി കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സെടുക്കേണ്ടത് അവരിൽ പെട്ട ഒരാളായിരിക്കണം എന്ന ഉറച്ച ബോധ്യത്തിലാണ് MBA കഴിഞ്ഞ മണികുട്ട നേയും പണിയ സമുദായത്തിൽ നിന്ന് ആദ്യമായി MSW കഴിഞ്ഞ അനീഷിനേയും കാട്ടുനായ്ക്ക സമുദായത്തിൽ നിന്നുള്ള ആദ്യത്തെ MSW കാരനായ പ്രജോദിനേയും ക്ഷണിച്ചത്.

പഠനകാലത്ത് അവർ അനുഭവിച്ച പട്ടിണിയും കഷ്ടപ്പാടുകളും അവഹേളനങ്ങളും കടുത്ത നിന്ദയും വിവരിച്ചപ്പോൾ സദസ്സിൽ നിന്നുയർന്ന വിതുമ്പലുകൾ ഇന്നും ഓർക്കുന്നു.അതിനു ശേഷം നല്ലൂർ നാട് അംബേദ്ക്കർ റസിഡൻഷ്യൽ സ്കൂളിൽ വെച്ചു നടന്ന ക്യാമ്പിലും ഇവർ മൂന്നുപേരും ക്ലാസ്സെടുക്കുകയുണ്ടായി. അന്ന് ഈ മൂന്ന് പേർക്കും സ്ഥിര ജോലി ലഭിച്ചിരുന്നില്ല.

ക്യാമ്പ് ഉദ്ഘാടനം ചെയ്തത് മന്ത്രി ജയലക്ഷ്മിയായിരുന്നു. ഉദ്ഘാടനത്തിനു വന്ന മന്ത്രിയോട് മൂന്നുപേരുടേയും ജോലിക്കാര്യത്തെപ്പറ്റി ഞാൻ സംസാരിക്കുകയുണ്ടായി. പ്രിമിറ്റീവ് ട്രൈബിനു അനുവദിച്ച 100 കോടിയുടെ പ്രോജക്ടിൽ താൽക്കാലിക ജോലി എന്നതായിരുന്നു ആവശ്യം. നിഷേധാത്മകമായിരുന്നു മന്ത്രിയുടെ മറുപടി. ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് മുതൽ രണ്ടു മൂന്ന് നേതാക്കൾ ആ പോസ്റ്റിനു വേണ്ടി റെക്കമെന്റ് ചെയ്ത ആദിവാസിയല്ലാത്ത ചിലർക്ക് ആ പോസ്റ്റ് ഉറപ്പിച്ചു പോയതായി മന്ത്രി അറിയിച്ചു...

എം.ബി.എ കഴിഞ്ഞ പണിയ സമുദായത്തിൽ നിന്നുള്ള ഏക വ്യക്തിയാണ് മണിക്കുട്ടൻ. ഇപ്പോഴും സ്ഥിര ജോലിയായിട്ടില്ല. താൽക്കാലിക ജീവനകാരനാണ്. മന്ത്രി പറഞ്ഞവിധം , ആദിവാസികളിൽ നിന്നുള്ള വിദ്യാസമ്പന്നർക്ക് നിശ്ചയമായും നൽകേണ്ട ഉദ്യോഗങ്ങൾ പോലും മറ്റുള്ളവർ സ്വാധീനമുപയോഗിച്ച് തട്ടിയെടുക്കുകയാണ്.

മണിക്കുട്ടൻ ഉൾപ്പെടുന്ന പണിയ സമുദായം ഇന്നും നമ്മുടെ 'കേരള മോഡൽ വികസന സങ്കൽപ്പത്തിൽ നിന്നും ബഹുദൂരം പിന്നിലിലാണ്. 92000 ഓളം വരുന്ന ഈ സമുദായത്തിൽ സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഒരു കുടുംബം പോലുമില്ല. 50 ൽ ചുവടെ പേർക്കേ ഇപ്പോഴും സർക്കാർ ജോലിയുള്ളു. വിദ്യാഭ്യാസപരമായും ഇവർ ഏറെ പിന്നിലാണ്.

പൊതു വിദ്യാലയങ്ങളിൽ പോയി വിദ്യാഭ്യാസം നേടുന്ന ഒന്നാമത്തെ യോ രണ്ടാമത്തെയോ തലമുറയാണ് മണി ക്കുട്ടന്റേത്. കാരണം 1970 കളുടെ ആരംഭകാലം വരെ പണിയ സമുദായം ബോണ്ടഡ് ലേബർ ആയിരുന്നു. അടിമകൾ.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിൽ പോലും വിൽക്കുവാനും വാങ്ങുവാനും പണയം വെക്കുവാനും കഴിയുന്ന 'വസ്തു'വായിരുന്നു പണിയ സമുദായം. (ഈ സമുദായത്തിൽ പെട്ടവരെ വിൽക്കുകയും വാങ്ങുകയും പണയം വെക്കുകയും ചെയ്തതിന്റെ രേഖകൾ ലഭ്യമാണ് - കൂടുതൽ വിവരങ്ങൾക്ക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എന്റെ വയനാട്ടിലെ ആദിവാസികൾ : ചരിത്രവും വർത്തമാനവും എന്ന പുസ്തകം കാണുക)

കുറിച്ച്യർ അടക്കമുള്ള ആദിവാസികൾ പോലും ഇവരോട് സമീപകാലം വരെ അയിത്തം പാലിച്ചിരുന്നു (കുറിച്യ സമുദായാംഗമായ മുൻ മന്ത്രി ജയലക്ഷ്മി ഈയിടെ ഒരു അഭിമുഖത്തിൽ, തങ്ങൾ ആചാരാനുഷ്ഠാനങ്ങൾ മുറതെറ്റാതെ പാലിക്കുന്നവരാണെന്ന് പറയുന്നത് കേട്ടു - മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡു നേടിയ പണിയ സമുദായാംഗമായ ബോളേട്ടൻ ജയലക്ഷ്മിയുടെ വീട്ടിൽ പോയപ്പോൾ അനുഭവിച്ച 'ആചാരപര മായ 'അനുഭവം ഓർക്കുന്നു...)

ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ പോലും പണിയരുടെ പ്രാതിനിധ്യം അംഗുലീപരിമിതമാണ്. നിയമസഭയിലേക്കോ ലോകസഭയിലേക്കോ ഇന്നേവരെ ഒരു മുന്നണിയും പണിയ സമുദായത്തെ പരിഗണിച്ചിട്ടില്ല. ജനസംഖ്യാപരമായി പണിയരുടെ പകുതി പോലും അംഗസംഖ്യയില്ലാത്ത കുറിച്യ സമുദായത്തെ യാണ് ഇരു മുന്നണികളും ഇത്തവണയും പരിഗണിച്ചിരിക്കുന്നത്. മല നമ്പൂതിരിമാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആദിവാസികളിലെ മുന്നോക്കക്കാരാണ് കുറിച്യർ.

ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള സമുദായമാണ് കുറിച്യ വിഭാഗം. ഒട്ടും സ്വാധീനമില്ലാത്ത സമൂഹമാകട്ടെ പണിയരും (പള്ളിയറ രാമൻ എന്ന കുറിച്യ മൂപ്പൻ BJP യുടെ വയനാടു ജില്ലാ പ്രസിഡണ്ട് വരെയായിട്ടുണ്ട്.)

അതിനാൽ പണിയരെ പാട്ടിലാക്കുവാനുള്ള എല്ലാ അടവുകളും ഇപ്പോൾ സംഘ്പരിവാർ പയറ്റി കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് വള്ളിയൂർകാവ് ക്ഷേത്രോത്സവ ദിവസം പണിയരേയും അടിയരേയും അടിമകളാക്കി വിൽപ്പന നടത്തിയ സവർണ തമ്പുരാക്കന്മാർ അവരുടെ അധികാരം നിലനിർത്തുന്നതിനു വേണ്ടി കപട സ്നേഹവും മുതല കണ്ണീരുമായി പണിയ - അടിയ വിഭാഗത്തിൽ പെട്ടവരുടെ അടുത്തേക്ക് നിരന്തരം പോയ് കൊണ്ടിരിക്കുകയാണ്. ഇത്തരക്കാർ ഒരുക്കുന്ന ചതിക്കുഴികൾ തിരിച്ചറിയുവാൻ പണ്ട് അടിയ ആദിവാസി മൂപ്പനും ഗദ്ദിക കലാകാരനുമായ പി.കെ കാളൻ ആഹ്വാനം ചെയ്തത് ( ദേശാഭിമാനിയിൽ എഴുതിയ ലേഖനം) ഓർക്കുന്നു.

വൻ സാമ്പത്തിക ഓഫറുകളും ജോലി വാഗ്ദാനങ്ങളുമായാണ് ഇപ്പോൾ BJP - RSS പ്രതിനിധികൾ ഈ പാവങ്ങളെ സമീപിച്ചു കൊണ്ടിരിക്കുന്നത്. സാമ്പത്തീകമായി ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും സ്ഥിരമായി ഒരു ജോലി ഇല്ലാതിരുന്നിട്ടും എന്റെ പ്രിയപ്പെട്ട സുഹൃത്ത് മണിക്കുട്ടൻ പുല്ലു പോലെ ആ ഓഫറുകളെ തട്ടി മാറ്റി എന്നത് ചെറിയ കാര്യമല്ല.

(കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ഞാനിട്ട ഒരു ഫേസ് ബുക്ക് പോസ്റ്റിൽ പണിയ വിഭാഗത്തിൽ പെട്ട വിദ്യാസമ്പന്നരെ സ്ഥാനാർഥികളായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല...)

ഇന്നലെ രാത്രി വൈകിയവേളയിൽ സംസാരിച്ചപ്പോഴും മണിക്കുട്ടൻ ഞാനെന്റെ സമുദായത്തെ ഒറ്റുകൊടുക്കുകയില്ലായെന്നും എന്റെ രാഷ്ട്രീയം അവരുടേതുമായി ഒത്തു പോവില്ലെന്നും പറഞ്ഞ കേട്ടപ്പോഴുണ്ടായ ആഹ്ളാദം പറഞ്ഞറിയിക്കുവാനാകാത്തതാണ്.

മണിക്കുട്ടന്റെ ഇടം ഫാസിസ്റ്റുകളുടെ കൂടാരമല്ല; ജനാധിപത്യവാദികളോടൊപ്പമാണ്. ഇനിയുമവർ കള്ളച്ചിരികളുമായി , ചതി കാട്ടാനായി മണി കുട്ടന്മാരെ സമീപിക്കും. മണികുട്ടനടക്കം ആർജ്ജിച്ച കീഴാള വിമോചന രാഷ്ട്രീയം എന്തെന്ന് അവർക്ക് ഇനിയും മനസ്സിലായിട്ടില്ല. അവരുടെ പൂർവ്വീകർ പിന്നിട്ട നരക പഥങ്ങളെപ്പറ്റി അവരിന്ന് ബോധവാന്മാരാണ് :

'മനുവിനെ

മുറ്റത്തെ ആര്യവേപ്പിൽ

തലകീഴായി കെട്ടി തൂക്കി

ഞാനയാളുടെ

രക്തധമനികൾ

കുത്തി കീറിനോക്കും.

എന്റെ പൂർവ്വീകരുടെ

എത്ര രക്തമയാൾ

കുടിച്ചിട്ടുണ്ട്

എന്നറിയാൻ ...

എന്ന് ജയന്ത് പാർമർ എന്ന ഗുജറാത്തി ദലിത് കവി.

ഫാസിസ്റ്റുകൾ നീട്ടുന്ന പണക്കിഴിയിൽ ഭ്രമിച്ച് മറുകണ്ടം ചാടുന്ന മുഖ്യധാരാ രാഷ്ട്രീയക്കാർ ഞങ്ങളുടെ സ്വന്തം മണിക്കുട്ടൻ എന്ന ആത്മാഭിമാനിയായ ആദിവാസി സുഹ്യത്തിനെ കണ്ടു പഠിക്കണം...

Latest News