ലതികയുടെ അടുത്ത നീക്കം സസ്പെന്‍സ്; അച്ചടക്ക നടപടി സ്വീകരിക്കാന്‍ തയാർ

തിരുവനന്തപുരം - കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയിലുള്ള തന്‍റെ പ്രതിഷേധം  അച്ചടക്ക ലംഘനമാണെങ്കില്‍ പാർട്ടി അച്ചടക്ക നടപടി നേരിടാൻ തയാറാണെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതിക സുഭാഷ്.

ലതിക സുഭാഷ് എന്ന വ്യക്തിയേയല്ല, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെയാണ് അപമാനിച്ചതെന്നും  വൈപ്പിന്‍ തന്നിരുന്നെങ്കില്‍ അതു സ്വീകരിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു.

പാര്‍ട്ടി ആസ്ഥാനത്തിനു മുന്‍പില്‍ കസേരയിട്ട് ഇരുന്നുള്ള തലമുണ്ഡനം കോണ്‍ഗ്രസി‍ല്‍ വലിയ വിവാദമായിരിക്കയാണ്. അവരോടുള്ള സഹതാപത്തോടൊപ്പം ലതികക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. 

ദല്‍ഹിയില്‍നിന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാർഥി പട്ടിക വായിച്ചപ്പോള്‍ തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനത്ത് ടിവിയില്‍ അതു കണ്ടിരുന്ന ലതിക സുഭാഷ് വൈപ്പിനിലും സ്ഥാനാര്‍ഥിയല്ലെന്ന് അറിഞ്ഞതോടെയാണ്  നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതകരിച്ചത്. ലതിക ഏറ്റുമാനൂരില്‍ വിമത സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത നിലനില്‍നില്‍ക്കുന്നുണ്ട്. ആരുമായും ചര്‍ച്ചയ്ക്കില്ലെന്ന് സൂചിപ്പിച്ച അവർ തിങ്കളാഴ്ച നിലപാട് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മറ്റൊരു പാർട്ടിയിലേക്കുമില്ലെന്ന് അവർ ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News