തെരഞ്ഞെടുപ്പ് പ്രചാരണം: പ്രിന്റിംഗ് പ്രസ്സുകളും സ്ഥാനാർഥികളും നിർദേശങ്ങൾ പാലിക്കണം

കണ്ണൂർ- നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നോട്ടീസുകൾ, പോസ്റ്ററുകൾ, ലഘുലേഖകൾ, സ്റ്റിക്കറുകൾ, തുടങ്ങിയവ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രസ് ഉടമകളും സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും കർശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടു.
അച്ചടിക്കുമ്പോഴും പകർപ്പുകൾ എടുക്കുമ്പോഴും പ്രസ്സിന്റെയോ കോപ്പി എടുക്കുന്ന സ്ഥാപനത്തിന്റെയോ പേരും വിലാസവും, പ്രസാധകന്റെ പേരും വിലാസവും, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം, പ്രിന്റിംഗ് ചെലവ് എന്നിവ താഴ്ഭാഗത്ത് പ്രസിദ്ധീകരിക്കണം. നോട്ടീസും മറ്റും പ്രസിദ്ധീകരിക്കാനെത്തിയ ആളെ തനിക്ക് നേരിട്ടറിയാമെന്ന് രണ്ടുപേർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തിന്റെ രണ്ടു പ്രതികൾ പ്രസ്സുടമ പ്രസാധകനിൽ നിന്ന് വാങ്ങിയിരിക്കണം.
പ്രിന്റ് ചെയ്ത് മൂന്ന് ദിവസത്തിനകം, അച്ചടി രേഖയുടെ നാലു പകർപ്പുകൾ, അച്ചടിക്കാനെത്തുന്ന സ്ഥാനാർഥിയെയോ പ്രതിനിധിയെയോ പ്രസാധകന് നേരിട്ടറിയാമെന്നു കാണിക്കുന്ന സത്യവാങ്മൂലം എന്നിവ നിശ്ചിത ഫോറത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർക്ക് സമർപ്പിക്കണം. അച്ചടിക്ക് ഓർഡർ നൽകിയ തിയതി, അച്ചടിച്ചു നൽകിയ തിയ്യതി, പ്രിന്റ് ചെയ്ത സാധനത്തിലെ ഉള്ളടക്കത്തിന്റെ ചുരുക്കം, പ്രിന്റിംഗിന് ഈടാക്കിയ തുക തുടങ്ങിയ വിവരങ്ങളും ജില്ലാ കലക്ടറെ അറിയിക്കണം. ഇതിനുള്ള ഫോറങ്ങൾ തെരഞ്ഞെടുപ്പ് വിഭാഗം എക്‌സ്‌പെന്റീച്ചർ സെല്ലിൽ ലഭിക്കും.
നിയമവിരുദ്ധമോ, ജാതിമത വികാരങ്ങൾ ഇളക്കിവിടുന്നതോ, അവയുടെ പേരിൽ വോട്ടുചോദിക്കുന്നതോ, എതിർ സ്ഥാനാർഥിയെ സ്വഭാവഹത്യ നടത്തുന്നതോ ആയ പരാമർശങ്ങൾ അച്ചടിക്കപ്പെടുന്ന രേഖകളിലില്ല എന്ന് സ്ഥാനാർഥികളും പാർട്ടികളും ഉറപ്പുവരുത്തണം. ഏതെങ്കിലും സ്ഥാനാർഥിയുടെ പേരില്ലാതെ പ്രസിദ്ധീകരിക്കുന്നവ പാർട്ടിയുടെ ചെലവിൽ വകയിരുത്തും. 
നടപടിക്രമങ്ങളിൽ വീഴ്ചവരുത്തുന്ന പ്രസ്സുകൾക്കും സ്ഥാനാർഥികൾക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. 
1951 ലെ ജനപ്രാതിനിധ്യ നിയമം 127എ പ്രകാരം ആറുമാസം തടവോ പിഴയോ അവ രുമോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്.
 

Latest News