പരിചയങ്ങൾ പുതുക്കി പെരിന്തൽമണ്ണയിലെ ഇടതുസ്ഥാനാർഥി  

പെരിന്തൽമണ്ണ- പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് പ്രവർത്തകർക്ക് ആവേശം പകർന്നു ഇടതുമുന്നണി സ്ഥാനാർഥി കെ.പി.എം. മുസ്തഫയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെത്തി പരിചയം പുതുക്കുവാനും വോട്ടഭ്യർഥിക്കുവാനുമുള്ള തിരക്കിലായിരുന്നു ഇന്നലെ ഇടതുസ്ഥാനാർഥി. രാവിലെ തനിക്ക് ദീർഘകാല ബന്ധമുള്ള നാലകത്ത് മാനുഹാജിയെ വീട്ടിലെത്തി വോട്ടഭ്യർഥിച്ചാണ് മുസ്തഫ പര്യടനം തുടങ്ങിയത്. പിന്നാലെ നാലകത്ത് മുഹമ്മദ്കുട്ടിയുടെയും വീട്ടിലെത്തി. ഇതിനിടയിൽ ന്യൂക്ലീയസ് ഗ്രൂപ്പിന്റെ ഡയറക്ടറായ നിഷാദിനൊപ്പം പര്യടനത്തിനിടയിൽ ഏതാനും സമയം ചെലവിട്ടു. താഴേക്കോട് പഞ്ചായത്തിലെ മേലേക്കളത്ത് വോട്ടഭ്യർഥിച്ച് എത്തിയപ്പോൾ അവിടുത്തെ കുടിവെള്ള പ്രശ്‌നങ്ങളെക്കുറിച്ചു പരാതിയുമായി നാട്ടുകാരെത്തി. എല്ലാം കേട്ട് മനസ്സിലാക്കി പ്രശ്നപരിഹാരത്തിനു കൂടെയുണ്ടാകുമെന്ന ഉറപ്പും നൽകിയാണ് സ്ഥാനാർഥി മടങ്ങിയത്. പ്രചാരണത്തിനിടയിൽ വെള്ളപ്പാറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെത്തിയ മുസ്തഫ, ഫാ. ബെന്നി കാരക്കാട്, എസ്.കെ.ഡി മഠത്തിലെ സി. ആൻമരിയ എന്നിവരെ സന്ദർശിച്ചു. ഇടവകാംഗങ്ങളും ഉണ്ടായിരുന്നു. എല്ലാവരോടുമൊപ്പം ഏതാനും സമയം ചെലവഴിച്ചു പിന്തുണ തേടിയ ശേഷം അടുത്ത സ്ഥലത്തേക്ക് നീങ്ങി.
പുലാമന്തോൾ പഞ്ചായത്തിലെ പര്യടനത്തിനിടയിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ക്യാപ്റ്റൻ പാലൂരിലെ നിരഞ്ജന്റെ വീട്ടിലുമെത്തി. നിരഞ്ജന്റെ ഭാര്യ ഡോ. കെ.ജി. രാധികയെയും കുടുംബത്തെയും മുസ്തഫ സന്ദർശിച്ചു. അവരുടെ വല്യച്ഛൻ പാലൂർ ഉണ്ണികൃഷ്ണ പണിക്കരെയും കണ്ടു പിന്തുണ തേടിയ ശേഷമാണ് മുസ്തഫ മടങ്ങിയത്.
 

Latest News