കോഴിക്കോട് -കേരളത്തിന്റെ ചിരകാല ആവശ്യമായ അറബിക് സർവകലാശാല സ്ഥാപിക്കുന്നത് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തണമെന്ന് അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറം (അലിഫ്) സംഘടിപ്പിച്ച ചർച്ച സംഗമം ആവശ്യപ്പെട്ടു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയ സംഭാവനകൾ നൽകുന്ന അറബ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിന് പുതിയ മെച്ചപ്പെട്ട തൊഴിൽ ലഭ്യതക്ക് അറബി ഭാഷാ പ്രാവീണ്യം ഗുണം ചെയ്യും. കൂടാതെ വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിപ്പിക്കാനും അറബിക് സർവകലാശാല സ്ഥാപിക്കുന്നതിലൂടെ സാധിക്കും.
ഇത് സംബന്ധമായി അലിഫ് പ്രതിനിധിസംഘം മുഖ്യമന്ത്രി പിണറായി വിജയൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സി. സിദ്ദീഖ് എന്നിവർക്ക് നിവേദനം നൽകി.
സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്ഘാടനം ചെയ്തു. അറബിക് യൂനിവേഴ്‌സിറ്റിയും സർക്കാർ നിലപാടുകളും എന്ന വിഷയം ഇസ്മാഈൽ മാസ്റ്റർ പാനൂർ അവതരിപ്പിച്ചു. ഡോ. ഫസലുറഹ്മാൻ, ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം, യൂസഫ് മിസ്ബാഹി, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, അനസ് അമാനി തളിപ്പറമ്പ്, ഡോ. ശാഫി അസ്ഹരി മെരുവമ്പായി തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി. അബ്ദുൽ ജലീൽ അസ്ഹരി മേൽമുറി, തറയിട്ടാൽ ഹസൻ ബാവ സഖാഫി, മാലിക് ഉസ്മാൻ അസ്ഹരി തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. അമീൻ മുഹമ്മദ് സഖാഫി സ്വാഗതവു ഡോ. അബൂബക്കർ നിസാമി നന്ദിയും പറഞ്ഞു.






