മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലളിത സുഭാഷ് രാജിവെച്ചു, തല മുണ്ഡനം ചെയ്തു

തിരുവനന്തപുരം- കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലളിത സഭാഷ് രാജിവെച്ചു. വാർത്താ ലേഖകരോട് സംസാരിച്ച ശേഷം കെ.പി.സി.സി ആസ്ഥാനത്തിനു പുറത്തുവെച്ച് അവർ തലമുണ്ഡനം ചെയ്തു. ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്ന് അവർ വ്യക്തമാക്കി. നേരത്തെ ബി.ജെ.പിയില്‍ ചേരുമെന്ന പ്രചാരണമുണ്ടായിരുന്നു. നാട്ടിലെത്തി പാർട്ടി പ്രവർത്തകരുമായി ആലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ലതികാ സുഭാഷ് പറഞ്ഞു.

ലളിതാ സുഭാഷുമായി സംസാരിച്ചിരുന്നുവെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്തയിരുന്നുവെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ദല്‍ഹിയില്‍ പറഞ്ഞു.

അഭിമാനത്തോടെ, കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക കേട്ടപ്പോൾ വനിതയെന്ന നിലയിൽ ഏറെ ദുഃഖമുണ്ടെന്ന് ലളിത സുഭാഷ് പറഞ്ഞു.  മഹിളാകോൺഗ്രസ് 20 ശതമാനം സീറ്റ് വനിതകൾക്കു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20 ശതമാനം നൽകിയില്ലെങ്കിൽപ്പോലും ഒരു ജില്ലയിൽനിന്ന് ഒരാളെന്ന നിലയിൽ 14 വനിതകളെങ്കിലും പട്ടികയിലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു.

പ്രസ്ഥാനത്തിനു വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളുണ്ട്. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് കെപിസിസി സെക്രട്ടറി രമണി പി.നായർ ഉൾപ്പെടെ തഴയപ്പെട്ടു. ‌എന്നും പാർട്ടിക്കു വേണ്ടി പണിയെടുക്കുന്ന, തെരഞ്ഞെടുപ്പിനു വേണ്ടി ഓടി നടന്ന വനിതാ നേതാക്കളെയെല്ലാം വിട്ടുകളഞ്ഞു. പാർട്ടിക്കു വേണ്ടി അലയുന്ന വനിതകളെ ഉൾപ്പെടുത്തിയില്ല എന്നതു സങ്കടകരമാണ്. മുൻ മഹിളാകോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്ക് കൊല്ലത്തു പേര് ഉറപ്പിക്കുന്നതിനു വേണ്ടി ഇന്നലെ കണ്ണീരണിയേണ്ടി വന്നു. കായംകുളത്ത് അരിതയ്ക്കും അരൂരിൽ ഷാനി മോൾക്കും അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്.

താന്‍ ഏറ്റുമാനൂർ സീറ്റ് ആഗ്രഹിച്ചിരുന്നുവെന്ന് അവർ പറഞ്ഞു.  16 വയസ്സു മുതൽ ഈ പാർട്ടിക്കൊപ്പം നിന്നയാളാണ്. ഇന്ന് എംഎൽഎമാരായിരിക്കുന്ന പലരേക്കാളും അധികകാലം കോൺഗ്രസിനെ സേവിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി ഓരോ തെരഞ്ഞെടുപ്പിലും എന്റെ പേര് വന്നു പോവാറുള്ളതാണ്. പക്ഷേ പട്ടിക വരുമ്പോൾ എന്റെ പേര് കാണാറില്ല. അപ്പോഴും പാർട്ടിക്കു വേണ്ടി നിസ്വാർഥമായി ജോലിയെടുത്തിരുന്നു. ‌ഒരു വിവാഹിതയായ സ്ത്രീ ആഗ്രഹിക്കാത്ത താലിയെ വരെ ചോദ്യം ചെയ്യുന്ന കമന്റുകൾ ഒരിക്കൽ ഒരു വിവാദത്തിന്റെ പേരിൽ വന്നിരുന്നു. പാർട്ടിക്കു വേണ്ടി അതും നേരിടേണ്ടി വന്നു.

ഏറ്റുമാനൂരിൽ കൈപ്പത്തി അടയാളത്തിൽ കോൺഗ്രസ് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതാണ്. എനിക്കും ആഗ്രഹമുണ്ടായിരുന്നു മത്സരിക്കാൻ. ആറു വയസ്സു മുതൽ ഉമ്മൻചാണ്ടിയെ കണ്ടാണു പഠിച്ചത്. ഇരുപത്തിനാലാം വയസ്സു മുതൽ രമേശ് ചെന്നിത്തലയുടെ പേര് ആവേശത്തോടെ പറയുന്ന ആളാണ്. നേതാക്കളോടെല്ലാം പറഞ്ഞതാണ് ഏറ്റുമാനൂർ സീറ്റ് പിടിക്കണമെന്ന്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയട്ടെ, ഏറ്റുമാനൂർ സീറ്റ് കിട്ടുമോയെന്നു നോക്കാമെന്നാണു പറഞ്ഞത്. പിന്നീടെന്തു സംഭവിച്ചെന്നറിയില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.

 

 

Latest News